ശ്രീഹരിക്കോട്ട: തദ്ദേശീയ ഗതിനിര്‍ണയ സംവിധാനമായ നാവിക് പരമ്പരയ്ക്ക് കരുത്തേകി ഇന്ത്യയുടെ അത്യാധുനിക ഉപഗ്രഹം എന്‍.വി.എസ്-03 വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് ജി.എസ്.എല്‍.വി.-എഫ് 18 റോക്കറ്റ് ഉപയോഗിച്ചാണ് 2,232 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം ഭ്രമണപഥത്തിലേക്ക് തൊടുത്തത്. അമേരിക്കയുടെ ജി.പി.എസിന് പകരമായി പൂര്‍ണ്ണമായും ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത ഗതിനിര്‍ണയ സാങ്കേതികവിദ്യ കൂടുതല്‍ ശക്തമാക്കാന്‍ ഈ ദൗത്യത്തിന് സാധിക്കും.
12 വര്‍ഷത്തെ പ്രവര്‍ത്തന കാലാവധിയുള്ള ഈ ഉപഗ്രഹം രാജ്യത്തിന്റെ തന്ത്രപ്രധാന വിവരശേഖരണത്തില്‍ വഴിത്തിരിവാകും. സാധാരണ മൊബൈല്‍ ഫോണുകളില്‍ പ്രവര്‍ത്തിക്കുന്ന ലൊക്കേഷന്‍ സേവനങ്ങള്‍ കൂടുതല്‍ കൃത്യതയുള്ളതാക്കാന്‍ എന്‍.വി.എസ്-03 സഹായിക്കും. എല്‍-5, എസ് ഫ്രീക്വന്‍സികള്‍ക്ക് പുറമെ പുതുതായി എല്‍-1 ഫ്രീക്വന്‍സി സിഗ്‌നലുകള്‍ കൂടി ലഭ്യമാക്കുന്നതാണ് ഈ ഉപഗ്രഹത്തിന്റെ പ്രത്യേകത. സമയനിര്‍ണയം അതിസൂക്ഷ്മമാക്കാന്‍ ഇന്ത്യ സ്വന്തമായി നിര്‍മ്മിച്ച റൂബിഡിയം അറ്റോമിക് ക്ലോക്കാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. നാവിക് ശ്രേണിയിലെ പഴയ ഉപഗ്രഹങ്ങളില്‍ ചിലതിനുണ്ടായ സാങ്കേതിക തടസ്സങ്ങള്‍ പരിഹരിച്ച് ഗതിനിര്‍ണയം കൂടുതല്‍ സുഗമമാക്കാന്‍ ഈ പുതിയ വിക്ഷേപണത്തിലൂടെ സാധിക്കും.
റെയില്‍വേ, റോഡ്, വ്യോമ ഗതാഗതങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്നതിനൊപ്പം പ്രതിരോധം, ടെലികോം, ദുരന്തനിവാരണം എന്നീ മേഖലകള്‍ക്കും ഈ ഉപഗ്രഹം വലിയ സേവനമായിരിക്കും നല്‍കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.