നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: സുഹൈല്‍ അടക്കം നാല് പ്രതികളുടേയും ജാമ്യാപേക്ഷ തള്ളി

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: സുഹൈല്‍ അടക്കം നാല് പ്രതികളുടേയും ജാമ്യാപേക്ഷ തള്ളി

കൊച്ചി: നെടുമ്പാശേരി മിനി കൂപ്പര്‍ അപകടത്തിലെ മുഖ്യപ്രതി സുഹൈല്‍ സജീവ് ഉള്‍പ്പെടെ നാല് പ്രതികളുടേയും ജാമ്യാപേക്ഷ എറണാകുളം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി. പ്രോസിക്യൂഷന്‍ ഉന്നയിച്ച വാദങ്ങളെല്ലാം കോടതി അംഗീകരിച്ചു. കേസില്‍ സുഹൈല്‍ സജീവ്, നിനവ്, അമീന്‍, ജോയല്‍ എന്നിവരാണ് പ്രതികള്‍. ഇവര്‍ ബോസ്റ്റല്‍ സ്‌കൂളില്‍ തുടരും.

നേരത്തെ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. റിമാന്‍ഡ് കാലാവധി 14 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് പ്രതികള്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കിയത്. അമിത വേഗതയില്‍ വാഹനം ഓടിക്കുന്നത് പ്രതിയുടെ സ്ഥിരം പതിവാണ്.

അപകടം നടന്ന സമയത്ത് വാഹനം 163 കിലോമീറ്റര്‍ വേഗതയിലാണ് ഓടിച്ചിരുന്നതെന്നതിന് പൊലീസിന് തെളിവ് ലഭിച്ചുവെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു.

മുഖ്യപ്രതിയായ 19 കാരന്‍ സുഹൈല്‍ സജീവിനെ വെട്ടിലാക്കി കേസിലെ മൂന്നാം പ്രതി ജോയലിന്റെ ശബ്ദ സന്ദേശം ലഭിച്ചതും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അപകടം നടന്നശേഷം രാവിലെ 9.25 ന് ജോയല്‍ സുഹൃത്തിന് അയച്ച ശബ്ദസന്ദേശമാണ് പുറത്തു വന്നത്. മദ്യപിച്ച് വാഹനം ഓടിച്ചത് വ്യക്തമാക്കുന്നതാണ് ശബ്ദ സന്ദേശത്തിലെ ഉള്ളടക്കം.

'ബാറില്‍ പോയി മദ്യപിച്ചു. നേരത്തെ മദ്യപിച്ചതിന് പുറത്താണ് കഴിച്ചത്. ഞാനും അടിച്ചു ഒരു ബിയര്‍. തിരിച്ചു വരുന്ന വഴി ഭയങ്കര സ്പീഡിനാണ് വണ്ടി ഓടിച്ചത്. വണ്ടി സ്‌കൂട്ടറില്‍ ഇടിച്ചു. മൂന്നു പേരും തെറിച്ചുവീണു. മൂന്നുപേരും സ്‌പോട്ടില്‍ തീര്‍ന്നു. ഓ.. ആ വിറയല്‍ മാറിയിട്ടില്ല.

നിനവ് ആണ് എന്നോടും അമീനോടും വിട്ടോളാന്‍ പറഞ്ഞത്. ആ സുഹൈല്‍ പറയുകയാണ് ബാപ്പ നോക്കിക്കോളുമെന്ന്. നാട്ടുകാര്‍ അതു കേട്ടിട്ട് ഇടി കൊടുത്തു. നിനവിനും കിട്ടി ഇടി' എന്നാണ് ജോയല്‍ ശബ്ദ സന്ദേശത്തില്‍ പറയുന്നത്.

ഒക്ടോബര്‍ 11 ന് പുലര്‍ച്ചെയാണ് നെടുമ്പാശേരി അത്താണി സിഗ്നലിനു സമീപം അപകടമുണ്ടായത്. കാറും ബൈക്കും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ട് യുവതികളും യുവാവുമാണ് മരിച്ചത്. വയനാട് മടക്കിമല സന്തോഷ് ഭവനില്‍ ദേവിക (21), മംഗലാപുരം സുള്ള്യ കനകമഞ്ചല്‍ ഇബ്രാഹിമിന്റെ മകന്‍ ഇയാസ് (21), പാലക്കാട് കരിമ്പ ഇടക്കുറിശി മുള്ളന്‍കുഴി പ്രദീപ് കുമാറിന്റെ മകള്‍ ഗോപിക (21) എന്നിവരാണ് മരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.