വൈറ്റ് ഹൗസിൽ ആത്മീയ കൂട്ടായ്മ: ഡൊണാൾഡ് ട്രംപിനായി പ്രാർത്ഥിച്ച് കത്തോലിക്കാ മെത്രാന്മാർ

വൈറ്റ് ഹൗസിൽ ആത്മീയ കൂട്ടായ്മ: ഡൊണാൾഡ് ട്രംപിനായി പ്രാർത്ഥിച്ച് കത്തോലിക്കാ മെത്രാന്മാർ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ആത്മീയ പിന്തുണയേകി വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ കത്തോലിക്കാ മെത്രാന്മാരുടെ പ്രത്യേക പ്രാർത്ഥന. ഡെൻവർ ആർച്ച് ബിഷപ്പ് ജെയിംസ് ഗോൾകയുടെ നേതൃത്വത്തിലുള്ള കത്തോലിക്കാ മെത്രാൻ സംഘം പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ചരിത്രപ്രധാനമായ ഈ പ്രാർത്ഥന നടന്നത്.

രാജ്യത്തുടനീളമുള്ള വിവിധ ക്രൈസ്തവ-മത വിഭാഗങ്ങളിലെ നേതാക്കളുമായി നടത്തിവരുന്ന ആശയവിനിമയങ്ങളുടെ ഭാഗമായി വൈറ്റ് ഹൗസ് 'വിശ്വാസ കാര്യാലയം' ആണ് ഈ കൂടിക്കാഴ്ച ഏർപ്പെടുത്തിയത് എന്ന് വൈറ്റ് ഹൗസ് ഫെയ്ത്ത് ഡയറക്ടർ ജെന്നി കോൺ 'ഇ.ഡബ്ല്യു.ടി.എൻ. ന്യൂസിനോട്' വ്യക്തമാക്കി.

സഭയുടെയും സമൂഹത്തിന്റെയും നന്മ മുൻനിർത്തി പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയിൽ നിരവധി നിർണ്ണായക വിഷയങ്ങളാണ് മെത്രാൻ സംഘം ചർച്ച ചെയ്തത്. മതസ്വാതന്ത്ര്യം, വൈറ്റ് ഹൗസ് ഫെയ്ത്ത് ഓഫീസിന്റെ പ്രവർത്തനങ്ങൾ, സഭാപരമായ ആവശ്യങ്ങൾക്കായുള്ള വിസകൾ, ജീവന്റെ സംരക്ഷണം സംബന്ധിച്ച നയങ്ങൾ തുടങ്ങിയ സുപ്രധാന വിഷയങ്ങൾ ചർച്ചകളിൽ ഇടംപിടിച്ചു.

ചർച്ചകൾക്ക് സമാപനം കുറിച്ചുകൊണ്ട്, ഓവൽ ഓഫീസിലെ പ്രശസ്തമായ 'റെസല്യൂട്ട് ഡെസ്കിന്' ചുറ്റും അണിനിരന്നാണ് ആർച്ച് ബിഷപ്പ് ജെയിംസ് ഗോൾകയും മറ്റ് ബിഷപ്പുകളും ചേർന്ന് പ്രസിഡന്റ് ട്രംപിനായി പ്രാർത്ഥിച്ചത്. മനോഹരമായ ഒരു രാഷ്ട്രത്തെയും സർക്കാരിനെയും ഭരണാധികാരിയെയും ദാനമായി നൽകിയ ദൈവത്തിന് നന്ദി അർപ്പിച്ചുകൊണ്ടും പ്രസിഡന്റിന് രാജ്യത്തെ നയിക്കാനുള്ള ദൈവീക കൃപയും ജ്ഞാനവും ലഭിക്കായി യാചിച്ചുകൊണ്ടുമായിരുന്നു ഈ പ്രാർത്ഥന. സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയ ഈ ദൃശ്യങ്ങൾ ക്രൈസ്തവ ലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്.

ലോസ് ഏഞ്ചൽസിലെ മാരോണൈറ്റ് ബിഷപ്പ് അബ്ദല്ല ഏലിയാസ് സെയ്ദാൻ, ഡാലസിലെ ബിഷപ്പ് എഡ്വേർഡ് ബേൺസ്, ന്യൂ മെക്സിക്കോയിലെ ഗാലപ്പിൽ നിന്നുള്ള ബിഷപ്പ് ജെയിംസ് വാൾ, കാൻസാസ് സിറ്റിയിലെ ആർച്ച് ബിഷപ്പ് എമിരിറ്റസ് ജോസഫ് നൗമാൻ, അയോവയിലെ ഡെസ് മോയിൻസിൽ നിന്നുള്ള ബിഷപ്പ് വില്യം ജോൻസെൻ, മിൽവാക്കിയിലെ ആർച്ച് ബിഷപ്പ് ജെഫ്രി ഗ്രോബ്, കാലിഫോർണിയയിലെ ഓക്ക്‌ലാൻഡിൽ നിന്നുള്ള ബിഷപ്പ് മൈക്കൽ ബാർബർ തുടങ്ങിയ പ്രമുഖ കത്തോലിക്കാ തിരുമേനിമാരും ഈ കൂടിക്കാഴ്ചയിലും പ്രാർത്ഥനയിലും സന്നിഹിതരായിരുന്നു. ഭരണാധികാരികൾക്കായി പ്രാർത്ഥിക്കണമെന്ന തിരുവചനത്തിന്റെ ഓർമ്മപ്പെടുത്തലായി മാറിയ ഈ സംഭവം അമേരിക്കൻ കത്തോലിക്കാ സമൂഹത്തിന് വലിയൊരു ആത്മീയ അനുഭവമായി മാറി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.