വോട്ട് ചോരി ആരോപണം: തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ ഇന്ത്യാ സഖ്യം സുപ്രീം കോടതിയിലേക്ക്; തിങ്കളാഴ്ച ചലോ ഡല്‍ഹി മാര്‍ച്ച്

വോട്ട് ചോരി ആരോപണം: തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ ഇന്ത്യാ സഖ്യം സുപ്രീം കോടതിയിലേക്ക്; തിങ്കളാഴ്ച ചലോ ഡല്‍ഹി മാര്‍ച്ച്

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രക്രിയയിലെ ക്രമക്കേടുകളും വോട്ട് ചോരി ആരോപണങ്ങളും മുന്‍നിര്‍ത്തി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി ഇന്ത്യാ സഖ്യം. തിങ്കളാഴ്ച ഡല്‍ഹിയില്‍ വന്‍ പ്രതിഷേധ മാര്‍ച്ചോടെ സുപ്രീം കോടതിയിലെത്തി ഹര്‍ജി സമര്‍പ്പിക്കുമെന്ന് ഇന്ദിരാ ഭവനില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

തിങ്കളാഴ്ച ഉച്ചയ്ക്ക് 1:30 ന് കൊണാട്ട് പ്ലേസ്-ബരഖംബ റോഡ് ജങ്ഷനില്‍ നിന്ന് ആരംഭിക്കുന്ന ചലോ ഡല്‍ഹി-മാര്‍ച്ച് ഫോര്‍ ഡെമോക്രസി ഉച്ചയ്ക്ക് മൂന്നോടെ സുപ്രീം കോടതിയില്‍ സമാപിക്കുകയും തുടര്‍ന്ന് ഹര്‍ജി നല്‍കുകയും ചെയ്യും. ഗ്യാനേഷ് കുമാറിന് നിലവിലെ സാഹചര്യത്തില്‍ ഉറക്കമില്ലാത്ത രാത്രികളാണെന്നും അദേഹം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനത്ത് അധികകാലം തുടരില്ലെന്നും രാഹുല്‍ ഗാന്ധി അറിയിച്ചു. തെറ്റായ കാര്യങ്ങള്‍ക്ക് കൂട്ടുനിന്ന അദേഹം സ്വയം രാജിവെച്ച് ഒഴിയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

ജനപ്രതിനിധികളെയും സമരക്കാരെയും തടയാനായി തലസ്ഥാന നഗരിയെ കേന്ദ്ര പൊലീസ് പൂര്‍ണമായും നിരോധനാജ്ഞ സമാനമായ കോട്ടയാക്കി മാറ്റിയിരിക്കുകയാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. ബസുകളിലും ട്രെയിനുകളിലും എത്തുന്ന സാധാരണക്കാരെ പോലും പൊലീസ് വഴികളില്‍ തടയുന്ന സാഹചര്യമാണ് ഉള്ളത്. എന്നാല്‍ ഭരണഘടനയെ മുന്‍നിര്‍ത്തിയുള്ള ഈ പോരാട്ടത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ഗ്യാനേഷ് കുമാര്‍ സ്ഥാനമൊഴിയുന്നത് വരെ രാജ്യത്തെ യുവജനങ്ങളും പ്രതിപക്ഷവും പ്രതിഷേധം തുടരുമെന്നും അദേഹം വ്യക്തമാക്കി.

ഇത് മോഡിയോ രാഹുല്‍ ഗാന്ധിയോ തമ്മിലുള്ള വ്യക്തിപരമായ വിഷയമല്ലെന്നും രാജ്യത്തെ ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യവും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കാനുള്ള വിശാല പോരാട്ടമാണെന്നും അദേഹം പറഞ്ഞു. അതിനാല്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും യുവാക്കളും കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഈ പ്രതിഷേധ മാര്‍ച്ചില്‍ അണിചേരണമെന്ന് രാഹുല്‍ ഗാന്ധി ആഹ്വാനം ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.