തേനിയില്‍ കൂട്ട ജയില്‍ചാട്ടം; 17 പ്രതികള്‍ രക്ഷപ്പെട്ടു, നാല് പേര്‍ പിടിയില്‍, കേരളത്തിലേയ്ക്ക് കടക്കാന്‍ സാധ്യത: അതിര്‍ത്തിയില്‍ വ്യാപക പരിശോധന

തേനിയില്‍ കൂട്ട ജയില്‍ചാട്ടം; 17 പ്രതികള്‍ രക്ഷപ്പെട്ടു, നാല് പേര്‍ പിടിയില്‍, കേരളത്തിലേയ്ക്ക് കടക്കാന്‍ സാധ്യത: അതിര്‍ത്തിയില്‍ വ്യാപക പരിശോധന

തേനി: തമിഴ്‌നാട്ടില്‍ ജയില്‍ ജീവനക്കാരെ ആക്രമിച്ച് 17 തടവുകാര്‍ ജയില്‍ ചാടി. തമിഴ്നാട് തേനി ആണ്ടിപ്പട്ടിക്ക് സമീപം തെക്കംപാട്ടയിലുള്ള ജില്ലാ ജയിലില്‍ നിന്നാണ് ക്രിമിനല്‍ കേസ് പ്രതികള്‍ രക്ഷപ്പെട്ടത്.

പ്രതികള്‍ കേരളത്തിലേക്കടക്കം കടക്കാന്‍ സാധ്യതയുള്ളതിനാല്‍ ചെക്ക് പോസ്റ്റുകള്‍ കേന്ദ്രീകരിച്ച് വാഹന പരിശോധന ശക്തമാക്കിയിരിക്കുകയാണ് പൊലീസ്.

ഇന്നലെ രാത്രിയായിരുന്നു സംഭവം. തടവുകാരിലൊരാള്‍ക്ക് അപസ്മാരമുണ്ടായെന്ന് പറഞ്ഞ് സെല്ലിലെ മറ്റ് തടവുകാര്‍ ബഹളം വച്ചപ്പോള്‍ വൈദ്യസഹായം നല്‍കാനായി ജയില്‍ ജീവനക്കാര്‍ വാതില്‍ തുറന്ന നിമിഷം ഉള്ളിലുണ്ടായിരുന്ന 17 തടവുകാര്‍ ചേര്‍ന്ന് ജീവനക്കാരെ ക്രൂരമായി ആക്രമിച്ച് കീഴടക്കുകയും ഇരുട്ടിന്റെ മറവിലൂടെ പുറത്തേക്ക് ഓടി രക്ഷപ്പെടുകയുമായിരുന്നു.

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതികളെ പിടികൂടാനായി 17 പ്രത്യേക ടീമുകള്‍ രൂപീകരിച്ചിട്ടുണ്ട്. പാലക്കാട്, ഇടുക്കി അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്.

തടവുകാരുടെ പെട്ടെന്നുള്ള ഈ ആക്രമണത്തില്‍ മൂന്ന് ജയില്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റു. ഇതില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗ്രേഡ് രണ്ട് പോലീസ് കോണ്‍സ്റ്റബിള്‍ തങ്കപാണ്ഡിയെ ജി. വിളക്കിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് രണ്ട് ഉദ്യോഗസ്ഥര്‍ക്ക് നിസ്സാര പരിക്കുകളേറ്റു.

വിവിധ ജില്ലകളെ ഏകോപിപ്പിച്ച് നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവില്‍ ജയില്‍ ചാടിയവരില്‍ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ മധുര സ്വദേശിയായ ഒരു തടവുകാരനെ ജയിലിന് തൊട്ടുപിന്നിലെ കാടുമൂടിയ മേഖലയില്‍ ഒളിച്ചിരിക്കവേയാണ് പോലീസ് പിടികൂടിയത്.

രക്ഷപ്പെട്ട വിചാരണത്തടവുകാരുടെ വിവരങ്ങളും ചിത്രങ്ങളും തേനി ജില്ലാ പോലീസ് പുറത്തു വിട്ടിട്ടുണ്ട്. കറുപ്പസാമി (എലിയാസ് മദന്‍), തരുണ്‍ കുമാര്‍, രാജ്കുമാര്‍, പാണ്ടി സെല്‍വം, തിരുപ്പതി, പൊന്‍മുത്തു ചെല്‍വന്‍, മീനാക്ഷി സുന്ദരം, ശബരിനാഥന്‍, റെജിന്‍, നിഷാന്ത്, മുത്തു ഇളങ്കോവന്‍, കാര്‍ത്തിക് രാജ, പ്രശാന്ത്, രാജ സിക്കന്ദര്‍, ചിലമ്പരശന്‍, സോലൈ മുകിലേശ്വരന്‍ എന്നിവരാണ് ചാടിപ്പോയ തടവുകാര്‍.

തടവുകാരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തേനി ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസിലോ (9498101570) കണ്‍ട്രോള്‍ റൂമിലോ (9176104100) വിവരമറിയിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.