ഇസ്രയേല്‍ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടരുന്നു; ഭരണപക്ഷ സഖ്യം മുന്നില്‍: നെതന്യാഹുവിന് ആശ്വാസമായത് തന്റെ പിന്തുണയെന്ന് ട്രംപ്

 ഇസ്രയേല്‍ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടരുന്നു; ഭരണപക്ഷ സഖ്യം മുന്നില്‍: നെതന്യാഹുവിന് ആശ്വാസമായത് തന്റെ പിന്തുണയെന്ന് ട്രംപ്

ഗാദി ഐസന്‍കോട്ട്,                                                                ബെഞ്ചമിന്‍ നെതന്യാഹു

ടെല്‍ അവീവ്: ഇസ്രയേല്‍ തിരഞ്ഞെടുപ്പില്‍ 55 ശതമാനം വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി നയിക്കുന്ന സഖ്യം മുന്നില്‍. ലിക്കുഡ് പാര്‍ട്ടി നയിക്കുന്ന സഖ്യം 56 സീറ്റിലാണ് മുന്നിലുള്ളത്.

മുന്‍ ഇസ്രായേലി മിലിട്ടറി ചീഫ് ഓഫ് സ്റ്റാഫ് ഗാദി ഐസന്‍കോട്ടിന്റെ 'യഷാര്‍' പാര്‍ട്ടി നയിക്കുന്ന പ്രതിപക്ഷ സഖ്യം 49 സീറ്റിലും മുന്നേറുന്നുണ്ട്. അറബ് പാര്‍ട്ടികള്‍ 15 സീറ്റില്‍ മുന്നിലുണ്ട്. 120 അംഗങ്ങളുള്ള ഇസ്രയേല്‍ പാര്‍ലമെന്റായ നെസറ്റില്‍ 61 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. നിലവില്‍ ഒരു സഖ്യത്തിനും കേവല ഭൂരിപക്ഷമില്ലാത്തിന് സാധ്യതയില്ല.

ഒരു വലതുപക്ഷ സര്‍ക്കാര്‍ തന്നെ രാജ്യത്ത് അധികാരത്തില്‍ വരുമെന്ന് ബിന്യമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു. എക്സിറ്റ് പോളുകള്‍ തൂക്കുസഭക്ക് സാധ്യത കല്‍പ്പിക്കുന്നുണ്ടെങ്കിലും തങ്ങളുടെ ലിക്കുഡ് പാര്‍ട്ടിയാണ് രാജ്യത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന് നെതന്യാഹു അവകാശപ്പെട്ടു.

അറബ് പാര്‍ട്ടികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് നെതന്യാഹു പറഞ്ഞു. അറബ് പാര്‍ട്ടികളുമായുള്ള സഖ്യം നാണക്കേടും അപമാനവുമാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇസ്രയേല്‍ ജനത മാറ്റത്തിന് അനുകൂലമായി വോട്ട് ചെയ്തെന്നും അവിശ്വാസം രേഖപ്പെടുത്തിയ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു തോല്‍വി അംഗീകരിച്ച് പദവി ഒഴിയണമെന്നും പ്രതിപക്ഷ കക്ഷി നേതാവ് ഗാദി ഐസന്‍കോട്ട് ആവശ്യപ്പെട്ടു.

77.07 ശതമാനം പോളിങാണ് ഈ തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത്. 1999 ന് ശേഷം ആദ്യമായാണ് ഇത്ര ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തുന്നത്. ഔദ്യോഗികമായ കണക്ക് പ്രസിദ്ധീകരിച്ചിട്ടില്ല. നിലവില്‍ വോട്ടെണ്ണല്‍ തുടരുകയാണ്. ആര് ഭരിക്കുമെന്ന് ഇന്ന് അറിയുമെങ്കിലും നവംബര്‍ നാലിനാണ് ഔദ്യോഗിക ഫല പ്രഖ്യാപനം.

അതിനിടെ ഇസ്രയേല്‍ തിരഞ്ഞെടുപ്പില്‍ നെതന്യാഹുവിന് കരുത്തേകിയത് തന്റെ പിന്തുണയാണെന്ന് അവകാശപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി.

'പ്രസിഡന്റ് ട്രംപ് ബിബിയെ പിന്തുണച്ചതോടെ കാര്യങ്ങള്‍ മാറിമറഞ്ഞു. പ്രധാനമന്ത്രിയായ നെതന്യാഹുവിന് കനത്ത പരാജയം നേരിടേണ്ടി വരുന്നതിന് പകരം ഇപ്പോള്‍ തുല്യ നിലയിലേക്കോ വിജയത്തിലേക്കോ എത്തുന്നു. പശ്ചിമേഷ്യയ്ക്കും ഇസ്രയേലിനും യുഎസിനും നല്ലത് മാത്രം ആഗ്രഹിക്കുന്ന താന്‍ നെതന്യാഹുവിനെ പിന്തുണച്ചതിന് ശേഷമാണ് ഇതെല്ലാം സംഭവിച്ചത്' - ട്രംപ് സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.