യമനില്‍ സര്‍ക്കാര്‍ സൈനിക ക്യാംപിന് നേരെ ഹൂതി മിസൈലാക്രമണം; 53 മരണം, 200 പേര്‍ക്ക് പരിക്ക്

യമനില്‍ സര്‍ക്കാര്‍ സൈനിക ക്യാംപിന് നേരെ ഹൂതി മിസൈലാക്രമണം; 53 മരണം, 200 പേര്‍ക്ക് പരിക്ക്

സനാ: യമനിലെ ഷബ്വാ പ്രവിശ്യയിലുള്ള സര്‍ക്കാര്‍ സേനയുടെ പരിശീലന ക്യാംപിന് നേരെ ഹൂതി ഭീകരര്‍ നടത്തിയ അതിശക്തമായ മിസൈലാക്രമണത്തില്‍ 53 സൈനികര്‍ കൊല്ലപ്പെട്ടു. 200 ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. എണ്ണ-വാതക സമ്പന്നമായ ഷബ്വാ പ്രവിശ്യയിലെ അല്‍ ആലം സൈനിക ക്യാംപിന് നേരെയാണ് ആക്രമണമുണ്ടായത്. സൈനികര്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്ന സമയത്ത് ഹൂതികള്‍ മൂന്ന് ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിടുകയായിരുന്നുവെന്ന് പ്രാദേശിക ഭരണകൂട വൃത്തങ്ങള്‍ വ്യക്തമാക്കി.
രാജ്യത്തെ ഏറ്റവും വലിയ വ്യാവസായിക നിക്ഷേപമായ ബല്‍ഹാഫ് ദ്രവീകൃത പ്രകൃതി വാതക പ്ലാന്റ് സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാന മേഖലയാണ് ഷബ്വ.

സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് മുന്‍കരുതലെന്ന നിലയില്‍ ഫ്‌ളൈ ദുബായ് അബ്ഹ, ദമാം, റിയാദ് എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ ഈ മാസം 24 വരെ റദ്ദാക്കി. ഖത്തര്‍ എയര്‍വേയ്‌സും 24 വരെയുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഷബ്വയില്‍ നിന്ന് ഹൂതികളുടെ അധീനതയിലുള്ള അല്‍ ബെയ്ദയിലേക്കുള്ള റോഡ് തകര്‍ക്കപ്പെട്ടു.
ഹൂതികള്‍ക്കെതിരായ പോരാട്ടത്തില്‍ സൗദി അറേബ്യയെ സൈനികമായി സഹായിക്കാന്‍ തയ്യാറാണെന്ന് ഈജിപ്ത് പ്രഖ്യാപിച്ചിരുന്നു. ഇതിനായി സൈന്യത്തെ നിയോഗിക്കുന്നതിന് അടിയന്തര പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താ അല്‍ സിസി അഭ്യര്‍ഥിച്ചു. ചെങ്കടലിലെ സുരക്ഷാ വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യുന്നതിനായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കഴിഞ്ഞ മാസം ഈജിപ്ത് സന്ദര്‍ശിച്ച് പ്രസിഡന്റ് സിസിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

അതേസമയം മേഖലയില്‍ സംഘര്‍ഷം പുകയുന്നതിനിടെ, ഹോര്‍മുസ് കടലിടുക്കില്‍ മൈനില്‍ തട്ടി ഒരു എണ്ണക്കപ്പല്‍ പൊട്ടിത്തെറിച്ചതായി ഇറാന്‍ നാവികസേന വെളിപ്പെടുത്തി. ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാന്‍ യമന്‍ സര്‍ക്കാര്‍ സൈന്യം ഈ മാസം പ്രത്യേക സൈനിക നീക്കം ശക്തമാക്കിയിരുന്നു. എന്നാല്‍ ഇതിന് തിരിച്ചടിയെന്നോണം തന്ത്രപ്രധാനമായ കപ്പല്‍പ്പാതയായ ബാബ് അല്‍ മന്ദബ് കടലിടുക്കിന് സമീപത്തേക്ക് മുന്നേറിയ ഹൂതികള്‍, തെക്കന്‍ മലനിരകളിലെ പ്രധാന നഗര കേന്ദ്രമായ തായിസ് വളഞ്ഞിരിക്കുകയാണ്. 2014 ല്‍ ഹൂതി വിമതര്‍ തലസ്ഥാനമായ സന പിടിച്ചെടുത്തതോടെ ആരംഭിച്ച യമന്‍ ആഭ്യന്തരയുദ്ധം ഈ ആക്രമണത്തോടെ വീണ്ടും അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.