കമ്പാല: ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവര്‍ക്ക് അഭയം നല്‍കിയ ക്രൈസ്തവ അധ്യാപകനെ ഉഗാണ്ടയില്‍ അക്രമികള്‍ മര്‍ദിച്ചു കൊലപ്പെടുത്തി. ബെഞ്ചമിന്‍ കുലെ മയാനി (45) എന്ന അധ്യാപകനാണ് കൊല്ലപ്പെട്ടത്. ഉഗാണ്ടയുടെ പടിഞ്ഞാറന്‍ മേഖലയിലാണ് ദാരുണ സംഭവം ഉണ്ടായത്.
ഇസ്ലാം വിശ്വാസം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച യുവതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതാണ് കൊലപാതകത്തിന് കാരണം. ഒരു മാസം മുന്‍പ് നടന്ന കൊലപാതകത്തിന്റെ വിവരങ്ങള്‍ ഇപ്പോഴാണ് പുറത്തു വരുന്നത്.
സംഭവ ദിവസം തന്നെ ഉഗാണ്ടന്‍ പോലീസിന് കൊലപാതകം സംബന്ധിച്ച വിവരം ലഭിച്ചിരിന്നുവെങ്കിലും രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. ക്രൈസ്തവ പീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന 'മോര്‍ണിംഗ് സ്റ്റാര്‍ ന്യൂസ്' ആണ് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം വാര്‍ത്ത പുറം ലോകത്തെ അറിയിച്ചത്. പീഡിത ക്രൈസ്തവരെ പിന്തുണയ്ക്കുന്ന 'വോയ്‌സ് ഓഫ് ദി മാര്‍ട്ടിയേഴ്‌സ്' ഉള്‍പ്പെടെയുള്ള സംഘടനകളും സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കസെസെ ജില്ലയില്‍ കാസൊകെറോ ഗ്രാമത്തില്‍ താമസിച്ചിരുന്ന എക്‌സലന്റ് നഴ്‌സറി ആന്‍ഡ് പ്രൈമറി സ്‌കൂളിലെ അധ്യാപകനായിരുന്നു കൊല്ലപ്പെട്ട ബെഞ്ചമിന്‍. അധ്യാപന ജോലിക്കു പുറമേ, ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവര്‍ക്ക് ഭീഷണിയുണ്ടാകുന്ന പശ്ചാത്തലത്തില്‍ അഭയവും സഹായവും നല്‍കുന്ന പ്രവര്‍ത്തനങ്ങളിലും അദ്ദേഹം പങ്കാളിയായിരുന്നു.
സംഭവ ദിവസം ഇസിഫു മര്‍ജാനി എന്നയാള്‍ ഫോണില്‍ വിളിച്ച് സ്‌കൂളിലേക്ക് വരാന്‍ ആവശ്യപ്പെട്ടതനുസരിച്ച് മയാനിയും സഹപ്രവര്‍ത്തകനായ പാസ്‌കല്‍ മുഹിന്‍ഡോയും യാത്ര തിരിക്കുകയായിരുന്നു.
സ്‌കൂളില്‍ നിന്ന് ഏകദേശം രണ്ട് കിലോമീറ്റര്‍ അകലെവച്ച് മൂന്നു പേര്‍ ഇവരെ തടഞ്ഞു നിര്‍ത്തി. ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഷരീഫ എവിടെയാണെന്ന് അക്രമികള്‍ ചോദിച്ചു. ഇതിനിടെ ഒരാള്‍ വലിയ വടികൊണ്ട് അധ്യാപകന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.
മയാനിക്കൊപ്പമുണ്ടായിരുന്ന മുഹിന്‍ഡോ അവിടെ നിന്ന് ഓടി രക്ഷപ്പെട്ട് നാട്ടുകാരെ കൂട്ടി തിരിച്ചെത്തിയപ്പോഴേക്കും മയാനി സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.