ചേരാനല്ലൂര്‍ അപകടം: കാര്‍ ഉടമയായ ജഡ്ജിക്കെതിരെ പോലീസ് കേസെടുത്തു; സംഭവത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

ചേരാനല്ലൂര്‍ അപകടം: കാര്‍ ഉടമയായ ജഡ്ജിക്കെതിരെ പോലീസ് കേസെടുത്തു; സംഭവത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

കൊച്ചി: ചേരാനെല്ലൂരില്‍ ബെന്‍സ് കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ ജയപാലകൃഷ്ണന്‍(55) മരിച്ച സംഭവത്തില്‍ കാറോടിച്ച പതിനേഴുകാരന്റെ പിതാവായ അഡീഷണല്‍ സെഷന്‍സ് ജഡ്ജി റിനോ ഫ്രാന്‍സിസ് സേവ്യറിനെതിരേ കേസെടുത്തു.

പ്രായപൂര്‍ത്തിയാകാത്തയാള്‍ക്ക് വാഹനം നല്‍കിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍, ആര്‍.സി ഓണര്‍ എന്ന നിലയിലാണ് ജഡ്ജിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. വിഷയത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

വാഹന ഉടമയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതില്‍ പോലീസ് തുടക്കത്തില്‍ മടി കാണിച്ചെന്ന ആരോപണമുണ്ടായിരുന്നു. അപകടത്തില്‍ മരിച്ച ജയപാലകൃഷ്ണന്റെ കുടുംബം ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) രൂപവല്‍കരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഭാരതീയ ന്യായ സംഹിതയിലെ (ബി.എന്‍.എസ്) 106-ാം വകുപ്പ് ഉള്‍പ്പെടെ ചുമത്തി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയ പതിനേഴുകാരന് മുന്‍കാല കുറ്റകൃത്യങ്ങളില്ലെന്ന കാര്യം പരിഗണിച്ച് ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, തങ്ങളുടെ അച്ഛന് നീതി ലഭിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് ജയപാലകൃഷ്ണന്റെ മകള്‍ ഭദ്ര കീര്‍ത്തിയും കുടുംബവും അറിയിച്ചു.

പോലീസിന്റെ ഭാഗത്തു നിന്ന് പ്രതിക്ക് അനുകൂലമായ നിലപാടാണുണ്ടായതെന്നും പോലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും കുടുംബം ആരോപിച്ചു. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ നിന്ന് അച്ഛന്റെ മൃതദേഹം വിട്ടുകിട്ടാന്‍ 12 മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നപ്പോള്‍ അപകടമുണ്ടാക്കിയ വ്യക്തിയെ നിമിഷങ്ങള്‍ക്കുള്ളില്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ജാമ്യത്തില്‍ വിട്ടയച്ചതായും മക്കള്‍ കുറ്റപ്പെടുത്തി.

2012 മോഡലായ ബെന്‍സ് കാര്‍ 2022 ല്‍ വാങ്ങി കഴിഞ്ഞ നാല് വര്‍ഷത്തോളമായി കോടതി ആവശ്യങ്ങള്‍ക്കും മറ്റുമായി ജഡ്ജി ഉപയോഗിച്ചു വരികയായിരുന്നു. ഈ വാഹനമാണ് 17 വയസുള്ള മകന്‍ എടുത്തുകൊണ്ടു പോയി അപകടമുണ്ടാക്കി ഒരാളുടെ ജീവന്‍ നഷ്ടമാക്കിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.