ഇസ്രയേല്‍ തിരഞ്ഞെടുപ്പ്: നെതന്യാഹുവിന് ട്രംപിന്റെ പിന്തുണ; ഇടപെടാനില്ലെന്ന് വാന്‍സ്

ഇസ്രയേല്‍ തിരഞ്ഞെടുപ്പ്: നെതന്യാഹുവിന് ട്രംപിന്റെ പിന്തുണ; ഇടപെടാനില്ലെന്ന് വാന്‍സ്

വാഷിങ്ടണ്‍: ഇസ്രയേല്‍ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ വ്യത്യസ്ത നിലപാടിലാണ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്.

ഇസ്രയേല്‍ തിരഞ്ഞെടുപ്പില്‍ ഇടപെടാതെ അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് വാന്‍സ് വ്യക്തമാക്കി. ഒക്ടോബര്‍ 27 ന് നടക്കുന്ന ഇസ്രയേല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അധികാരം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന നെതന്യാഹുവിന് ട്രംപ് ഞായറാഴ്ചയാണ് പിന്തുണ പ്രഖ്യാപിച്ചത്.

വിദേശ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ വാന്‍സ് മുന്‍പ് സജീവമായി ഇടപെട്ടിട്ടുണ്ട്. ഏപ്രിലില്‍ ഹംഗറി പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുന്‍പ് അന്നത്തെ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബനെ പിന്തുണയ്ക്കാന്‍ വാന്‍സ് ബുഡാപെസ്റ്റിലെത്തിയിരുന്നു. ജര്‍മനിയിലെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ എ.എഫ്.ഡിക്കും അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ട്രംപിന്റെ പിന്‍ഗാമിയായി 2029 ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയുള്ള നേതാവായാണ് വാന്‍സിനെ വിലയിരുത്തുന്നത്. ഇസ്രയേലുമായുള്ള യു.എസ് ബന്ധത്തിലും ഇറാനുമായുള്ള യുദ്ധത്തിലും അദ്ദേഹത്തിന്റെ നിലപാടുകള്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

അമേരിക്കയിലെ ജൂത സമൂഹത്തിന്റെയും ഇസ്രയേലുമായുള്ള ബന്ധത്തിന്റെയും കാര്യത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വാന്‍സിന്റെ മാറ്റം. ജൂത വിരുദ്ധതയെക്കുറിച്ചുള്ള ആശങ്കകള്‍ ശക്തമായതോടെ ഇസ്രയേലിനോടുള്ള സമീപനം ഇടക്കാല തിരഞ്ഞെടുപ്പിലും രാഷ്ട്രീയ ചര്‍ച്ചാ വിഷയമായിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.