കെയ്‌റോ: സൂയസ് കനാലില്‍ കുടുങ്ങിയ കൂറ്റന്‍ ചരക്ക് കപ്പല്‍ എവര്‍ ഗിവണ്‍ നീക്കാനുള്ള ശ്രമങ്ങള്‍ക്ക് ആശാവഹമായ പുരോഗതിയുണ്ടെന്ന് സൂയസ് കനാല്‍ അതോറിറ്റി ചെയര്‍മാന്‍ ഒസാമ റാബി. ശനിയാഴ്ച കപ്പല്‍ പുതഞ്ഞ ഭാഗത്തെ 20,000 ടണ്‍ മണല്‍ കുഴിച്ചെടുത്ത് ആഴംകൂട്ടി. 14 ടഗ്ബോട്ടുകള്‍ കപ്പലിനെ വലിച്ചുനീക്കാനുള്ള ശ്രമത്തിലാണ്.
ശക്തമായ വേലിയേറ്റവും കാറ്റും കപ്പലിനെ നീക്കാനുള്ള ശ്രമങ്ങള്‍ സങ്കീര്‍ണമാക്കിയെങ്കിലും ടഗ്ബോട്ടുകള്‍ക്ക് കപ്പലിനെ രണ്ടു ദിശകളിലേക്ക് 30 ഡിഗ്രി നീക്കാന്‍ കഴിഞ്ഞു.
എപ്പോള്‍ വേണമെങ്കിലും കപ്പല്‍ തെന്നിമാറി അവിടെനിന്ന് നീങ്ങുമെന്നാണു പ്രതീക്ഷയെന്ന് ഒസാമ റാബി പറഞ്ഞു.
അതേസമയം, കപ്പല്‍ വിലങ്ങനെ കുടുങ്ങിയതിനു പിന്നില്‍ മോശം കാലാവസ്ഥ മാത്രമല്ലെന്നും സാങ്കേതിക പ്രശ്‌നങ്ങളും ക്രൂ അംഗങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പിഴവുകളുമാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശക്തമായ കാറ്റിനെതുടര്‍ന്ന് കപ്പല്‍ സൂയസ് കനാലിനു കുറുകെ വരികയും മണല്‍ത്തിട്ടയില്‍ ഇടിച്ചുനില്‍ക്കുകയുമായിരുന്നുവെന്നാണ് അപകടത്തെക്കുറിച്ച് പുറത്തുവന്ന ആദ്യ റിപ്പോര്‍ട്ടുകള്‍. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗിക വൃത്തങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
കപ്പലിലെ ചരക്ക് നീക്കം ചെയ്ത് ഭാരം കുറച്ച് കപ്പല്‍ നീക്കുക, ടഗ് ബോട്ടുകള്‍ ഉപയോഗിച്ച് കപ്പലിനെ വലിക്കുക, മണ്ണുമാന്തി കപ്പലുകളുപയോഗിച്ച് ചളിയിലേക്ക് ഇടിച്ചുകയറി നില്‍ക്കുന്ന കപ്പലിന്റെ ഭാഗത്തെ മണ്ണ് നീക്കം ചെയ്യുക തുടങ്ങിയ ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.
സൂയസ് കനാലില്‍ വഴിമുടക്കിയതോടെ 320 ചരക്കുക്കപ്പലുകളാണ് ഈ പാതയില്‍ കുടുങ്ങിയത്. ഇവയില്‍ പലതും വഴിമാറിപ്പോയി. തെക്കേ ആഫ്രിക്കയുടെ കേപ് ഓഫ് ഗുഡ് ഹോപ്പ് മുനമ്പ് വഴിയാണ് കപ്പലുകള്‍ വഴിതിരിച്ചുവിടുന്നത്. ഈ മേഖലയില്‍ കൂടിയുള്ള യാത്ര ചെലവ് വര്‍ധിപ്പിക്കുന്നതിനൊപ്പം കാലതാമസവും ഉണ്ടാക്കുന്നു. കുറഞ്ഞത് 12 ദിവസം വരെ കൂടുതല്‍ ചരക്ക് നീക്കത്തിനായി വേണ്ടി വരുമെന്നാണ് കണക്കുകൂട്ടല്‍. സൂയസ് കനാലിലൂടെയുള്ള ചരക്ക് നീക്കം സ്തംഭിച്ചതോടെ പ്രതിദിനം 12-14 മില്ല്യണ്‍ യുഎസ് ഡോളര്‍ വരെയാണ് ഈജ്പിതിനുണ്ടാവുന്ന വരുമാന നഷ്ടമെന്നും ഒസാമ റാബി കൂട്ടിച്ചേര്‍ത്തു.
എവര്‍ ഗ്രീന്‍ എന്ന തായ്‌വാന്‍ കമ്പനിയുടെ കൈവശമുള്ള കപ്പല്‍ ചൊവ്വാഴ്ച മുതലാണ് സൂയസ് കനാലിന് കുറുകെയായി കുടുങ്ങിക്കിടക്കുന്നത്. ഇതോടെ കനാലിന് ഇരുഭാഗത്തുനിന്നുമുള്ള കപ്പല്‍ ഗതാഗതം സ്തംഭിക്കുകയായിരുന്നു. ക്രൂഡ് ഓയില്‍ അടക്കം കോടിക്കണക്കിന് ബില്ല്യണ്‍ വിലമതിക്കുന്ന ചരക്കുകളാണ് എവര്‍ഗിവണിലും പിന്നാലെ കുടുങ്ങിയ കപ്പലുകളിലുമുള്ളത്.
കപ്പലിലുള്ള 25 ക്രൂ അംഗങ്ങളും ഇന്ത്യാക്കാരാണ്. ചൈനയില്‍ നിന്ന് നെതര്‍ലാന്‍ഡിലെ റോട്ടര്‍ഡാമിലേക്കുള്ള യാത്രയ്ക്കിടെയാണ് കപ്പല്‍ കനാലില്‍ കുടുങ്ങിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.