പ്രിയങ്ക ഗാന്ധിയുടെ മകന്റെ ചിത്ര പ്രദര്‍ശനത്തിന് സെന്‍സര്‍ഷിപ്പ്; അവസാന നിമിഷം 75 ഫോട്ടോകള്‍ നീക്കം ചെയ്തു

പ്രിയങ്ക ഗാന്ധിയുടെ മകന്റെ ചിത്ര പ്രദര്‍ശനത്തിന് സെന്‍സര്‍ഷിപ്പ്; അവസാന നിമിഷം 75 ഫോട്ടോകള്‍ നീക്കം ചെയ്തു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ മകനും പ്രമുഖ വന്യജീവി-സ്ട്രീറ്റ് ഫോട്ടോഗ്രാഫറുമായ റെയ്ഹാന്‍ വദ്ര സംഘടിപ്പിച്ച ചിത്ര പ്രദര്‍ശനം വിവാദത്തില്‍. ന്യൂഡല്‍ഹിയിലെ ചരിത്ര പ്രസിദ്ധമായ ബിക്കാനീര്‍ ഹൗസില്‍ തീരുമാനിച്ചിരുന്ന 'നോ ഐഡിയ ഈസ് ഫൈനല്‍' എന്ന ഫോട്ടോ എക്‌സിബിഷനില്‍ നിന്നാണ് അവസാന നിമിഷം വലിയൊരു വിഭാഗം ചിത്രങ്ങള്‍ ഒഴിവാക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചത്. ആകെ പ്രദര്‍ശിപ്പിക്കാന്‍ നിശ്ചയിച്ചിരുന്ന 105 ഫോട്ടോഗ്രാഫുകളില്‍ 75 എണ്ണവും നീക്കം ചെയ്തതോടെ ഗാലറിയിലെ ഭൂരിഭാഗം ചുമരുകളും ഒഴിഞ്ഞുകിടക്കുന്ന അവസ്ഥയിലാണ്.

പ്രദര്‍ശനം ഔദ്യോഗികമായി ആരംഭിക്കാന്‍ വെറും അഞ്ച് മണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കെയാണ് ബിക്കാനീര്‍ ഹൗസ് മാനേജ്മെന്റ് നിര്‍ണായകമായ ഈ നിലപാട് എടുത്തത്. ചിത്രങ്ങള്‍ നീക്കം ചെയ്തില്ലെങ്കില്‍ പരിപാടി പൂര്‍ണമായും റദ്ദാക്കുമെന്നും വേദി അനുവദിക്കില്ലെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയതായി റെയ്ഹാന്‍ വദ്ര തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ വെളിപ്പെടുത്തി. ഡല്‍ഹി ജന്തര്‍മന്തറിലടക്കം നടന്ന പ്രക്ഷോഭങ്ങളുടെയും യുവജന സമരങ്ങളുടെയും തത്സമയ ചിത്രങ്ങളാണ് പ്രധാനമായും മാറ്റാന്‍ ആവശ്യപ്പെട്ടത്. ഈ ചിത്രങ്ങള്‍ക്ക് അമിത രാഷ്ട്രീയ സ്വഭാവമുണ്ടെന്നും ഗാലറിയുടെ പെരുമാറ്റച്ചട്ടങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കും എതിരാണെന്നുമാണ് മാനേജ്മെന്റിന്റെ വാദം.

അതേസമയം സംഘാടകരുടെ ഈ അപ്രതീക്ഷിത നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി റെയ്ഹാന്‍ രംഗത്തെത്തി. പ്രദര്‍ശനത്തിന് മുന്നോടിയായി ലേഔട്ടും ചിത്രങ്ങളുടെ വിവരങ്ങളും നല്‍കിയപ്പോള്‍ എതിര്‍പ്പൊന്നും ഉന്നയിക്കാതിരുന്ന അധികൃതര്‍ ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് തീരുമാനം അടിച്ചേല്‍പ്പിക്കുകയായിരുന്നുവെന്ന് അദേഹം പറഞ്ഞു. ചിത്രങ്ങളില്‍ നിന്നുള്ള രാഷ്ട്രീയ മുദ്രാവാക്യങ്ങളും പ്രകോപനപരമായ ഉള്ളടക്കങ്ങളും നേരത്തേ തന്നെ നീക്കം ചെയ്തിരുന്നതാണെന്നും, ഒരു സ്വതന്ത്ര കലാകാരന്‍ എന്ന നിലയില്‍ സമരങ്ങളെയും സാമൂഹിക സംഭവങ്ങളെയും രേഖപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും റെയ്ഹാന്‍ വ്യക്തമാക്കി.

ദേശീയ പതാക ഉള്‍പ്പെടുന്ന ചിത്രങ്ങള്‍ വരെ നീക്കം ചെയ്യാന്‍ അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും താന്‍ അതിന് തയ്യാറായില്ല. എന്നാല്‍ പ്രദര്‍ശനം തീര്‍ത്തും മുടങ്ങിപ്പോകാതിരിക്കാന്‍ ചിത്രങ്ങള്‍ മാറ്റാന്‍ നിര്‍ബന്ധിതനാവുകയായിരുന്നുവെന്നും, ഒഴിവാക്കപ്പെട്ട ഫോട്ടോകള്‍ ഭാവിയില്‍ മറ്റൊരു വേദിയില്‍ പ്രദര്‍ശിപ്പിക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.