റോഡിലെ കുഴികളില്‍ വിരിയുന്ന കല

റോഡിലെ കുഴികളില്‍ വിരിയുന്ന കല

റോഡില്‍ ഒരു കുഴികണ്ടാല്‍ എങ്ങനെയായിരിക്കും നമ്മുടെ ഒക്കെ പ്രതികരണം. ചിലര്‍ ദേഷ്യപ്പെടും. മറ്റു ചിലരാകട്ടെ സര്‍ക്കാരിനേയും അധകൃതരേയുമൊക്കെ കുറ്റപ്പെടുത്തും. എന്നാല്‍ ജിം ബേക്കര്‍ എന്ന വ്യക്തിയോട് റോഡിലെ കുഴികളെക്കുറിച്ച് ചോദിച്ചാല്‍ ഒരു ചിരിയാണ്.


ചിക്കാഗോ സ്വദേശിയാണ് ജിം ബേക്കര്‍. മികച്ച ഒരു കലാകാരനാണ് ഇദ്ദേഹം. കലാ സൃഷ്ടികളില്‍ ഏറെയും റോഡിലെ കുഴികളില്‍. കേള്‍ക്കുമ്പോള്‍ തന്നെ കൗതുകം തോന്നിയേക്കാം. ശരിയാണ് ഈ കലാകാരന്‍ ആളല്‍പം വെറൈറ്റിയാണ്. കുറച്ചധകം വര്‍ഷങ്ങളായി റോഡുകളിലെ കുഴികളിലെല്ലാം മനോഹരങ്ങളായ കലാസൃഷ്ടികള്‍ക്ക് ജന്മം കൊടുക്കുകയാണ് ജിം ബേക്കര്‍. എന്തിനേറെ പറയുന്നു കൊവിഡ് കാലത്ത് പോലും അദ്ദേഹം ചില കുഴികളില്‍ കലാ സൃഷ്ടികള്‍ തീര്‍ത്തു. അതും കൊവിഡിനെ പശ്ചാത്തലമാക്കി.


മൊസൈക് ഉപയോഗിച്ചാണ് ജിം മനോഹരമായ കലാസൃഷ്ടികള്‍ക്ക് റോഡിലെ കുഴികളില്‍ രൂപം നല്‍കുന്നത്. ഇറ്റലിയിലെ പൊംപെയില്‍ നിന്നുമാണ് ജിം ഇത്തരത്തില്‍ മൊസൈക്ക് ആര്‍ട്ട് പഠിച്ചത്. 2000 വര്‍ഷത്തോളം പഴക്കമുണ്ടായിട്ടും കേടുകള്‍ സംഭവിക്കാത്ത ഇത്തരം കലാസൃഷ്ടികള്‍ ഇന്നും പലയിടങ്ങളിലുണ്ട്. അങ്ങനെയാണ് റോഡിലെ കുഴികളില്‍ മൊസൈക്ക് കലയ്ക്ക് രൂപം നല്‍കാം എന്ന ആശയത്തിലേക്ക് ജിം എത്തിയതും.


ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 2013-ലാണ് റോഡിലെ കുഴികള്‍ ജിമ്മിന്റെ ശ്രദ്ധയില്‍പ്പെട്ടത്. അദ്ദേഹത്തിന്റെ വീടിനോട് ചേര്‍ന്നുള്ള പലയിടങ്ങളിലും കുഴികള്‍ പ്രത്യക്ഷപ്പെട്ടു. എത്രവട്ടം ടാര്‍ ഇട്ടാലും നാളുകള്‍ കഴിയുമ്പോള്‍ വീണ്ടും റോഡില്‍ കുഴി രൂപപ്പെടും. അങ്ങനെയാണ് പെട്ടെന്ന് നശിക്കാത്ത മൊസൈക്ക് ആര്‍ട്ട് റോഡില്‍ പരീക്ഷിക്കാന്‍ ജിം തയാറായത്. ആ പരീക്ഷണത്തില്‍ അയാള്‍ വിജയിക്കുകയും ചെയ്തു.

എന്നാല്‍ വീട്ടില്‍ തയാറാക്കുന്ന കലാസൃഷ്ടികളേക്കാള്‍ അല്‍പം ബുദ്ധിമുട്ടേറിയതാണ് റോഡിലെ കല എന്നാണ് ജിം അഭിപ്രായപ്പെടുന്നത്. റോഡിലെ കുഴികളില്‍ മൊസൈക്ക് കഷ്ണങ്ങള്‍ പലതവണ ഇളക്കുകയും ഉറപ്പിക്കുകയും ചെയ്യേണ്ടി വരാറുണ്ട്. മാത്രമല്ല, കലാസൃഷ്ടി പൂര്‍ത്തിയായാല്‍ പെട്ടെന്ന് വാഹനങ്ങള്‍ കയറാതിരിക്കാന്‍ പ്രത്യേക കരുതലും നല്‍കണം. എന്തായാലും ജിം ബേക്കറിന്റെ കലാസൃഷ്ടി മികച്ചു നില്‍ക്കുന്നു. അടുത്തകാലത്തായി ജിം തയാറാക്കിയ എല്ലാ കസൃഷ്ടിയും കൊവിഡ് മഹാമാരിയുമായി ബന്ധം പുലര്‍ത്തുന്നു എന്നതും ശ്രദ്ധേയമാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.