തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാവുകയും രോഗികളുടെ എണ്ണം ദിനംപ്രതി കൂടുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രാദേശിക തലത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. എന്നാൽ ലോക്ഡൗൺപോലെയുള്ള കടുത്ത നിയന്ത്രണങ്ങൾ ഇപ്പോൾ പരിഗണനയിലില്ലെന്നാണ് അധികൃതർ നൽകുന്ന സൂചന.
കൺടെയ്ൻമെന്റ് സോണുകളിലെ നിയന്ത്രണം ഏപ്രിൽ 30 വരെ നീട്ടി. അതത് ജില്ലകളിലെ സാഹചര്യം കണക്കിലെടുത്ത് ജില്ലാ കളക്ടർമാർ ഇക്കാര്യത്തിൽ തീരുമാനമെടുക്കാവുന്നതാണ്.പൊതുസ്ഥലങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റും സന്ദർശകർക്ക് നിയന്ത്രണം കൊണ്ടുവരും. അനാവശ്യമായി യാത്രകൾ ഒഴിവാക്കി ജനം സ്വയംനിയന്ത്രണം പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിക്കുന്നു.
45 വയസ്സ് കഴിഞ്ഞ എല്ലാവർക്കും കൊവിഡ് മാസ് വാക്സിനേഷൻ ക്യാമ്പെയിന് ആരോഗ്യവകുപ്പ് തുടക്കമിട്ടു. എന്നാൽ, ആവശ്യമായ വാക്സിൻ ഇല്ലാത്തതിനാൽ കൂടുതൽ ഡോസ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
അതേസമയം കൊവിഡ് നിയമങ്ങളിൽ നിയന്ത്രണങ്ങളുടെ ലംഘനം, മാസ്ക് ഉപയോഗിക്കാതിരിക്കൽ, തുടങ്ങിയവ കണ്ടെത്താൻ പോലീസ് പരിശോധന കർശനമാക്കും. അഞ്ചാംഘട്ട ലോക്ഡൗൺ ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച കേന്ദ്ര മാർഗനിർദേശം ഏപ്രിൽ 30 വരെ തുടരും. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറി വി.പി. ജോയ് കഴിഞ്ഞദിവസം ഉത്തരവിറക്കി. 65 വയസ്സ് കഴിഞ്ഞവർക്കും ഗുരുതര രോഗങ്ങളുള്ളവർക്കും പ്രത്യേക സംരക്ഷണമൊരുക്കും. കൺടെയ്ൻമെന്റ് സോണുകളിൽ അവശ്യസേവനങ്ങൾ മാത്രമേ അനുവദിക്കൂ.
കൊവിഡ് രോഗികൾ കൂടുതലുള്ള എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, മലപ്പുറം, തൃശ്ശൂർ ജില്ലകളിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കും. ഇവിടെ പ്രതിദിന രോഗികളുടെ എണ്ണം അഞ്ഞൂറിനു മുകളിലാണ്. എറണാകുളത്താണ് കൂടുതൽ (977) പേർക്ക് രോഗം സ്ഥിരീകരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.