ഗ്രൗണ്ട് സ്റ്റോപ്പ് പിന്‍വലിച്ചു; അമേരിക്കയില്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു: സൈബര്‍ ആക്രമണമോ എഐയോ അല്ലെന്ന് അല്ലെന്ന് ട്രംപ്

ഗ്രൗണ്ട് സ്റ്റോപ്പ് പിന്‍വലിച്ചു; അമേരിക്കയില്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു: സൈബര്‍ ആക്രമണമോ എഐയോ അല്ലെന്ന് അല്ലെന്ന് ട്രംപ്

വാഷിങ്ടണ്‍: എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനത്തിലുണ്ടായ ആശയ വിനിമയ തകരാറിനെ തുടര്‍ന്ന് അമേരിക്കയില്‍ നിര്‍ത്തിവെച്ച ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു. രാജ്യ വ്യാപകമായി വിമാനങ്ങള്‍ നിലത്തിറക്കാന്‍ നല്‍കിയ ഉത്തരവ് (ഗ്രൗണ്ട് സ്റ്റോപ്പ്) ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍(എഫ്എഎ) പിന്‍വലിച്ചതോടെയാണ് സര്‍വീസുകള്‍ പുനരാരംഭിച്ചത്.

ഈസ്റ്റേണ്‍ സമയം വൈകുന്നേരം 3.54-നാണ് ഗ്രൗണ്ട് സ്റ്റോപ്പ് പ്രാബല്യത്തില്‍ വന്നത്. നിലത്തുണ്ടായിരുന്ന വിമാനങ്ങള്‍ക്ക് പറന്നുയരാന്‍ അനുമതി നല്‍കിയിരുന്നില്ല. ആകാശത്തുണ്ടായിരുന്ന വിമാനങ്ങള്‍ക്ക് ലക്ഷ്യ സ്ഥാനങ്ങളില്‍ ഇറങ്ങാന്‍ മാത്രമാണ് അനുമതി നല്‍കിയത്. ഫ്‌ളൈറ്റ് റഡാര്‍ 24 ന്റെ റിപ്പോര്‍ട്ടനുസരിച്ച് അപ്പോള്‍ 4,042 വിമാനങ്ങള്‍ അമേരിക്കന്‍ വിമാനത്താവളങ്ങളിലേക്ക് പറക്കുകയായിരുന്നു.

ഗ്രൗണ്ട് സ്റ്റോപ്പ് പിന്‍വലിച്ചെങ്കിലും സര്‍വീസുകള്‍ പൂര്‍ണമായും സാധാരണ നിലയിലായിട്ടില്ല. തകരാറിനെ തുടര്‍ന്ന് 11,000 ത്തിലധികം സര്‍വീസുകള്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്തു. ഫ്‌ളൈറ്റ് അവെയറിന്റെ കണക്കനുസരിച്ച് 1,000 ത്തിലധികം സര്‍വീസുകള്‍ റദ്ദാക്കുകയും 10,000 ത്തോളം സര്‍വീസുകള്‍ വൈകുകയും ചെയ്തു.

ബോസ്റ്റണ്‍, ന്യൂയോര്‍ക്ക്, സിയാറ്റില്‍, ലോസ് ഏഞ്ചല്‍സ് തുടങ്ങിയ വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ കുടുങ്ങിയിട്ടുണ്ട്. ഗേറ്റുകള്‍ നിറഞ്ഞതോടെ എത്തിയ വിമാനങ്ങള്‍ ടാക്‌സിവേയില്‍ കാത്തു കിടക്കേണ്ടി വന്നു. തകരാര്‍ അമേരിക്കയ്ക്ക് പുറത്തേക്കും വ്യാപിച്ചതോടെ കാനഡയില്‍ നിന്നും യൂറോപ്പില്‍ നിന്നുമുള്ള സര്‍വീസുകളും റദ്ദാക്കേണ്ടി വന്നു.

തകരാറിന് പിന്നില്‍ സൈബര്‍ ആക്രമണമോ എഐയോ അല്ലെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. എഫ്എഎയുടെ ഗ്രൗണ്ട് സ്റ്റോപ്പുമായി തങ്ങളുടെ സേവനങ്ങള്‍ക്ക് ബന്ധമുണ്ടെന്നതിന് സൂചനയില്ലെന്ന് മൈക്രോസോഫ്റ്റും വ്യക്തമാക്കി. മനപൂര്‍വമുള്ള ആക്രമണമാണെന്നതിന് ഉടനടി സൂചനയില്ലെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി മാര്‍ക്വെയ്ന്‍ മുള്ളിന്‍ വൈറ്റ് മാധ്യമങ്ങളോട് പറഞ്ഞു.

പുതിയ എഐ അധിഷ്ഠിത എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനവുമായി ബന്ധപ്പെട്ട പ്രശ്‌നമുണ്ടോ എന്നതുള്‍പ്പെടെ എല്ലാ സാധ്യതകളും പരിശോധിക്കുകയാണെന്നും ഇത് മറ്റൊരു സെപ്റ്റംബര്‍ 11 അല്ലെന്നും ജനങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യവ്യാപക ഗ്രൗണ്ട് സ്റ്റോപ്പിന് തൊട്ടുമുമ്പ് ചിക്കാഗോയിലെ വ്യോമ ഗതാഗതവും എഫ്എഎ നിര്‍ത്തി വെച്ചിരുന്നു. 2001 സെപ്റ്റംബര്‍ 11 ന് ശേഷം അമേരിക്കയില്‍ രണ്ടാമതാണ് ഇത്തരമൊരു രാജ്യവ്യാപക നിയന്ത്രണം. 2023 ജനുവരിയില്‍ പൈലറ്റുമാര്‍ക്ക് സുരക്ഷാ വിവരങ്ങള്‍ നല്‍കുന്ന വ്യോമ ദൗത്യങ്ങള്‍ക്കുള്ള അറിയിപ്പ് സംവിധാനം തകരാറിലായതിനെ തുടര്‍ന്ന് രണ്ട് മണിക്കൂറില്‍ താഴെ ആഭ്യന്തര സര്‍വീസുകള്‍ നിര്‍ത്തിയിരുന്നു.

പുതിയ സംഭവം അമേരിക്കന്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനത്തിന്റെ വിശ്വാസ്യതയെക്കുറിച്ചുള്ള ആശങ്ക വീണ്ടും ഉയര്‍ത്തിയിട്ടുണ്ട്. ഉപകരണങ്ങളുടെയും ആശയ വിനിമയത്തിന്റെയും തകരാറുകള്‍, ജീവനക്കാരുടെ കുറവ്, പഴക്കം ചെന്ന അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയാണ് സംവിധാനം നേരിടുന്ന പ്രധാന വെല്ലുവിളികള്‍.

എഫ്എഎയുടെ സാങ്കേതിക വിദ്യയില്‍ ഭൂരിഭാഗവും പതിറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. നാനൂറിലധികം കേന്ദ്രങ്ങളില്‍ കാലാവസ്ഥാ വിവരങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഫ്‌ളോപ്പി ഡിസ്‌കുകള്‍ 2028 അവസാനത്തോടെ പൂര്‍ണമായി ഒഴിവാക്കുമെന്ന് കഴിഞ്ഞ ആഴ്ച ഏജന്‍സി അറിയിച്ചിരുന്നു.

വിമാനത്താവളങ്ങളും എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനവും നവീകരിക്കാന്‍ 30.1 ബില്യണ്‍ ഡോളര്‍ കൂടി അനുവദിക്കണമെന്ന് വൈറ്റ് ഹൗസും ഗതാഗത വകുപ്പും ആവശ്യപ്പെട്ടിരുന്നു. 2025 ജനുവരിയില്‍ റൊണാള്‍ഡ് റീഗന്‍ വാഷിങ്ടണ്‍ നാഷണല്‍ വിമാനത്താവളത്തിന് സമീപമുണ്ടായ വിമാനാപകടത്തില്‍ 67 പേര്‍ മരിച്ചതിന് പിന്നാലെ വ്യോമയാന സുരക്ഷയില്‍ കടുത്ത പരിശോധന നടക്കുന്നതിനിടെയാണ് പുതിയ തകരാര്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.