ചിറ്റിലപ്പിള്ളി പിതാവ് അരങ്ങൊഴിയുമ്പോൾ.......!!!!

ചിറ്റിലപ്പിള്ളി പിതാവ് അരങ്ങൊഴിയുമ്പോൾ.......!!!!

കപട പ്രത്യയശാസ്ത്രത്തിന്റെ നടുവൊടിച്ച ചില അപ്രിയസത്യങ്ങൾ വിളിച്ച് പറഞ്ഞതിന്റെ പേരിലാണ് അഭി.മാർ പോൾ ചിറ്റിലപ്പിള്ളി പിതാവ് കേരളത്തിൽ ചർച്ചയാകുന്നത് . ഊതിവീർപ്പിച്ച ഒരു ബലൂൺ കണക്കെ പൊള്ളയായതായിരുന്നു താൻ പിന്തുടർന്ന പ്രത്യയശാസ്ത്രം എന്ന വസ്തുത മുൻ കമ്മ്യൂണിസ്റ്റ് MLA യെ അവസാനകാലത്ത് അസ്വസ്ഥനാക്കിയപ്പോൾ ,വ്യഥിതമായ ആ ആത്മീയതയിലേക്ക് ദൈവദൂതനെപ്പോലെ , വചനത്തിന്റെ നനുത്ത സ്പർശവുമായെത്തി ,ഇടയനടുത്ത ഇടപെടലുകൾ നടത്തി കടന്ന് ചെന്ന് , ആ മനുഷ്യന്റെ ആഗ്രഹപ്രകാരം ദൈവഹിതം നിറവേറ്റിയപ്പോൾ , ആ സത്യം ഒരു വിശ്വാസപ്രഘോഷണമായി ലോകത്തോട് വിളിച്ച് പറഞ്ഞപ്പോൾ , വിറളി പൂണ്ട , കേരളത്തിലെ അന്നത്തെ ആ പ്രത്യയശാസ്ത്രത്തിൻ്റെ അപ്പോസ്തോലൻ അടയാളപ്പെടുത്തിയ നിന്ദ്യമായ വാക്ക് , അടിമത്വത്തിന്റെ രാഷ്ട്രീയ നുകം മുതുകിൽ വെക്കാത്ത ഓരോ ക്രൈസ്തവന്റേയും ഇടനെഞ്ചിലായിരുന്നു തറച്ചത്. അഭി.പിതാവ് മാപ്പ് കൊടുത്തുവെങ്കിലും 

 കാലം തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ തന്നെ മറുപടി കൊടുത്തു എന്നത് ചരിത്രം. ആ അരമനയുടെ ഇടനാഴിയിലേക്ക് , ആരാൽ പിതാവ് നിന്ദിക്കപ്പെട്ടുവോ അയാൾ തന്നെ തേടിയെത്തി എന്ന ചിത്രത്തിൽ തത്ക്കാലം ആ വിവാദം അവസാനിക്കുകയായിരുന്നു .

ആടുകളുടെ സ്വരം കേൾക്കുന്ന ഇടയനായിരുന്നു അഭി.ചിറ്റിലപ്പിള്ളി പിതാവ്. മലയോര കർഷകന്റെ നോവുകളിലേക്കും നൊമ്പരങ്ങളിലേക്കും ഇറങ്ങി വന്ന ഇടയൻ. 'നവീകരിക്കുക , ശക്തിപ്പെടുത്തുക' എന്ന തൻ്റെ ആദർശ വാക്യത്തോട് ആത്മാർത്ഥത പുലർത്തിയ അഭി.പിതാവ് നവീകരിച്ചും ശാക്തീകരിച്ചും വി. പൗലോസ് ശ്ലീഹ പറഞ്ഞിരിക്കുന്നത് പോലെ 'നല്ലവണ്ണം ഓടി' ആ ഓട്ടം പൂർത്തിയാക്കി. താമരശ്ശേരി രൂപതയുടേയും ദൈവജനത്തിന്റേയും ആ കാലഘട്ടത്തിലെ ആത്മീയവും ഭൗതീകവുമായ വളർച്ച തന്നെയാണ് , ആ വന്ദ്യ.പിതാവിൻ്റെ ശ്രേഷ്ഠതയെ അടയാളപ്പെടുത്തുന്നത്.

കത്തോലിക്കാ സഭയെ,വിശിഷ്യാ സീറോമലബാർ സഭയെ സംബന്ധിചിടത്തോളം അഭി.പിതാവിൻ്റെ വേർപാട് നികത്താൻ കഴിയുന്ന ഒന്നല്ല. ലിറ്റർജി കമ്മീഷൻ്റെ തലവനായിരുന്നപ്പോൾ സഭയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ തന്നെ അതിന് ഉദാഹരണമാണ്. 

മണ്ണിന്റെ മണമുള്ള ഇടയൻ മലയോര - കുടിയേറ്റ കർഷകരുടെ സ്പന്ദനമായിരുന്നു. അവർക്ക് വേണ്ടി ഉയർന്ന ശബ്ദമായിരുന്നു . വിശ്രമ ജീവിതത്തിലെ കാലയളവിൽ പോലും കർഷകരുടെ വേദനകളും വ്യാകുലതകളും അദ്ദേഹം കേട്ടിരുന്നു.  

തന്നെ ഭരമേല്പിച്ച അജഗണത്തെ ആത്മീയ-ഭൗതീക മേഖലകളിൽ അഭിവൃദ്ധിയിലേക്ക് കൈപിടിച്ചുയർത്തി , ദൈവ സമ്മാനത്തിനായി അദ്ദേഹം കടന്ന് പോകുമ്പോൾ , ആ മനുഷ്യ സ്നേഹിയുടെ - നല്ലയിടയന്റെ ഓർമ്മകൾക്ക് മുൻപിൽ കണ്ണീർ പ്രണാമം.

ജീവിതത്തിൽ ക്രിസ്തുവിനെ പകർത്തിയ പുരോഹിതശ്രേഷ്ഠൻ , ഒരു തലമുറയുടെ ആവേശവും ആശ്രയവും വരും തലമുറയുടെ പ്രചോദനവുമാണ്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.