തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം ശക്തി പ്രാപിച്ചതിനെ തുടര്‍ന്ന് തെക്കന്‍ കേരളത്തില്‍ വ്യാപകമായി അതിശക്തമായ മഴ തുടരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നി ആറ് ജില്ലകളിലാണ് മഴയുടെ തീവ്രത കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലയോര, തീരദേശ മേഖലകളില്‍ മഴ ശക്തമായതിനാല്‍ നദികള്‍ കരകവിഞ്ഞൊഴുകുകയും ഡാമുകളുടെ ജലനിരപ്പ് ഉയരുകയും ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം അരുവിക്കര ഡാമിന്റെയും ഇടുക്കി കല്ലാര്‍ ഡാമിന്റെയും ഷട്ടറുകള്‍ ഇതിനോടകം തുറന്നിരുന്നു. കല്ലാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ 20 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്. ഡാമുകളുടെ ഇരുകരകളില്‍ താമസിക്കുന്നവര്‍ കര്‍ശന ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്.
തിരുവനന്തപുരം വിതുര, പൊന്മുടി മേഖലകളില്‍ കനത്ത മഴ തുടരുന്നതിനാല്‍ വാമനപുരം നദിയിലെ ജലനിരപ്പ് ഉയര്‍ന്ന് രണ്ട് ചെറിയ പാലങ്ങള്‍ വെള്ളത്തിനടിയിലായി. ചാത്തന്നൂരില്‍ ദേശീയപാതയിലും സര്‍വീസ് റോഡിലും വലിയ വെള്ളക്കെട്ട് രൂപപ്പെട്ടത് യാത്രക്കാരെ ദുരിതത്തിലാഴ്ത്തി. അടുത്ത മൂന്ന് മണിക്കൂറുകളിലും മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ പത്ത് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അപകടസാധ്യതയെ തുടര്‍ന്ന് യാത്രാഗതാഗതത്തിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊച്ചി-ധനുഷ്കോടി ദേശീയപാത 85-ല്‍ അടിമാലി-മൂന്നാര്‍ റൂട്ടിലെ രണ്ടാം മൈലില്‍ വന്‍ പാറ റോഡിലേക്ക് പതിച്ചതിനെ തുടര്‍ന്ന് ഈ വഴിയുള്ള വാഹനഗതാഗതം പൂര്‍ണമായി നിരോധിച്ചു. ദേശീയപാത നിര്‍മാണത്തിനായി മണ്ണ് നീക്കുന്നതിനിടെയാണ് കൂറ്റന്‍ പാറ പതിച്ചത്. പ്രദേശത്ത് അപകടകരമായി നില്ക്കുന്ന മറ്റു പാറകളും മരങ്ങളും സുരക്ഷിതമായി നീക്കം ചെയ്യാന്‍ മൂന്ന് ദിവസമെടുക്കുമെന്നാണ് വിലയിരുത്തല്‍. സുരക്ഷാ ഭീഷണി പൂര്‍ണമായും ഒഴിവാകുന്നത് വരെ ഗതാഗത നിരോധനം തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.