ന്യൂഡല്‍ഹി: ഒരു പരിഹാസത്തില്‍ നിന്ന് തുടങ്ങി രാജ്യമെമ്പാടും അതിവേഗം ശ്രദ്ധ നേടിയ സിജെപിയ്ക്ക് പിന്നിലെ യഥാര്‍ത്ഥ സൂത്രധാരന്മാര്‍ താനല്ലെന്ന് വെളിപ്പെടുത്തി സ്ഥാപകന്‍ അഭിജിത് ദീപ്കെ. പാര്‍ട്ടിയുടെ പ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടിരുന്നത് നിലവില്‍ ജയിലില്‍ കഴിയുന്ന സഹ-കണ്‍വീനര്‍മാരായ അശുതോഷ് റാങ്കയും സൗരവ് ദാസുമാണെന്നും, താന്‍ അവരുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുക മാത്രമാണ് ചെയ്തിരുന്നതെന്നും ദീപ്കെ വ്യക്തമാക്കി. ദസറ ദിനത്തില്‍ അനുയായികള്‍ക്കായി പുറത്തുവിട്ട വികാരഭരിതമായ വീഡിയോ സന്ദേശത്തിലാണ് അദേഹം ഈ നിര്‍ണായക വിവരങ്ങള്‍ പങ്കുവെച്ചത്.
അഷുവും സൗരഭും തന്റെ സഹോദരങ്ങളെപ്പോലെയാണെന്നും പുറമെനിന്ന് നോക്കുന്നവര്‍ക്ക് താന്‍ നേതാവാണെന്ന് തോന്നാമെങ്കിലും പ്രസ്ഥാനത്തെ കൃത്യമായി മുന്നോട്ട് നയിച്ചത് അവരാണെന്നും ദീപ്കെ പറഞ്ഞു. തനിക്കേക്കാള്‍ മികച്ച തീരുമാനങ്ങളെടുക്കാനും കാര്യങ്ങള്‍ ഏകോപിപ്പിക്കാനും കഴിവുള്ളവരാണ് ഇരുവരുമെന്ന് വിശ്വസിച്ചതുകൊണ്ടാണ് അവര്‍ പറഞ്ഞ വഴിയേ താന്‍ സഞ്ചരിച്ചതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ഇരുവരുടെയും അറസ്റ്റില്‍ പ്രവര്‍ത്തകര്‍ കടുത്ത അമര്‍ഷത്തിലാണെങ്കിലും, യാതൊരു കാരണവശാലും പ്രകോപിതരാകുകയോ വിദ്വേഷത്തിന്റെ പാത തിരഞ്ഞെടുക്കുകയോ ചെയ്യരുതെന്ന് ദീപ്കെ പ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ചു.
തിരിച്ചടികളിലും പ്രകോപനങ്ങളിലും വീഴാതെ സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും കരുണയുടെയും പാതയില്‍ ഉറച്ചുനില്‍ക്കണമെന്നും ഈ ഘട്ടത്തില്‍ സ്വന്തം കുടുംബങ്ങളോടൊപ്പം സമയം ചെലവഴിച്ച് മാനസികമായി കരുത്താര്‍ജ്ജിക്കണമെന്നും അദേഹം ആഹ്വാനം ചെയ്തു.
ഒക്ടോബര്‍ 12 നാണ് ജന്തര്‍മന്തറിലെ അതിക്രമിച്ചുകയറലുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് അശുതോഷ് റാങ്കയെയും സൗരവ് ദാസിനെയും അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ഇവരുടെ കസ്റ്റഡി കാലാവധി നീട്ടിയ സപെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ നടപടിക്കെതിരെ ഇരുവരും നിലവില്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.