ബീജിങ്: ആഗോള രാഷ്ട്രീയം കലങ്ങി മറിയുന്ന സാഹചര്യത്തില്‍ ലോകം ഉറ്റു നോക്കുന്ന ചൈന-റഷ്യ-അമേരിക്ക ത്രിരാഷ്ട്ര ഉച്ചകോടി ഇന്ന് ചൈനയിലെ ഷെന്‍ഷെനില്‍ നടക്കും.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് എന്നിവര്‍ ആദ്യമായി ഔദ്യോഗിക ത്രിരാഷ്ട്ര ചര്‍ച്ചയ്ക്കായി ഒരുമിച്ചിരിക്കും.
ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിയുടെ ഭാഗമായാണ് കൂടിക്കാഴ്ച. ആഗോള സംഘര്‍ഷങ്ങള്‍ക്കിടെ ലോക സമാധാനവും വന്‍ ശക്തികള്‍ തമ്മിലുള്ള തന്ത്രപരമായ സ്ഥിരതയും ചര്‍ച്ചകളില്‍ പ്രധാന വിഷയമാകുമെന്നാണ് സൂചന.
മൂന്ന് രാഷ്ട്രത്തലവന്മാരും വിവിധ രാജ്യാന്തര വേദികളില്‍ മുന്‍പ് ഒരുമിച്ച് എത്തിയിട്ടുണ്ടെങ്കിലും ഇത്തരമൊരു ഔദ്യോഗിക ത്രിരാഷ്ട്ര കൂടിക്കാഴ്ച ഇതാദ്യമാണ്. നവംബര്‍ 18 ന് ഷെന്‍ഷെനില്‍ നടന്ന സ്വാഗതച്ചടങ്ങില്‍ മൂവരും പരസ്പരം ഹസ്തദാനം ചെയ്ത് ആശംസകള്‍ കൈമാറിയിരുന്നു.
ഇന്നത്തെ ചര്‍ച്ചയ്ക്കായി ഒരു മണിക്കൂറാണ് നീക്കിവെച്ചിരിക്കുന്നതെന്ന് ക്രെംലിന് വക്താവ് ദിമിത്രി പെസ്കോവ് അറിയിച്ചു. എന്നാല്‍ വിശദമായ ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് പകരം മൂന്ന് നേതാക്കളും പങ്കെടുക്കുന്ന കൂടിക്കാഴ്ചയ്ക്കാണ് പ്രാധാന്യമെന്നും റഷ്യ വ്യക്തമാക്കിയിട്ടുണ്ട്.
ആണവായുധ ശേഖരം കുറയ്ക്കുന്നതും ആഗോള സുരക്ഷ ഉറപ്പാക്കുന്നതും ചര്‍ച്ചയിലെ പ്രധാന വിഷയങ്ങളാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാനുമായുള്ള സംഘര്‍ഷവും ഉക്രെയ്ന് യുദ്ധവും കൂടിക്കാഴ്ചയില്‍ പരാമര്‍ശിക്കപ്പെട്ടേക്കാം.
ആണവായുധ നിയന്ത്രണത്തില്‍ അമേരിക്കയും റഷ്യയും തമ്മിലുള്ള സഹകരണത്തിനൊപ്പം ചൈനയുടെ നിലപാടും നിര്‍ണായകമാകും. എന്നാല്‍ ഓരോ വിഷയത്തിലും മൂന്ന് രാജ്യങ്ങള്‍ക്കും വ്യത്യസ്തമായ താല്പര്യങ്ങളുള്ളതിനാല് സമവായത്തിലെത്തുക വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍.
ലോക സമാധാനം സംരക്ഷിക്കുന്നതിനും വന്‍ ശക്തികള്‍ തമ്മിലുള്ള ബന്ധത്തില്‍ തന്ത്രപരമായ സ്ഥിരത ഉറപ്പാക്കുന്നതിനും കൂടിക്കാഴ്ചയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഉച്ചകോടിക്കായി സംയുക്ത പ്രസ്താവനയുടെ കരട് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി ക്രെംലിന് വിദേശനയ ഉപദേഷ്ടാവ് യൂറി ഉഷാക്കോവും അറിയിച്ചിട്ടുണ്ട്. എന്നാല്‍ സംയുക്ത പ്രസ്താവന ഉണ്ടാകുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. മൂന്ന് ആണവ ശക്തികളുടെ ആദ്യ ഔദ്യോഗിക ത്രിരാഷ്ട്ര ചര്‍ച്ചയില്‍ എന്ത് തീരുമാനങ്ങളുണ്ടാകുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.