യുഎഇ കോണ്‍സല്‍ ജനറലിന് സ്പീക്കര്‍ പത്തുകെട്ട് നോട്ടുകള്‍ നല്‍കിയെന്ന് സരിത്തിന്റെ മൊഴി; സ്വപ്‌നയും സ്പീക്കര്‍ക്കെതിരെ

യുഎഇ കോണ്‍സല്‍ ജനറലിന് സ്പീക്കര്‍ പത്തുകെട്ട് നോട്ടുകള്‍ നല്‍കിയെന്ന് സരിത്തിന്റെ മൊഴി; സ്വപ്‌നയും സ്പീക്കര്‍ക്കെതിരെ


കൊച്ചി: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ വീണ്ടും കുരുക്കിലാക്കി സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌നയുടെയും സരിത്തിന്റേയും നിര്‍ണായക മൊഴികള്‍. യുഎഇ കോണ്‍സല്‍ ജനറലിന് സ്പീക്കര്‍ വന്‍തുക നല്‍കിയെന്നാണ് സരിത്തിന്റെ മൊഴി. ലോക കേരള സഭയുടെ ലോഗോയുള്ള ബാഗില്‍ പത്ത് കെട്ട് നോട്ടുകളാണ് കോണ്‍സല്‍ ജനറലിന് സ്പീക്കര്‍ നല്‍കിയതെന്നും ഇത് തങ്ങളാണ് എത്തിച്ച് കൊടുത്തതെന്നും സരിത്ത് മൊഴിയില്‍ പറയുന്നു.

തിരുവനന്തപുരം വിമാനത്താവളത്തിന് സമീപമുള്ള മരുതം റോയല്‍ അപ്പാര്‍ട്ട്‌മെന്റില്‍ വച്ചാണ് ബാഗ് തന്നെയും സ്വപ്‌നയെയും പണമടങ്ങിയ ബാഗ് ഏല്‍പ്പിച്ചത്. സ്പീക്കര്‍ അവിടേക്ക് തങ്ങളെ വിളിച്ചു വരുത്തുകയായിരുന്നുവെന്നും സരിത്തിന്റെ മൊഴിയിലുണ്ട്. നോട്ട് കെട്ടുകളടങ്ങിയ ബാഗ് തങ്ങളെ ഏല്‍പ്പിച്ച ശേഷം അപ്പാര്‍ട്ട്‌മെന്റ് പൂട്ടി പുറത്തിറങ്ങിയ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ സ്വപ്‌നയുടെ കാറിലാണ് മടങ്ങിയതെന്നും സരിത്ത് മൊഴി നല്‍കിയിട്ടുണ്ട്.

വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ സ്പീക്കര്‍ പദ്ധതിയിട്ടെന്നാണ് സ്വപ്ന സുരേഷ് നല്‍കിയ മൊഴി. ഒമാന്‍ മിഡില്‍ ഈസ്റ്റ് കോളേജിന്റെ ശാഖ ഷാര്‍ജയില്‍ ആരംഭിക്കാനാണ് ശ്രമം നടത്തിയതെന്നാണ് സ്വപ്ന മൊഴി നല്‍കിയിരിക്കുന്നത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിക്കൊപ്പം സമര്‍പ്പിച്ച സ്വപ്നയുടെ മൊഴിയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

മിഡില്‍ ഈസ്റ്റ് കോളേജിന്റെ ശാഖ ഷാര്‍ജയില്‍ ആരംഭിക്കാനായി സൗജന്യമായി ഭൂമി ലഭിക്കാന്‍ ഷാര്‍ജ ഭരണാധികാരിയുമായി സ്പീക്കര്‍ തിരുവനന്തപുരത്ത് വെച്ച് കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയില്‍ ഭൂമി നല്‍കാമെന്ന് വാക്കാല്‍ ഉറപ്പുകിട്ടിയെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.

എന്തിനാണ് സ്പീക്കര്‍ ഇക്കാര്യത്തില്‍ താത്പര്യമെടുത്തതെന്ന ചോദ്യത്തിന് അദ്ദേഹത്തിന് മിഡില്‍ ഈസ്റ്റ് കോളേജില്‍ നിക്ഷേപമുണ്ടെന്നായിരുന്നു സ്വപ്നയുടെ മറുപടി. കോളേജിന്റെ ശാഖകള്‍ വര്‍ധിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നു. അതിന്റെ ഭാഗമായിട്ടായിരുന്നു ഈ നീക്കം. അവിടുത്തെ കാര്യങ്ങള്‍ നോക്കി നടത്താന്‍ താനാണ് മികച്ചയാളെന്ന് പറഞ്ഞതായും സ്വപ്നയുടെ മൊഴിയിലുണ്ട്.

സ്വപ്നയും ശിവശങ്കറും തമ്മിലുള്ള വാട്സാപ്പ് ചാറ്റ് അടിസ്ഥാനമാക്കി നടത്തിയ ചോദ്യം ചെയ്യലില്‍ സ്വപ്ന പറഞ്ഞ കാര്യങ്ങളാണ് ഇ.ഡി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ശ്രീരാമകൃഷ്ണന്‍ ഇത്തവണ മത്സരിക്കുന്നില്ലെങ്കിലും സ്വപ്‌നയുടെയും സരിത്തിന്റെയും സ്പീക്കര്‍ക്കെതിരായ മൊഴി പുറത്തായത് പ്രതിപക്ഷം ചര്‍ച്ചയാക്കുമെന്നുറപ്പാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.