വരൂ...പെര്‍ത്ത് നഗരത്തിന്റെ ചരിത്രം കാണാം; ഒരൊറ്റ ക്ലിക്കിലൂടെ

വരൂ...പെര്‍ത്ത് നഗരത്തിന്റെ ചരിത്രം കാണാം; ഒരൊറ്റ ക്ലിക്കിലൂടെ

പെര്‍ത്ത്: ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഓസ്‌ട്രേലിയയിലെ പെര്‍ത്ത് നഗരത്തിന്റെ മണ്‍മറഞ്ഞുപോയ ഭൂതകാലത്തിലേക്കു വെളിച്ചം വീശുന്ന ഇന്ററാക്ടീവ് ഡേറ്റ ബേസ് ഒരുങ്ങി. പഴയ നഗരത്തിന്റെ ചരിത്രവും പ്രതാപവും വിളിച്ചറിയിക്കുന്ന പതിനായിരത്തിലധികം ഹൈ റസല്യൂഷന്‍ ചിത്രങ്ങളടങ്ങുന്ന വെബ്‌സൈറ്റാണ് വികസിപ്പിച്ചെടുത്തത്. കര്‍ട്ടിന്‍ യൂണിവേഴ്‌സിറ്റി ഹൈവും പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ സ്‌റ്റേറ്റ് ലൈബ്രറിയുമായി ചേര്‍ന്നാണ് ഗതകാല സ്മരണകളുണര്‍ത്തുന്ന ചിത്രങ്ങള്‍ വര്‍ത്തമാനകാലത്തിനായി തയാറാക്കിയത്. ഗൂഗിള്‍ മാപ് പോലെയാണിവ പ്രവര്‍ത്തിക്കുന്നത്. ഒരു സ്ഥലത്ത് ക്ലിക്ക് ചെയ്താല്‍ ആ പ്രദേശത്തിന്റെ ചരിത്രപരമായ കാഴ്ച്ചകളും വികസനവും മനസിലാക്കാനാകും.



ഇന്ററാക്ടീവ് സംവിധാനമുള്ള വെബ്‌സൈറ്റില്‍ ഓരോ ചിത്രങ്ങള്‍ക്കും ജിയോ ടാഗ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതുവഴി ഓരോ ചിത്രവും നിലവിലെ പെര്‍ത്ത് നഗരത്തിന്റെ ഏതു ഭാഗത്ത് സ്ഥിതി ചെയ്തിരുന്നുവെന്ന് മനസിലാക്കാന്‍ കഴിയും. കഴിഞ്ഞ 150 വര്‍ഷത്തിനുള്ളില്‍ പെര്‍ത്ത് നഗരം ഏങ്ങനെയൊക്കെ മാറിയെന്ന് പൊതുജനങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിയുമെന്ന് കര്‍ട്ടിന്‍ ഹൈവ് മാനേജര്‍ ആന്‍ഡ്രൂ വുഡ്‌സ് പറഞ്ഞു.


ടൈം മെഷീനില്‍ കയറി ചരിത്രത്തിലേക്കു യാത്ര ചെയ്യുന്നതിന് തുല്യമായ അനുഭവമായിരിക്കും ഇത്. 1980 കളില്‍ അംബരചുംബികളായ കെട്ടിടങ്ങളുടെ വരവോടെ നഗരത്തിലെ നിരവധി പഴയ കെട്ടിടങ്ങള്‍ തകര്‍ത്തുകളഞ്ഞു. പെര്‍ത്തിലെ പഴയകാല പാര്‍ക്കുകള്‍, ദേവാലയങ്ങള്‍, വിദ്യാദ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെല്ലാം നഗരവികസത്തിനൊപ്പമുണ്ടായ മാറ്റങ്ങളും ഇന്ററാക്ടീവ് മാപ്പിലൂടെ മനസിലാക്കാന്‍ കഴിയും. ചിത്രങ്ങള്‍ കാണാന്‍ oldperth.org.au എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.







വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.