പാരീസ്: ഫ്രാന്‍സില്‍ ഭരണവിരുദ്ധ പ്രക്ഷോഭങ്ങള്‍ ശക്തമായി തുടരുന്നതിനിടെ തലസ്ഥാനമായ പാരീസിന് സമീപം വന്‍ വെടിവെപ്പ്. തെക്കുപടിഞ്ഞാറന്‍ പാരീസിലെ ട്രാപ്പസ് നഗരത്തിലുണ്ടായ ഭീകരാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 12 വയസുള്ള കുട്ടിയടക്കം നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് 39 കാരനായ അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യന്‍ ലെകോര്‍ണു പ്രതി പിടിയിലായ വിവരം സ്ഥിരീകരിച്ചു.
വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. കാറിലെത്തിയ അക്രമി വഴിയരികില്‍ കണ്ട ജനങ്ങള്‍ക്ക് നേരെ തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നു. പരമാവധി ആളുകളെ അപായപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇയാള്‍ നഗരത്തിലൂടെ കാറോടിച്ച് ആക്രമണം നടത്തിയതെന്ന് ട്രാപ്പസ് മേയര്‍ അലി റബേ വ്യക്തമാക്കി. ഹെല്‍ത്ത് സെന്റര്‍, പെട്രോള്‍ പമ്പ്, റോഡിലുണ്ടായിരുന്ന നിരവധി വാഹനങ്ങള്‍ എന്നിവയ്ക്ക് നേരെയും ഇയാള്‍ വെടിയുതിര്‍ത്തു.
രണ്ടാം ലോകമഹായുദ്ധ കാലത്ത് ഉപയോഗിച്ചിരുന്ന പഴയ സെമി-ഓട്ടോമാറ്റിക് തോക്കാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയന് റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന് ശേഷം കടന്നുകളയാന്‍ ശ്രമിച്ച പ്രതിയെ ട്രാപ്പസിന് സമീപമുള്ള കൊയ്നിയേഴ്സ് എന്ന സ്ഥലത്തുവെച്ചാണ് പൊലീസ് വീഴ്ത്തിയത്. അക്രമത്തിന് പിന്നിലെ കൃത്യമായ കാരണം വ്യക്തമായിട്ടില്ല. എന്നാല്‍ പരിക്കേറ്റവരില്‍ രണ്ട് പേര് ആഫ്രിക്കന്‍ വംശജരായതിനാല്‍ വംശീയമായ ലക്ഷ്യങ്ങള്‍ ഇതിന് പിന്നിലുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെങ്കിലും ഫ്രഞ്ച് ഇന്റലിജന്‍സിന്റെ ഭീകരവിരുദ്ധ നിരീക്ഷണ പട്ടികയില്‍ ഉള്ളയാളല്ലെന്ന് പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നു.
സംഭവത്തില്‍ ഫ്രഞ്ച് ദേശീയ ഭീകരവിരുദ്ധ പ്രോസിക്യൂട്ടേഴ്സ് ഓഫീസ് അന്വേഷണം ആരംഭിച്ചു. ഭീകരസംഘടനകളുമായുള്ള ഗൂഢാലോചന, മാരകായുധങ്ങള്‍ കൈവശം വെക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ദാരുണമായ സംഭവത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ദുഖം രേഖപ്പെടുത്തുകയും ഇരയായവരുടെ കുടുംബങ്ങള്‍ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.