ജോര്‍ദാനിലെ പള്ളിയില്‍ വന്‍ ഭീകരാക്രമണം; ശവസംസ്‌കാര ചടങ്ങിനിടെ ഏഴ് പേര്‍ വെടിയേറ്റു മരിച്ചു

ജോര്‍ദാനിലെ പള്ളിയില്‍ വന്‍ ഭീകരാക്രമണം; ശവസംസ്‌കാര ചടങ്ങിനിടെ ഏഴ് പേര്‍ വെടിയേറ്റു മരിച്ചു

അമ്മാന്‍: മധ്യ ജോര്‍ദാനിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയായ കാരകില്‍ വന്‍ ഭീകരാക്രമണം. ഹ്മൗദ് ഗ്രാമത്തിലെ പള്ളിയില്‍ ശവസംസ്‌കാര ചടങ്ങിനായി തടിച്ചുകൂടിയ വിശ്വാസികള്‍ക്ക് നേരെ തോക്കുധാരികള്‍ നടത്തിയ വെടിവെപ്പില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും 34 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന് ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട അക്രമികള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയതായി ജോര്‍ദാന്‍ അധികൃതര്‍ അറിയിച്ചു.

വെള്ളിയാഴ്ച 150 ഓളം ആളുകള്‍ പള്ളിയിലുണ്ടായിരുന്ന സമയത്താണ് വാഹനത്തിലെത്തിയ മൂന്നംഗ സായുധ സംഘം ഉള്ളിലേക്ക് ഇരച്ചുകയറിയത്. തുടര്‍ന്ന് 15 മിനിറ്റോളം നീണ്ടുനിന്ന ഭീതിജനകമായ അന്തരീക്ഷത്തില്‍ യന്ത്രത്തോക്കുകള്‍ ഉപയോഗിച്ച് ജനക്കൂട്ടത്തിന് നേരെ അക്രമികള്‍ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. ബഹളവും നിലവിളിയും ഉയര്‍ന്ന പള്ളിക്കുള്ളില്‍ പീഠങ്ങള്‍ക്ക് താഴെ ഒളിച്ചും പ്രിയപ്പെട്ടവരെ നെഞ്ചോടടക്കിപ്പിടിച്ചുമാണ് പലരും ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചത്. ചോരയില്‍ കുളിച്ച മൃതദേഹങ്ങളും പരിക്കേറ്റവരെയും കൊണ്ടുനിറഞ്ഞ പള്ളിമുറ്റത്തുനിന്ന് അക്രമികള്‍ പിക്കപ്പ് ട്രക്കില്‍ തല്‍ക്ഷണം കടന്നുകളയുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

രാജ്യത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ച തീവ്രവാദ സംഘത്തെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ജോര്‍ദാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വേദനാജനകമായ സംഭവമാണിതെന്നും ആഭ്യന്തരമന്ത്രി മസന്‍ അല്‍-ഫരായ പറഞ്ഞു. ക്രൂരമായ ഈ ഭീകര പ്രവര്‍ത്തനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ഏറ്റവും കഠിനമായ ശിക്ഷ ഉറപ്പാക്കുമെന്ന് ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമന്‍ പ്രഖ്യാപിച്ചു.

പരിക്കേറ്റവര്‍ ചികിത്സയിലുള്ള കാരകിലെ ആശുപത്രിക്ക് ചുറ്റും വന്‍ സുരക്ഷാ സന്നാഹമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദാരുണമായ സംഭവത്തെത്തുടര്‍ന്ന് പ്രദേശത്ത് വലിയ ജനരോഷവും കനത്ത പ്രക്ഷുബ്ധാവസ്ഥയും നിലനില്‍ക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.