കൊച്ചി: സുപ്പര്‍ എല്‍ നിനോ പ്രതിഭാസം ശക്തമാകുന്നതോടെ കേരള തീരത്ത് മത്തി, അയല, നെത്തോലി തുടങ്ങിയ ഉപരിതല മത്സ്യങ്ങളുടെ ലഭ്യത വന്‍തോതില്‍ കുറയാന്‍ സാധ്യതയെന്ന് കാലാവസ്ഥാ-സമുദ്ര ഗവേഷകരുടെ മുന്നറിയിപ്പ്. സമുദ്രോപരിതലത്തിലെ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍, ഈ ചെറു മീനുകള്‍ തണുപ്പ് തേടി വടക്കന്‍ സമുദ്ര മേഖലകളിലേക്കോ ആഴക്കടലിലേക്കോ ചേക്കേറാന്‍ ഇടയുണ്ടെന്ന് കുഫോസ് വൈസ് ചാന്‍സലര്‍ ഡോ. എ. ബിജുകുമാര്‍, കുസാറ്റ് അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്മോസ്ഫറിക് റഡാര്‍ റിസര്‍ച്ച് ഡയറക്ടര്‍ ഡോ. എസ്. അഭിലാഷ് എന്നിവര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കിഴക്കന്‍ പസഫിക് സമുദ്രത്തിലെ താപനില രണ്ട് ഡിഗ്രിയേക്കാള്‍ ഉയരുന്ന സൂപ്പര്‍ എല്‍ നിനോ അവസ്ഥ നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളില്‍ കൂടുതല്‍ ഗുരുതരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കടലിലെ പെട്ടെന്നുള്ള താപനില വ്യതിയാനം കാരണം വന്‍തോതില്‍ മീനുകള്‍ അപ്രത്യക്ഷമാകുന്നത് മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ സാരമായി ബാധിക്കും. മീനുകളെ തേടി മത്സ്യത്തൊഴിലാളികള്‍ക്ക് കൂടുതല്‍ ദൂരം പുറംകടലിലേക്ക് പോകേണ്ടി വരുന്നത് ഇന്ധനച്ചെലവ് കൂട്ടുകയും ലാഭം കുറയ്ക്കുകയും ചെയ്യും.
അന്തരീക്ഷ വ്യതിയാനങ്ങള്‍ക്ക് പുറമെ അമിത മത്സ്യബന്ധനം, പ്ലാസ്റ്റിക് മലിനീകരണം, ഡ്രഡ്ജിങ് തുടങ്ങിയ മനുഷ്യ നിര്‍മിത ഇടപെടലുകള്‍ പ്രതിസന്ധിയുടെ ആഘാതം കൂട്ടുന്നുണ്ട്. എല്‍ നിനോ പ്രതിഭാസത്തെ മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയുമെന്നതിനാല്‍, സീസണല്‍ മത്സ്യബന്ധന നിയന്ത്രണങ്ങളും ആവാസ വ്യവസ്ഥയുടെ പുനസ്ഥാപനവും ഉള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ അടിയന്തരമായി നടപ്പിലാക്കണമെന്ന് ശാസ്ത്രജ്ഞരും കേരള മത്സ്യത്തൊഴിലാളി ഐക്യവേദിയും ആവശ്യപ്പെടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.