സീറോ മലബാർ ആരാധനാവത്സര കലണ്ടറനുസരിച്ചു വലിയ നോമ്പിന്റെ നാല്പതാം ദിവസമായ "നാല്പതാം വെള്ളി" ഈശോ ലാസറിനെ ഉയിർപ്പിച്ചതിനെ അനുസ്മരിക്കുന്ന ദിനമാണ്. വലിയനോമ്പുകാലം ആത്യന്തികമായി എന്നേക്കും ജീവിക്കുന്നവനായ ഈശോയുടെ ഉയിർപ്പിനൊരുക്കമായ തപസ്സുകാലമാണ്; ഉത്ഥിതനെ വീണ്ടും കണ്ടുമുട്ടാനൊരുങ്ങുന്ന കാത്തിരിപ്പുകാലമാണ് എന്ന ചിന്തയാണ് നാല്പതാംവെള്ളി നൽകുന്നത്.
ഈ ദിനത്തെ നാല്പതാംവെള്ളി എന്നു വിളിക്കുന്നതിന്റെ കാരണം ലളിതമാണ്. വലിയനോമ്പു തുടങ്ങിയിട്ടു നാല്പതു ദിവസമായി എന്നർത്ഥം. വിഭൂതി തിങ്കൾ മുതൽ പിന്നീടുള്ള ഞായറാഴ്ചകൾ ഉൾപ്പടെ ഇന്നേക്കു നാല്പതുദിവസം തികയുകയാണല്ലോ. ഈശോയുടെ നാല്പതു ദിവസത്തെ ഉപവാസമാണ് വലിയ നോമ്പിന്റെ അടിസ്ഥാനമെന്നും ഇതു ഓർമ്മിപ്പിക്കുന്നു. വലിയ നോമ്പ് ഒരു കാലം മുഴുവനും ആചരിക്കുന്നതുകൊണ്ട് ഞായറാഴ്ചകളും ഉൾപ്പെടുത്തിക്കൊണ്ടാണ് നാല്പതാംവെള്ളി കണക്കാക്കുന്നത്. നോമ്പിലെ ഞായറാഴ്ചകളിൽ നോമ്പുണ്ട്, എന്നാൽ ഉപവാസമില്ല എന്ന രീതിയാണ് പൗരസ്ത്യസഭകൾ അവലംബിക്കുന്നത്.
ഇനി എന്തുകൊണ്ടാണ് നാല്പതാംവെള്ളി 'ലാസറിന്റെ വെള്ളി'യായത്? കാരണം, ഈശോ ലാസറിനെ ഉയിർപ്പിച്ച സംഭവമാണ് നമ്മുടെ ആരാധനാവത്സര കലണ്ടർ അനുസരിച്ചു് ഇന്നത്തെ സുവിശേഷം വിവരിക്കുന്നത്. ഒപ്പം, ലാസറിനെ ഉയിർപ്പിച്ച സംഭവം ഈശോയുടെ പീഡാനുഭവത്തിന്റെയും (യോഹ 11:-53) ഉയിർപ്പിന്റെയും (യോഹ 11:25) സൂചനയുമാണല്ലോ. പീഡാനുഭവ ചിന്തകളോടൊപ്പം, എന്നാൽ അതിലേറെ, ഈശോയുടെ ഉയിർപ്പിനുള്ള ആത്‌മീയഒരുക്കമെന്ന നോമ്പു കാലത്തിന്റെ മുഖ്യലക്ഷ്യത്തിലേക്കു "ലാസറിന്റെ വെള്ളി" നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു.
ഈശോയുടെ ഉയിർപ്പു തിരുനാളിനൊരുക്കമായി നടന്ന മഹാജാഗരണം വികസിച്ചു രൂപപെട്ടതാണ് വലിയനോമ്പ് (ഗ്രേറ്റ് ലെന്റ) എന്ന തോമസ് ടാലി, പി. ബ്രാഡ്ഷാ തുടങ്ങിയ പണ്ഡിതരുടെ അഭിപ്രായം ഇന്നു പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. [വലിയനോമ്പിനെയും പീഡാനുഭവആഴ്ചയെയും കുറിച്ച് ആധുനിക പഠനങ്ങളുടെ വെളിച്ചത്തിലുള്ള ഒരു ആമുഖവിവരണം "ജനങ്ങളുടെ ഉപയോഗാർത്ഥം" ജോയിന്റ് ലിറ്റർജിക്കൽ കമ്മിഷൻ തയ്യാറാക്കിയ നോമ്പാരംഭ-പീഡാനുഭവവാര തിരുക്കർമ്മങ്ങൾ" എന്ന പുസ്തകത്തിലുണ്ട് (1st ed. 2010, reprint 2019].
അതായത്, ആദ്യകാലഘട്ടത്തിൽ ഈശോയുടെ ഉയിർപ്പുതിരുനാളിന് മുമ്പ് ഏകദിനമായും (വലിയ ശനിയാഴ്ച രാത്രി അല്ലെങ്കിൽ ഈസ്റ്റർ വിജിൽ, ഹോളി നൈറ്റ്; ദി മദർ ഓഫ് ഓൾ വിജിൽസ് ), പിന്നീട് ‘ത്രിദിന’മായും (പെസഹാരാത്രിദിനങ്ങൾ), അതിനുശേഷം സപ്തദിനങ്ങളായും (ഹോളി വീക്ക്) നടത്തിയിരുന്ന ജാഗരണത്തിനു മുൻപായി നാല്പതുദിന ഉപവാസവും കൂട്ടിച്ചേർത്തു; ഒപ്പം മാമ്മോദീസാർത്ഥികളുടെ പരിശീലനവും!
നാല്പതാംവെള്ളിയും ക്വാറന്റൈനും.
ഈ കൊറോണാക്കാലത്തെ 'ക്വാറന്റൈനും' ഒരു ക്രിസ്ത്യൻ ഉപവാസ പശ്‌ചാത്തലമുണ്ട് എന്നു നമുക്ക് ഓർക്കാം. 1300 കളിലെ പ്ളേഗ്ബാധയിൽ നിന്നും രക്ഷപ്പെടാൻ ഇറ്റലിയിലെ വെനീസ് നഗരവാസികൾ നാല്പതു ദിവസം പൊതുജന സമ്പർക്കത്തിൽനിന്നു ഒഴിഞ്ഞുമാറിനിന്നതുമുതലാണ് 'ക്വാറന്റൈൻ' എന്ന വാക്ക് പ്രയോഗത്തിൽ വന്നതത്രെ. ഈശോ നാല്പതുദിനരാത്രങ്ങൾ ഉപവസിച്ചതിനെ അനുസ്മരിച്ചുള്ള വലിയനോമ്പിനെ കുറിക്കുന്ന പദമായ ലാറ്റിൻ 'ക്വാഡ്രജിന്റ' യിൽനിന്നാണ് 'ക്വാറന്റൈൻ' എന്ന് പ്രയോഗം വരുന്നത്. നോമ്പുകാലത്തിനു ഇറ്റാലിയനിൽ 'ക്വറേസിമ,' ഫ്രഞ്ചിൽ 'കാരെമ്' സ്പാനിഷിൽ 'ക്വറേസമ' എന്നൊക്ക വിളിക്കുന്നതും ഈ ലാറ്റിൻ മൂലപദത്തിൽനിന്നാണ്.
ക്വാറന്റൈൻ കാലത്തെ കഥാസമാഹാരമായ ജിയോവാന്നി ബൊക്കാച്ചിയോയുടെ (എഡി 1375) 'ഡെ കാമെറോൺ' വളരെ പ്രസിദ്ധമാണല്ലോ. മലയാളക്കരയെ ഈ വാക്ക് തന്റെ 'വർത്തമാനപുസ്തകത്തി'ലൂടെ ആദ്യമായി പരിചയപ്പെടുത്തിയ പാറേമ്മാക്കൽ തോമ്മാക്കത്തനാരെയും (എഡി 1799) നമുക്ക് അനുസ്മരിക്കാം.
ലോകം മുഴുവനും ക്വാറന്റൈനിൽ ഇരിക്കുന്ന ഈ നാല്പതാംവെള്ളി കൊറോണബാധയിൽനി ന്നും മനുഷ്യരാശിയെ രക്ഷിക്കണമെന്നും ഭരണ -ആരോഗ്യ-സേവനരംഗ ങ്ങളിലുവരെ അനുഗ്രഹിക്കണമെന്നും നമുക്കു പ്രാർഥിക്കാം.
എല്ലാവർക്കും നാല്പതാം വെള്ളിയുടെ ആശംസകൾ നേരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26