ടെല്‍ അവീവ്: പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം നേടാനാകാതെ അനിശ്ചിതത്വം നിലനില്‍ക്കുന്ന ഇസ്രയേലില്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെ ഭരണത്തില്‍ നിന്ന് ഒഴിവാക്കാനായി പുതിയ രാഷ്ട്രീയ നീക്കങ്ങളുമായി പ്രതിപക്ഷ സഖ്യം രംഗത്ത്. കേവല ഭൂരിപക്ഷത്തിന്റെ കുറവ് മറികടക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രിയെ ജനങ്ങള്‍ നേരിട്ട് തിരഞ്ഞെടുക്കുന്ന പഴയ സമ്പ്രദായം തിരിച്ചുകൊണ്ടുവരാനുള്ള നിയമ നിര്‍മാണമാണ് പ്രതിപക്ഷം പ്രധാനമായും ആലോചിക്കുന്നത്.
പാര്‍ലമെന്ററി തിരഞ്ഞെടുപ്പില്‍ സഭയില്‍ ഭൂരിപക്ഷമില്ലെങ്കിലും നേരിട്ടുള്ള തിരഞ്ഞെടുപ്പിലൂടെ ജയിക്കുന്ന സ്ഥാനാര്‍ഥിക്ക് ന്യൂനപക്ഷ സര്‍ക്കാരുണ്ടാക്കി മുന്നോട്ടുപോകാനാകും എന്ന കണക്കുകൂട്ടലിലാണ് നേതാക്കള്‍ ഈ നീക്കം നടത്തുന്നത്. സമാനമായ നിയമഭേദഗതി 2021 ലെ തിരഞ്ഞെടുപ്പ് ഘട്ടത്തിലും നെതന്യാഹു നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇസ്രയേലിന്റെ അടിസ്ഥാന നിയമമായ ബേസിക് ലോ: ദി ഗവണ്‍മെന്റ് അനുസരിച്ച് ഒരു സര്‍ക്കാരിന് അധികാരം ലഭിക്കണമെങ്കില്‍ നെസറ്റില്‍ കുറഞ്ഞത് 61 എം.പിമാരുടെ ഭൂരിപക്ഷം തെളിയിക്കേണ്ടതുണ്ട്. അതിനാല്‍ പുതിയ നീക്കം പ്രായോഗികമാക്കണമെങ്കിലും പാര്‍ലമെന്റില്‍ 61 എം.പിമാരുടെ കേവല ഭൂരിപക്ഷത്തോടെ നിയമഭേദഗതി പാസാക്കേണ്ടതുണ്ട്.
ആകെ 120 അംഗങ്ങളുള്ള ഇസ്രയേല്‍ പാര്‍ലമെന്റില്‍ നെതന്യാഹുവിന്റെ പക്ഷത്തിന് 53 സീറ്റുകളും ഗാദി ഐസന്‍കോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിന് 48 സീറ്റുകളുമാണ് ലഭിച്ചത്. അറബ് പ്രതിനിധാനമുള്ള രണ്ട് പാര്‍ട്ടികള്‍ക്കായി 19 സീറ്റുകളും ഉണ്ട്. ഇതോടെ നെതന്യാഹുവിനെതിരെയുള്ള എല്ലാ വിഭാഗങ്ങളുടെയും ആകെ അംഗബലം 67 ആയി മാറുമെങ്കിലും അറബ് പാര്‍ട്ടികളുടെ പിന്തുണ തേടുന്നതില്‍ പ്രതിപക്ഷത്തിലെ ചില ജൂത വിഭാഗങ്ങള്‍ക്ക് ശക്തമായ വിയോജിപ്പുണ്ട്.
ഇതിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജൂത-അറബ് സംയുക്ത ഭരണകൂടത്തിനായി വീണ്ടും പ്രതിഷേധങ്ങള്‍ അരങ്ങേറി. ജനാധിപത്യത്തില്‍ അറബ് വോട്ടുകള്‍ക്കും ജൂത വോട്ടുകള്‍ക്കും ഒരേ മൂല്യമാണെന്നും പുതിയ സര്‍ക്കാര്‍ രൂപവല്‍കരണത്തില്‍ അറബ് പാര്‍ട്ടികളെ പങ്കാളികളാക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
ലേബര്‍ പാര്‍ട്ടിയും മെറെറ്റ്‌സും ലയിച്ച് രൂപീകരിച്ച യെയര്‍ ഗോലന്റെ നേതൃത്വത്തിലുള്ള ദ ഡെമക്രാറ്റ്‌സ് പാര്‍ട്ടി ഇത്തവണ എട്ട് സീറ്റുകള്‍ നേടിയിട്ടുണ്ട്. ഭരണഘടന സംരക്ഷിക്കാനും പ്രതിസന്ധി പരിഹരിക്കാനും അറബ് നേതൃത്വത്തിലുള്ള റാം, ജോയിന്റ് ലിസ്റ്റ് എന്നി പാര്‍ട്ടികളുടെ പിന്തുണ സ്വീകരിക്കണമെന്ന് ഗോലന്‍ സഖ്യത്തോട് ആവശ്യപ്പെട്ടു. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ അറബ് നേതൃത്വത്തിലുള്ള ഇസ്ലാമിക് പാര്‍ട്ടിയായ റാമിന്റെ പ്രതിനിധിയായി മുന്‍ ജൂത പൊലീസ് ഉദ്യോഗസ്ഥനായ യോവ് സെഗലോവിറ്റ്‌സ് പാര്‍ലമെന്റിലെത്തും. മന്‍സൂര്‍ അബ്ബാസ് നയിക്കുന്ന റാമിന് എട്ട് സീറ്റുകളാണ് ലഭിച്ചത്. ജൂത-അറബ് ജന വിഭാഗങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തമാക്കുകയും രാഷ്ട്രീയ ഐക്യം തകരാതെ മുന്നോട്ട് കൊണ്ടുപോകുകയുമാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് സെഗലോവിറ്റ്‌സ് പ്രതികരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.