സ്നേഹം വിശ്വാസത്തിൻ്റെ അന്തസത്ത; നമ്മെയും മറ്റുള്ളവരെയും ക്രിസ്തുവിൻ്റെ കണ്ണുകളിലൂടെ നോക്കിക്കാണാൻ പഠിക്കുക: മാർപാപ്പ

സ്നേഹം വിശ്വാസത്തിൻ്റെ അന്തസത്ത; നമ്മെയും മറ്റുള്ളവരെയും ക്രിസ്തുവിൻ്റെ കണ്ണുകളിലൂടെ നോക്കിക്കാണാൻ പഠിക്കുക: മാർപാപ്പ

വത്തിക്കാൻ സിറ്റി: വിശ്വാസത്തിൻ്റെ അന്തസത്ത സ്നേഹമാണെന്നും അത് നമ്മുടെ ചുറ്റുമുള്ളവർക്ക് ദാനമായി നൽകണമെന്നും ലിയോ പതിനാലാമൻ മാർപാപ്പ. ദൈവത്തെ യഥാർത്ഥത്തിൽ സ്നേഹിക്കുന്നവരാണെങ്കിൽ നമ്മുടെ സഹോദരീസഹോദരന്മാരിലേക്കും ഈ സ്നേഹം കവിഞ്ഞൊഴുകുമെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.

വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് സ്ക്വയറിൽ ഒരുമിച്ചുകൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പാപ്പാ. ഒരു നിയമപണ്ഡിതൻ യേശുവിനെ പരീക്ഷിക്കാനായി നിയമത്തിലെ അതിപ്രധാന കൽപ്പന ഏതാണ് എന്ന് ചോദിക്കുന്നതും അതിന് അവിടന്ന് നൽകിയ മറുപടിയും (മത്തായി 22: 34 - 40) ആധാരമാക്കിയാണ് പാപ്പാ ഈയാഴ്ച ധ്യാനചിന്തകൾ പങ്കുവച്ചത്.

നിയമാവർത്തന പുസ്തകത്തിൽനിന്നുള്ള വാക്കുകൾ ഉദ്ധരിച്ചുകൊണ്ടായിരുന്നു യേശുവിൻ്റെ മറുപടി. 'നീ നിന്‍റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ ഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണമനസ്സോടുംകൂടെ സ്നേഹിക്കുക.' (മത്തായി 22 : 37) ഇതുവഴി ദൈവവുമായുള്ള നമ്മുടെ ബന്ധത്തിൻ്റെ കേന്ദ്രബിന്ദുവായി ക്രിസ്തു സ്നേഹത്തെ പ്രതിഷ്ഠിക്കുകയായിരുന്നെന്ന് പാപ്പാ വിശദീകരിച്ചു.

ദൈവവുമായുള്ള വ്യക്തിപരമായ ബന്ധം

ദൈവം ഉണ്ടെന്നോ, അവിടുന്ന് സർവ്വശക്തനാണെന്നോ അംഗീകരിച്ചാൽ മാത്രം പോരാ, നമ്മിൽനിന്ന് വ്യക്തിപരമായ ഒരു ബന്ധം അവിടന്ന് തേടുന്നു എന്നും നാം മനസ്സിലാക്കണം. ഏകസത്യദൈവം നമ്മുടെ ദൈവമായിത്തീരാൻ ആഗ്രഹിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു. ദൈവവുമായുള്ള കണ്ടുമുട്ടലിൽ സ്നേഹത്തിൻ്റെ കൽപ്പന ഒരു ബാധ്യതയോ അടിച്ചേൽപ്പിക്കലോ അല്ല. കാരണം, ആജ്ഞാപിക്കുന്നതുകൊണ്ടുമാത്രം നമുക്ക് സ്നേഹിക്കാൻ കഴിയില്ല.

ദൈവത്തോടുള്ള സ്നേഹം മനുഷ്യൻ്റെ ആഗ്രഹത്തിന്റെ അടിസ്ഥാനപരമായ ആവശ്യമാണ്. അവിടന്നുമായുള്ള കൂട്ടായ്മയിൽ അത് പൂർത്തീകരിക്കപ്പെടുന്നു. നമ്മെ മുൻകൂട്ടി സ്നേഹിച്ച അവിടത്തെ സ്നേഹത്തോട് പ്രതികരിക്കുമ്പോഴാണ് നമ്മുടെ സ്നേഹം ആധികാരികമാകുന്നത്. ഒരു വ്യക്തി മുഴുവനായി അതായത്, ഹൃദയവും ആത്മാവും മനസ്സും ഉൾചേരുന്ന പൂർണമായ പ്രതിബദ്ധത ഇതിന് ആവശ്യമാണ്.

ക്രിസ്തുവിൻ്റെ കണ്ണുകളിലൂടെ മറ്റുള്ളവരെ കാണുക

ഒന്നാമത്തെ കല്പനയോടൊപ്പം കർത്താവ് രണ്ടാമതൊരു കല്പനകൂടി ചേർക്കുന്നു: 'നിന്നെപ്പോലെ നിൻ്റെ അയൽക്കാരനെയും സ്നേഹിക്കണം'. ദൈവവുമായുള്ള അടുത്ത ബന്ധം വഴിയായി, നമ്മെയും മറ്റുള്ളവരെയും ക്രിസ്തുവിൻ്റെ കണ്ണുകളിലൂടെ നോക്കിക്കാണാൻ നാം പഠിക്കുന്നു. അങ്ങനെ, സ്വാർത്ഥത മറികടക്കാനും നമ്മുടെ അസ്ഥിത്വംതന്നെ മറ്റുള്ളവർക്കു വേണ്ടിയുള്ള ഒരു സമ്മാനമാക്കാനും നമുക്ക് കഴിയണം.

സ്നേഹം വിശ്വാസത്തിൻ്റെ അന്തസത്ത

തുടർന്ന്, സഭയുടെ ജീവനും ദൗത്യവും സ്നേഹത്താൽ പ്രചോദിതമാണെന്നുള്ള വിശുദ്ധ കൊച്ചുത്രേസ്യയുടെ വാക്കുകൾ ലിയോ പാപ്പാ അനുസ്മരിച്ചു. സ്നേഹം അണഞ്ഞുപോയാൽ പിന്നെ സുവിശേഷം പ്രഘോഷിക്കപ്പെടുകയില്ല. സ്നേഹമില്ലെങ്കിൽ നമ്മുടെ വിശ്വാസത്തിന് അതിൻ്റെ അന്തസത്തതന്നെ നഷ്ടപ്പെടും. നമ്മുടെ നല്ല പ്രവൃത്തികൾ ധാർമികതയിലേക്കു മാത്രമായി ചുരുങ്ങിപ്പോകും, നമ്മുടെ പ്രത്യാശ വ്യാർത്ഥമാവുകയും ചെയ്യും. വിശുദ്ധ കൊച്ചുത്രേസ്യ ഇത് നന്നായി മനസ്സിലാക്കിയിരുന്നുവെന്ന് പാപ്പാ പറഞ്ഞു.

'പ്രിയപ്പെട്ടവരേ, ഈ സ്നേഹം നമ്മുടെ സഹോദരീസഹോദരന്മാരോടുള്ള സ്നേഹമായി കവിഞ്ഞൊഴുകാതെ നമുക്ക് ദൈവത്തെ യഥാർത്ഥത്തിൽ സ്നേഹിക്കാൻ കഴിയുകയില്ല. തന്റെ പുത്രനായ യേശുവിൽ നമ്മെ ആദ്യം സ്നേഹിച്ച അതേ പിതാവിൻ്റെ മക്കളെന്ന നിലയിലല്ലാതെ നമുക്ക് നമ്മുടെ അയൽക്കാരെ ആത്മാർത്ഥമായി സ്നേഹിക്കാനും കഴിയുകയില്ല' - പാപ്പാ പറഞ്ഞു.

'അതിനാൽ, മഹത്തായ ഈ കൽപ്പനയെ സ്വീകരിക്കുകയും അത് ജീവിതത്തിൽ പ്രാവർത്തികമാക്കാൻ കഴിവുള്ള ഒരു പുതിയ ഹൃദയം ലഭിക്കുന്നതിനുള്ള കൃപയ്ക്കായി കർത്താവിനോട് നമുക്ക് പ്രാർത്ഥിക്കാം. തൻ്റെ അമലോൽഭവഹൃദയത്തിൽ സ്നേഹമല്ലാതെ മറ്റൊന്നുമില്ലാത്ത പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥ്യം നമുക്ക് തേടുകയും ചെയ്യാം' - ഈ വാക്കുകളോടെ പാപ്പാ തൻ്റെ സന്ദേശം ഉപസംഹരിച്ചു

മാർപാപ്പമാരുടെ ഇതുവരെയുള്ള ഞായറാഴ്ച ദിന സന്ദേശങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യു

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.