'പാല്‍ സൊസൈറ്റിയിലേക്ക് അല്ല മത്സരം': അരിതക്കെതിരായ ആരിഫിന്റെ പരിഹാസത്തിൽ പ്രതിഷേധമേറുന്നു; മാപ്പുപറയണമെന്ന് ചെന്നിത്തല

'പാല്‍ സൊസൈറ്റിയിലേക്ക് അല്ല മത്സരം': അരിതക്കെതിരായ ആരിഫിന്റെ പരിഹാസത്തിൽ പ്രതിഷേധമേറുന്നു; മാപ്പുപറയണമെന്ന് ചെന്നിത്തല

ആലപ്പുഴ: കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി അരിത ബാബുവിനെതിരായ ആലപ്പുഴ എംപി എ.എം.ആരിഫിന്റെ പരിഹാസ പ്രസംഗത്തിൽ ശക്തമായ പ്രതിഷേധം. 'പാല്‍ സൊസൈറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പല്ല, കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പാണെന്ന് യുഡിഎഫ് ഓര്‍ക്കണമെന്നായിരുന്നു' ആരിഫിന്റെ പരാമര്‍ശം.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രതിഭയുടെ പ്രചരണാര്‍ഥം കായംകുളത്ത് സംഘടിപ്പിച്ച വനിതാ സംഗമത്തിലാണ് ഇത്തരത്തിലുള്ള വിവാദ പരാമര്‍ശമുണ്ടായത്. സ്ഥാനാര്‍ഥിയുടെ പ്രാരാബ്ദം യുഡിഎഫ് കായംകുളത്ത് പ്രചാരണ വിഷയമാക്കിയത്. പ്രാരാബ്ധം ചര്‍ച്ച ചെയ്യാനാണോ കേരളത്തിലെ തിരഞ്ഞെടുപ്പെന്നും ആരിഫ് പരിപാടിയില്‍ കുറ്റപ്പെടുത്തി.

എം.എം ആരിഫിന്റെ പരിഹാസം തൊഴിലാളികളെ അപമാനിക്കുന്നതാണ്. ഒരു ജനപ്രതിനിധിയുടെ നാവില്‍ നിന്ന് ഇത്തരം പരാമര്‍ശമുണ്ടായത് വേദനാജനകമെന്ന് അരിതാ ബാബു പ്രതികരിച്ചു.

അരിതക്കെതിരായ പരാമര്‍ശത്തില്‍ എ.എം.ആരിഫ് മാപ്പുപറയണമെന്ന് പ്രതിപക്ഷനേതാവ് ചെന്നിത്തല. എം.പിയുടെ പരാമര്‍ശം വിലകുറഞ്ഞതും അരിതയെ അധിക്ഷേപിക്കുന്നതുമാണെന്നും ചെന്നിത്തല പറഞ്ഞു. സിപിഎമ്മിന്റെ അധപതനം ആണ് ആരിഫിന്റെ പ്രസ്താവനയിലൂടെ വ്യക്തമാകുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു.

പരിഹാസത്തിൽ മണ്ഡലത്തില്‍ എല്‍ഡിഎഫിനെതിരെ ശക്തമായി പ്രതിഷേധിക്കുകയാണ് യുഡിഎഫ്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലത്തൂര്‍ എംപി രമ്യാ ഹരിദാസിനെതിരെ എ.വിജയരാഘവന്‍ നടത്തിയ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

പരാമര്‍ശം അധിക്ഷേപകരമാണെന്ന് ചൂണ്ടിക്കാട്ടി യു ഡി എഫ് കേന്ദ്രങ്ങള്‍ വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. യു ഡി എഫ് സ്ഥാനാര്‍ഥിയായ അരിത ബാബു ക്ഷീരകര്‍ഷകയെന്ന നിലയില്‍ പ്രദേശത്ത് പ്രവര്‍ത്തിച്ച്‌ വരുന്നയാളാണ്. പ്രിയങ്ക ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അരിതയുടെ പശുവളര്‍ത്തല്‍ കേന്ദ്രം സന്ദര്‍ശിച്ചിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.