ഇറ്റലിയിൽ സുരക്ഷ ശക്തമാക്കാൻ പുതിയ നടപടികൾ: അക്രമങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കടുത്ത ശിക്ഷകൾ

ഇറ്റലിയിൽ സുരക്ഷ ശക്തമാക്കാൻ പുതിയ നടപടികൾ: അക്രമങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കടുത്ത ശിക്ഷകൾ

റോം: ഇറ്റലിയിൽ പൊതുസുരക്ഷ ശക്തമാക്കുന്നതിന്റേയും അക്രമങ്ങൾ കർശനമായി നേരിടുന്നതിന്റേയും ഭാഗമായി പുതിയ സുരക്ഷാ ഉത്തരവുകൾക്ക് ഇറ്റാലിയൻ സർക്കാർ അംഗീകാരം നൽകി. രാജ്യത്തെ വിവിധ നഗരങ്ങളിൽ അടുത്തിടെ ഉണ്ടായ അക്രമസംഭവങ്ങളും പൊതുമുതൽ നശിപ്പിക്കപ്പെടലുകളും കണക്കിലെടുത്താണ് പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ നേതൃത്വത്തിൽ പുതിയ നടപടികൾ പ്രഖ്യാപിച്ചിരിക്കുന്നത്.

പുതിയ ഉത്തരവ് പ്രകാരം, അഞ്ചോ അതിലധികമോ പേരടങ്ങുന്ന സംഘത്തിൽ ചേർന്ന് പ്രതിഷേധത്തിനിടെ കല്ലുകളോ പടക്കങ്ങളോ വടികളോ ഉപയോഗിച്ച് അക്രമം അഴിച്ചുവിടുകയും പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുകയും ചെയ്യുന്നവർക്ക് അഞ്ചുവർഷം വരെ തടവും 20,000 യൂറോ വരെ പിഴയും ലഭിക്കും. മുഖം മറച്ചുകൊണ്ട് അക്രമം നടത്തുകയോ മറ്റുള്ളവർക്ക് പരിക്കേൽപ്പിക്കുകയോ ചെയ്യുന്നവർക്കെതിരെ കൂടുതൽ കഠിനമായ ശിക്ഷാ നടപടികൾ ഉണ്ടാകും.

കൂടാതെ, പ്രതിഷേധങ്ങളുടെ മറവിൽ ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ, ട്രാഫിക് സിഗ്നലുകൾ, പോലീസ് വാഹനങ്ങൾ, കടകളുടെ ചില്ലുകൾ, സ്വകാര്യ വാഹനങ്ങൾ തുടങ്ങിയ പൊതു-സ്വകാര്യ മുതലുകൾ നശിപ്പിക്കുന്നവരിൽ നിന്ന് അതിന്റെ നഷ്ടപരിഹാരം പൂർണ്ണമായി ഈടാക്കും. പ്രായപൂർത്തിയാകാത്തവരാണ് നാശനഷ്ടങ്ങൾ വരുത്തുന്നതെങ്കിൽ നിയമപ്രകാരം അവരുടെ മാതാപിതാക്കൾ സാമ്പത്തിക ഉത്തരവാദികളായിരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

പ്രാപൂർത്തിയാകാത്തവർക്കെതിരെയുള്ള നിയമനടപടികളും പുതിയ ഉത്തരവിലൂടെ കർശനമാക്കിയിട്ടുണ്ട്. 14 മുതൽ 18 വയസു വരെയുള്ളവരുടെ കുറ്റകൃത്യങ്ങളിൽ സ്വന്തം പ്രവൃത്തികളുടെ സ്വഭാവവും ഫലവും മനസിലാക്കാനുള്ള കഴിവുണ്ടായിരുന്നുവെന്ന് കണക്കാക്കുന്ന വ്യവസ്ഥ പ്രാബല്യത്തിൽ വരും. എന്നാൽ ഇതിനെതിരെയുള്ള വാദങ്ങൾ തെളിയിക്കാനുള്ള അവസരവും ഉണ്ടായിരിക്കും.

ഇതിനുപുറമെ 14 മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾ പൊതുസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് വിശ്വസിക്കാൻ വ്യക്തമായ കാരണങ്ങളുണ്ടെങ്കിൽ, കുറ്റകൃത്യങ്ങൾ ചെയ്തിട്ടില്ലെങ്കിലും മുൻകരുതൽ നടപടിയുടെ ഭാഗമായി അവരെ കസ്റ്റഡിയിൽ എടുക്കാൻ പോലീസിന് അധികാരം നൽകിയിട്ടുണ്ട്. രാജ്യത്ത് പൊതുസുരക്ഷ കൂടുതൽ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി മിലാനിൽ 500 അധിക സൈനികരെ വിന്യസിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

പ്രധാനപ്പെട്ട സ്ഥലങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും നിരീക്ഷണം ശക്തമാക്കാനും പോലീസിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാനുമാണ് ഇവരെ ചുമതലപ്പെടുത്തിയിരിക്കുന്നത്.

പ്രതിഷേധിക്കുക എന്നത് പൗരന്മാരുടെ അവകാശമാണെങ്കിലും നഗരങ്ങൾ തകർക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി ജോർജിയ മെലോണി മുന്നറിയിപ്പ് നൽകി. പ്രതിഷേധത്തിന്റെ പേരിൽ കടകൾ കൊള്ളയടിക്കുന്നതും പൊതുമുതൽ നശിപ്പിക്കുന്നതും ഗുരുതരമായ കുറ്റകൃത്യങ്ങളാണെന്നും ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.