ലണ്ടന്‍: യുകെ ആസ്ഥാനമായുള്ള പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ 'എയ്ഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്്' (എസിഎന്‍) തയ്യാറാക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ആഗോള തലത്തില്‍ ക്രൈസ്തവര്‍ക്കെതിരായ പീഡനങ്ങള്‍ വലിയ തോതില്‍ വര്‍ധിക്കുന്നതായി കണ്ടെത്തി. നൈജീരിയ, ബുര്‍ക്കിന ഫാസോ, മാലി, നിക്കരാഗ്വ, നൈജര്‍ തുടങ്ങിയ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണം രൂക്ഷമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഘടന പഠന വിധേയമാക്കിയ 55 ശതമാനം രാജ്യങ്ങളിലും ക്രൈസ്തവര്‍ക്കെതിരെയുള്ള അടിച്ചമര്‍ത്തലുകള്‍ കൂടുതല്‍ വഷളായിട്ടുണ്ട്. 2024 ഓഗസ്റ്റിനും 2026 ജൂണിനുമിടയില്‍ ആഫ്രിക്ക, ഏഷ്യ, മിഡില്‍ ഈസ്റ്റ്, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലെ 18 രാജ്യങ്ങളില്‍ സംഘര്‍ഷങ്ങള്‍, തീവ്രവാദം, മതപരമായ അക്രമങ്ങള്‍ എന്നിവ മൂലം ക്രൈസ്തവര്‍ തങ്ങളുടെ വീടുകളില്‍ നിന്ന് നിര്‍ബന്ധിതമായി കുടിയൊഴിപ്പിക്കപ്പെടുകയാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ലോകമെമ്പാടുമുള്ള 22 കോടി (220 ദശലക്ഷം) ക്രൈസ്തവര്‍ നേരിട്ടുള്ള പീഡനങ്ങള്‍ അനുഭവിക്കുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പ്യൂ റിസര്‍ച്ച് സെന്ററിന്റെ ഏറ്റവും പുതിയ വിവരങ്ങളനുസരിച്ച് അധിക്ഷേപങ്ങള്‍ മുതല്‍ കൊലപാതകങ്ങള്‍ വരെയുള്ള ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ 2021 ല്‍ 160 രാജ്യങ്ങളിലായിരുന്നത് 2023 ആയപ്പോഴേക്കും 165 രാജ്യങ്ങളായി ഉയര്‍ന്നു.
പാശ്ചാത്യവിരുദ്ധ മനോഭാവമുള്ള രാജ്യങ്ങളില്‍ ഏകാധിപത്യ ഭരണകൂടങ്ങള്‍ നടത്തുന്ന ക്രൈസ്തവ പീഡനങ്ങള്‍ മുമ്പെങ്ങുമില്ലാത്തവിധം വര്‍ധിച്ചിട്ടുണ്ട്. ചൈനീസ് ഭരണകൂടം മതപരമായ സിദ്ധാന്തങ്ങളെ കമ്മ്യൂണിസ്റ്റ് തത്ത്വങ്ങളുമായി കൂടുതല്‍ അടുപ്പിക്കുന്നതിന്റെ ഭാഗമായി ക്രൈസ്തവര്‍ക്കു മേലുള്ള അടിച്ചമര്‍ത്തല്‍ ശക്തമാണ്.
ഇത് കൂട്ട അറസ്റ്റുകള്‍ക്കും നിയമപരമായ സാങ്കേതികത്ത്വങ്ങള്‍ പറഞ്ഞ് വൈദികരെ തടവിലാക്കുന്നതിനും പള്ളികള്‍ അടച്ചു പൂട്ടുന്നതിനും സോഷ്യല്‍ മീഡിയയിലൂടെയുള്ള മതപരമായ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്നതിനും കാരണമായി.
നിക്കരാഗ്വയിലെ ഭരണകൂടം ക്രൈസ്തവര്‍ക്കെതിരെയുള്ള നടപടികള്‍ ശക്തമാക്കിയതായും വൈദികരെ അറസ്റ്റ് ചെയ്യുകയും നാടുകടത്തുകയും ചെയ്യുക, പൗരോഹിത്യ സ്വീകരണം തടയുക, സഭാ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കുക, ബൈബിളുമായി രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയുക എന്നിവ ചെയ്യുന്നതായും റിപ്പോര്‍ട്ട് പറയുന്നു. ഇറാനില്‍ അടിച്ചമര്‍ത്തലുകള്‍ ശക്തമായതോടെ 12 മാസത്തിനുള്ളില്‍ ക്രൈസ്തവരുടെ അറസ്റ്റ് ഇരട്ടിയായതായും റിപ്പോര്‍ട്ടിലുണ്ട്.
സബ്-സഹാറന്‍ ആഫ്രിക്കയെ പ്രത്യേകമായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. മിഡില്‍ ഈസ്റ്റിലെ ഐഎസ് അക്രമങ്ങള്‍ക്ക് ശേഷം ഏറ്റവും വലിയ തീവ്രവാദി ആക്രമണങ്ങള്‍ നടന്ന പ്രദേശങ്ങളായി നൈജീരിയ, ബുര്‍ക്കിന ഫാസോ, മാലി, നൈജര്‍ എന്നിവയെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. സാഹെല്‍ മേഖലയിലെ ജിഹാദി അക്രമങ്ങള്‍ മൂലം നിലവില്‍ രാജ്യത്തിന്റെ 40 ശതമാനം തീവ്രവാദി ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലായതായും റിപ്പോര്‍ട്ട് വിവരിക്കുന്നു.
പീഡനമോ, അടിച്ചമര്‍ത്തലോ അനുഭവിക്കുന്ന സഹായം ആവശ്യമുള്ള ക്രൈസ്തവരെ പിന്തുണയിലൂടെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും അവബോധം സൃഷ്ടിക്കുന്നതിലൂടെയും സഹായിക്കാന്‍ രൂപീകരിച്ച ഒരു കത്തോലിക്കാ ചാരിറ്റിയാണ് പ്രസ്ഥാനമാണ് 'എയ്ഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്.'
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.