യാങ്കോണ്‍: ഫെബ്രുവരി ഒന്നിലെ അട്ടിമറിക്ക് ശേഷം മ്യാന്‍മര്‍ സൈന്യം തുടരുന്ന കൂട്ടക്കൊലയ്ക്കും മനുഷ്യാവകാശ ലംഘനത്തിനുമെതിരെ വിവിധ രാജ്യങ്ങളിലെ പ്രതിരോധ മേധാവികള്‍ രംഗത്ത്. മ്യാന്‍മര്‍ സായുധ സേന ശനിയാഴ്ച 114 പേരെ വധിച്ചതിനെ ഐക്യരാഷ്ട്രസഭ 'കൂട്ടക്കൊല' എന്ന് വിളിച്ചതിനെത്തുടര്‍ന്നാണ് 12 രാജ്യങ്ങളിലെ പ്രതിരോധ മേധാവികള്‍ സംയുക്തമായി കൂട്ടക്കൊലയെ അപലപിച്ച് രംഗത്തെത്തിയത്.
അമേരിക്ക, ബ്രിട്ടണ്‍, ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ രാഷ്ട്രങ്ങളിലെ സൈനിക മേധാവികള്‍ സംയുക്ത പ്രസ്താവനയില്‍ ഒപ്പിട്ടിട്ടുണ്ട്. ഓസ്ട്രേലിയ, കാനഡ, ജര്‍മനി, ഗ്രീസ്, ഇറ്റലി, ഡെന്‍മാര്‍ക്ക്, നെതര്‍ലാന്‍ഡ്സ്, ന്യൂസിലന്‍ഡ് എന്നിവയാണ് പ്രസ്താവനയില്‍ ഒപ്പിട്ട മറ്റ് രാജ്യങ്ങള്‍.
ഒരു പ്രഫഷനല്‍ സൈന്യം അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കുകയും ജനങ്ങളെ സംരക്ഷിക്കുകയുമാണ് വേണ്ടതെന്നും ഉപദ്രവിക്കരുതെന്നും പ്രതിരോധ മേധാവികള്‍ പറഞ്ഞു. 'മ്യാന്‍മര്‍ സായുധ സേന ആക്രമണം അവസാനിപ്പിക്കാനും മ്യാന്‍മറിലെ ജനങ്ങളോടുള്ള ബഹുമാനവും വിശ്വാസ്യതയും പുനസ്ഥാപിക്കാനായി പ്രവര്‍ത്തിക്കാനും തങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. കൊല്ലപ്പെട്ടവരില്‍ നിരവധി കുട്ടികളും ഉള്‍പ്പെടുന്നുണ്ട്.
പട്ടാള അട്ടിമറിക്കെതിരേ പ്രക്ഷോഭം നടത്തുന്ന ഗ്രൂപ്പുകളിലൊന്നായ ജനറല്‍ സ്ട്രൈക്ക് കമ്മിറ്റി (ജിഎസ്സിഎന്‍) കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ 'ഈ വിപ്ലവകാലത്ത് ജീവന്‍ ബലിയര്‍പ്പിച്ച നമ്മുടെ നായകന്മാരെ അഭിവാദ്യം ചെയ്യുന്നു. ഞങ്ങള്‍ക്ക് ഈ വിപ്ലവം വിജയിക്കണം' എന്നെഴുതി. സൈന്യവും സായുധ സംഘങ്ങളും തമ്മിലുള്ള അട്ടിമറിക്ക് ശേഷമുള്ള ഏറ്റവും കനത്ത പോരാട്ടം ശനിയാഴ്ചയാണുണ്ടായത്.
വാര്‍ഷിക സായുധ സേനാ ദിനത്തില്‍ നടത്തിയ വ്യോമാക്രമണം ഉള്‍പ്പെടെയുള്ളവയെ 'ഭീകരദിനം, അപമാനം' എന്നാണ് വിശേഷിപ്പിച്ചത്. സൈന്യം ജനങ്ങളെ സംരക്ഷിക്കുകയും ജനാധിപത്യത്തിനായി പരിശ്രമിക്കുകയും ചെയ്യുമെന്ന് സീനിയര്‍ ജനറല്‍ മിന്‍ ആംഗ് ഹേലിംഗ് നായിപൈഡാവില്‍ നടന്ന പരേഡില്‍ പറഞ്ഞു.
കഴിഞ്ഞ നവംബറില്‍ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി അധികാരത്തില്‍ തിരിച്ചെത്തിയ തിരഞ്ഞെടുപ്പില്‍ വഞ്ചന ആരോപിച്ച് ജനറല്‍ ഓങ് സാന്‍ സൂചിയുടെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പുറത്താക്കി. 76ാമത് മ്യാന്‍മര്‍ സായുധ സേനാ ദിനം 'ഭീകരതയുടെയും അപമാനത്തിന്റെയും ദിനമായി കൊത്തിവച്ചിരിക്കും' എന്ന് മ്യാന്‍മറിലേക്കുള്ള യൂറോപ്യന്‍ യൂണിയന്റെ പ്രതിനിധി സംഘം പറഞ്ഞു.
സുരക്ഷാ സേന നിരായുധരായ സാധാരണക്കാരെ കൊലപ്പെടുത്തുകയാണെന്ന് യുഎസ് അംബാസഡര്‍ തോമസ് വാജ്ദ പ്രസ്താവനയില്‍ പറഞ്ഞു. 'ഇവ ഒരു പ്രഫഷനല്‍ മിലിട്ടറിയുടെയോ പോലിസ് സേനയുടെയോ നടപടികളല്ല. മ്യാന്‍മര്‍ ജനത സൈനിക ഭരണത്തിന്‍ കീഴില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. യാങ്കോണിലെ സാംസ്‌കാരിക കേന്ദ്രത്തില്‍ ശനിയാഴ്ച വെടിയുതിര്‍ത്തെന്നും ആര്‍ക്കും പരിക്കേറ്റില്ലെന്നും യുഎസ് എംബസി അറിയിച്ചു. ലോകം നടപടിയെടുക്കേണ്ട സമയമാണിതെന്ന് യുഎന്‍ സ്പെഷ്യല്‍ റിപോര്‍ട്ടര്‍ ടോം ആന്‍ഡ്രൂസ് പറഞ്ഞു.
യുഎന്‍ സുരക്ഷാ സമിതിയിലൂടെയല്ലെങ്കില്‍ അന്താരാഷ്ട്ര അടിയന്തര ഉച്ചകോടിയിലൂടെയെങ്കിലും നടപടിയെടുക്കണം. എണ്ണ, വാതക വരുമാനം തുടങ്ങിയ ധനസഹായങ്ങളില്‍ നിന്നും ആയുധങ്ങള്‍ ലഭ്യമാക്കുന്നതില്‍ നിന്നും സൈനിക സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അട്ടിമറിക്ക് ശേഷമുള്ള ആക്രമണത്തില്‍ 328 മരണങ്ങള്‍ സ്ഥിരീകരിച്ചതായി മോണിറ്ററിങ് ഗ്രൂപ്പായ അസിസ്റ്റന്‍സ് അസോസിയേഷന്‍ ഓഫ് പൊളിറ്റിക്കല്‍ പ്രിസണ്‍സ് വെള്ളിയാഴ്ച അറിയിച്ചിരുന്നു. 2,400 ല്‍ അധികം ആളുകള്‍ തടങ്കലില്‍ കഴിയുന്നുണ്ട്. ശനിയാഴ്ച കൊല്ലപ്പെട്ട 114 പേരില്‍ മ്യാന്‍മറിലെ രണ്ടാമത്തെ നഗരമായ മണ്ടാലെയില്‍ 13 വയസുകാരിയും മധ്യ സാഗിംഗ് മേഖലയിലെ 13 വയസുള്ള ആണ്‍കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മ്യാന്‍മര്‍ നൗ ന്യൂസ് പോര്‍ട്ടല്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.