ന്യൂഡല്‍ഹി: രാജ്യത്തെ സുരക്ഷാ ഭീഷണികള്‍ കൂടുതല്‍ കരുത്തോടെ നേരിടുന്നതിനായി ആദ്യ ഭീകര വിരുദ്ധ നയം പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.
'പ്രഹാര്‍' എന്ന പേരില്‍ ആണ് പുതിയ നയം. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന് പുറമേ ട്രോണുകളുടെ ദുരുപയോഗം സൈബര്‍ ആക്രമണങ്ങള്‍, ഡിജിറ്റല്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തുടങ്ങിയവയെ നേരിടാന്‍ ലക്ഷ്യമിട്ടാണ് പുതിയ നയം.
റെയില്‍വേ, വ്യോമയാനം, വൈദ്യുതി, തുറമുഖങ്ങള്‍, ആണവോര്‍ജം, ബഹിരാകാശം തുടങ്ങിയ നിര്‍ണായക മേഖലകളെ സൈബര്‍ ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനായി പ്രത്യേക സംവിധാനങ്ങള്‍ തന്നെ വികസിപ്പിച്ചിട്ടുണ്ട്.
ഭീകരവാദ ഗ്രൂപ്പുകള്‍ ആക്രമണത്തിനായി രാസ, ജൈവ, ആണവ വസ്തുക്കളും സ്ഫോടക വസ്തുക്കളും ഡിജിറ്റല്‍ ആസ്തികളും കൈക്കലാക്കുന്നത് തടസപ്പെടുത്തുക എന്നത് ഭീകര വിരുദ്ധ ഏജന്‍സികളുടെ ഒരു പ്രധാന വെല്ലുവിളിയായി ഈ നയം കണക്കാക്കുന്നു.
ഭീകരവാദത്തെ ഏതെങ്കിലും പ്രത്യേക മതം, വംശം, ദേശീയത അല്ലെങ്കില്‍ സംസ്‌കാരം എന്നിവയുമായി ഇന്ത്യ ബന്ധിപ്പിക്കുന്നില്ലെന്ന് നയരേഖ വ്യക്തമായി പ്രസ്താവിക്കുന്നു. അല്‍ ഖ്വായ്ദ, ഐ.എസ് തുടങ്ങിയ ആഗോള ഭീകര ഗ്രൂപ്പുകള്‍ സ്ലീപ്പര്‍ സെല്ലുകളിലൂടെ ഇന്ത്യയില്‍ അക്രമം നടത്താന്‍ ശ്രമിക്കുന്നതിനെതിരെ നയം മുന്നറിയിപ്പ് നല്‍കുന്നു.
പഞ്ചാബ്, ജമ്മു കശ്മീര്‍ മേഖലകളില്‍ അതിര്‍ത്തി കടന്നുള്ള ഹാന്‍ഡ്‌ലര്‍മാര്‍ ഡ്രോണുകളും റോബോട്ടിക്സും ഉപയോഗിക്കുന്നത് വലിയ വെല്ലുവിളിയാണ്. കൂടാതെ, പ്രചാരണത്തിനും ഫണ്ടിങിനുമായി സോഷ്യല്‍ മീഡിയ, എന്‍ക്രിപ്ഷന്‍ ടൂളുകള്‍, ഡാര്‍ക്ക് വെബ്, ക്രിപ്റ്റോ വാലറ്റുകള്‍ എന്നിവ ഭീകരര്‍ ഉപയോഗിക്കുന്നതായും നയം ചൂണ്ടിക്കാട്ടുന്നു.
സൈബര്‍ ആക്രമണങ്ങളില്‍ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നത് കൂടുതല്‍ കാര്യക്ഷമമാക്കുക, എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് മുതല്‍ പ്രോസിക്യൂഷന്‍ വരെയുള്ള ഓരോ ഘട്ടത്തിലും നിയമവിദഗ്ധരുടെ സേവനം ലഭ്യമാക്കുക എന്നിവയും ഈ നയത്തിന്റെ ഭാഗമാണ്.
യുവാക്കള്‍ ഭീകരവാദ ആശയങ്ങളിലേക്ക് ആകൃഷ്ടരാകുന്നത് തടയാന്‍ കമ്മ്യൂണിറ്റി നേതാക്കളെയും മിതവാദികളായ മത പ്രഭാഷകരെയും എന്‍ജിഒകളെയും ഉള്‍പ്പെടുത്തി ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. ജയിലുകളില്‍ കഴിയുന്നവര്‍ക്കിടയില്‍ തീവ്രവാദ ആശയങ്ങള്‍ പടരുന്നത് തടയാനുള്ള നടപടികളും ഇതിന്റെ ഭാഗമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.