കേന്ദ്ര സര്‍ക്കാരിന്റെ ഡല്‍ഹി ബില്‍ പാസായി: നിയമപരമായി പോരാടുമെന്ന് എഎപി, ജനാധിപത്യ വിരുദ്ധമെന്ന് കോണ്‍ഗ്രസ്

കേന്ദ്ര സര്‍ക്കാരിന്റെ ഡല്‍ഹി ബില്‍ പാസായി: നിയമപരമായി പോരാടുമെന്ന് എഎപി, ജനാധിപത്യ വിരുദ്ധമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ സര്‍ക്കാരിന് പകരം കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ഡല്‍ഹി ബില്ലില്‍ (നാഷണല്‍ കാപ്പിറ്റല്‍ ടെറിറ്ററി ഓഫ് ഡല്‍ഹി-ഭേദഗതി) രാഷ്ട്രപതി ഒപ്പുവെച്ചു.

ഇതു സംബന്ധിച്ച് വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടന്‍ പുറപ്പെടുവിക്കും. എ.എ.പിയുടെയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെയും കടുത്ത എതിര്‍പ്പിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ ബില്ല് പാസാക്കിയത്. 45നെതിരെ 83 വോട്ടുകള്‍ക്കാണ് ബില്‍ രാജ്യസഭയില്‍ പാസായത്.

ബുധനാഴ്ച ബില്ല് പാസാക്കുന്നതിനിടെ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യസഭയില്‍നിന്ന് ഇറങ്ങിപ്പോയിരുന്നു. 2013-ല്‍ ആദ്യമായി അധികാരത്തില്‍ എത്തിയ സമയം മുതല്‍ ലെഫ്റ്റനന്റ് ഗവര്‍ണറുമായി നിരന്തരം ഏറ്റുമുട്ടാറുള്ള കെജ്രിവാള്‍ സര്‍ക്കാരിന് കടുത്ത തിരിച്ചടിയാണ് ഡല്‍ഹി ബില്‍.

ഡല്‍ഹി സര്‍ക്കാര്‍ എന്നാല്‍, തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനുപകരം ലെഫ്.ഗവര്‍ണര്‍ എന്ന നിര്‍വചനം നല്‍കിക്കൊണ്ടുള്ളതാണ് ഭേദഗതി. സര്‍ക്കാരിന്റെ എല്ലാ നടപടികളും പദ്ധതികളും ലെഫ്.ഗവര്‍ണറുമായി കൂടിയാലോചിക്കാതെയോ അനുമതി വാങ്ങാതെയോ ചെയ്യാനാവില്ല. ഇങ്ങനെ, സംസ്ഥാന സര്‍ക്കാരിനുള്ള എല്ലാ അവകാശവും അധികാരവും കവര്‍ന്നെടുക്കുന്നതാണ് പുതിയ ഭേദഗതി.

കെജ്രിവാളിന്റെ ജനപ്രീതി ഭയന്നാണ് കേന്ദ്രം ഇത്തരമൊരു ബില്ല് കൊണ്ടുവന്നതെന്നായിരുന്നു എ.എ.പിയുടെ പ്രതികരണം. ബില്ലിനെതിരെ നിയമപരമായും രാഷ്ട്രീയപരമായും പോരാടുമെന്നും എ.എ.പി വ്യക്തമാക്കിയിരുന്നു. ബില്ല് ജനാധിപത്യ വിരുദ്ധമാണെന്ന് കോണ്‍ഗ്രസും പ്രതികരിച്ചു.

ദേശീയ തലസ്ഥാനവുമായി ബന്ധപ്പെട്ട നിയമത്തിലെ 21, 24, 33, 44 വകുപ്പുകളില്‍ ഭേദഗതിക്കായാണ് ബില്ലവതരിപ്പിച്ചത്. ഡല്‍ഹി നിയമസഭ പാസാക്കുന്ന നിയമങ്ങള്‍ക്കുള്ള നിയന്ത്രണങ്ങളാണ് 21-ാം വകുപ്പില്‍. അതില്‍ സര്‍ക്കാര്‍ എന്നു പറയുന്നിടത്തെല്ലാം ലെഫ്റ്റനന്റ് ഗവര്‍ണര്‍ എന്നര്‍ഥമാക്കണമെന്നാണ് ബില്ലിലുള്ളത്.

നിയമസഭ പാസാക്കുന്ന ബില്ലിന് അനുമതി നല്‍കുകയോ തടഞ്ഞുവെക്കുകയോ രാഷ്ട്രപതിക്കു വിടുകയോ ചെയ്യാനുള്ള അധികാരം 24-ാം വകുപ്പു പ്രകാരം ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്കുണ്ട്. നിയമസഭയുടെ അധികാരത്തിനു പുറത്തുള്ള ഏതു വിഷയവും ബില്ലിലൂടെ ഇതിന്റെ ഭാഗമാക്കി. ചില ചട്ടങ്ങളുണ്ടാക്കുന്നതിന് നിയമസഭയെ 33-ാം വകുപ്പിലെ ഭേദഗതി വിലക്കുന്നു. ഭരണപരമായ നടപടികള്‍ക്ക് ലെഫ്റ്റനന്റ് ഗവര്‍ണറുടെ അഭിപ്രായം തേടണമെന്ന് 44-ാം ഭേദഗതി നിര്‍ദേശിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.