മാഡ്രിഡ്: സ്‌പെയിനിലെ ടൊലേഡോയ്ക്ക് സമീപമുള്ള ഉര്‍ദ പ്രദേശത്തുണ്ടായ ട്രെയിന്‍ അപകടത്തില്‍ 68 പേര്‍ മരണപ്പെടുകയും അറുപതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. മാഡ്രിഡില്‍ നിന്ന് സെവില്ലയിലേക്ക് ഒരേ ദിശയില്‍ സഞ്ചരിച്ച റെന്‍ഫെ, ഇരിയോ എന്നി ഹൈസ്പീഡ് ട്രെയിനുകളാണ് പരസ്പരം കൂട്ടിയിടിച്ചത്. പിന്നില്‍ വന്ന മറ്റൊരു ട്രെയിന്‍ ഇടിച്ചുകയറിയാണ് രാജ്യത്തെ ഞെട്ടിച്ച ദുരന്തം സംഭവിച്ചതെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.
ശക്തമായ ആഘാതത്തില്‍ ട്രെയിനുകളുടെ കോച്ചുകള്‍ പാളം തെറ്റി മറിയുകയും, ഒരു ട്രെയിനിന്റെ കോച്ചിനുള്ളിലൂടെ റെയില്‍വേ പാളം തുളച്ചുകയറി മുകളിലൂടെ പുറത്തേക്ക് തള്ളി നില്‍ക്കുകയും ചെയ്യുന്ന നിലയിലാണ്. യാത്രയ്ക്കിടയില്‍ വലിയ ശബ്ദത്തോടെ ട്രെയിന്‍ നിലയ്ക്കുകയും തകര്‍ന്ന കോച്ചുകള്‍ക്ക് ഉള്ളില്‍ ലഗേജുകളും മറ്റും ചിതറിത്തെറിക്കുകയും ചെയ്തതായി പരിക്കേറ്റവരില്‍ നിന്ന് രക്ഷപ്പെട്ട യാത്രക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
അപകട വിവരം അറിഞ്ഞ ഉടന്‍ തന്നെ നൂറുകണക്കിന് രക്ഷാപ്രവര്‍ത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും ഹെലികോപ്റ്ററുകളും അടങ്ങിയ സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കി. ഗുരുതരമായി പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിലേക്കും 140 കിലോമീറ്ററില്‍ അധികം അകലെയുള്ള മാഡ്രിഡിലെ ആശുപത്രികളിലേക്കും അടിയന്തരമായി മാറ്റിയിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കാസ്റ്റില-ലാ മഞ്ച പ്രാദേശിക ഭരണകൂടം നല്‍കുന്ന സൂചന.
ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്‌പെയിനിലെ രാഷ്ട്രീയ, സാമൂഹിക രംഗങ്ങള്‍ പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടികള്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ സോഷ്യലിസ്റ്റ് പാര്‍ട്ടിയും പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും ഉള്‍പ്പെടെയുള്ള പ്രധാന കക്ഷികളെല്ലാം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. സ്പാനിഷ് രാജകുടുംബവും പ്രധാനമന്ത്രിയും സംഭവത്തില്‍ അനുശോചനവും രേഖപ്പെടുത്തി. കൂടാതെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കോപ ഡെല്‍ റേ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഇന്നത്തെ മത്സരങ്ങള്‍ അധികൃതര്‍ മാറ്റിവെക്കുകയും ചെയ്തു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ സ്‌പെയിന്‍ സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ റെയില്‍ ദുരന്തമാണിത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.