എക്സിക്യൂട്ടീവ് കമ്മിറ്റി പിന്തുണച്ചു; ജിയാനി ഇന്‍ഫാന്റിനോയ്ക്ക് ഫിഫ പ്രസിഡന്റ് സ്ഥാനത്ത് തുടരാം

എക്സിക്യൂട്ടീവ് കമ്മിറ്റി പിന്തുണച്ചു; ജിയാനി ഇന്‍ഫാന്റിനോയ്ക്ക്  ഫിഫ പ്രസിഡന്റ് സ്ഥാനത്ത് തുടരാം

സൂറിച്ച് (സ്വിറ്റ്‌സര്‍ലന്‍ഡ്): ലോകകപ്പ് ഉള്‍പ്പടെയുള്ള ടൂര്‍ണമെന്റുകളില്‍ സ്വകാര്യ പങ്കാളിത്തം കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ ഫുട്ബോള്‍ ലോകത്ത് നിന്ന് വന്‍ പ്രതിഷേധം ഉയര്‍ന്നതോടെ ഫിഫ പ്രസിഡന്റ് സ്ഥാനം തെറിക്കുമെന്ന ഭീഷണിയില്‍ നിന്ന് തല്‍ക്കാലം രക്ഷപെട്ട് ജിയാനി ഇന്‍ഫാന്റിനോ.

ഫിഫ എക്സിക്യൂട്ടീവ് കമ്മിറ്റി പിന്തുണച്ചതാണ് ഇന്‍ഫാന്റിനോയ്ക്ക് രക്ഷയായത്. ഇന്‍ഫാന്റിനോയുടെ ഏകാധിപത്യ നടപടികളില്‍ പ്രതിഷേധിച്ച് യുവേഫ അടക്കമുള്ള ഫെഡറേഷനുകളാണ് അവിശ്വാസം രേഖപ്പെടുത്തിയത്. തന്റെ ചില പദ്ധതികള്‍ തെറ്റായിപ്പോയെന്ന് ഇന്‍ഫാന്റിനോ മൊറോക്കോയില്‍ ചേര്‍ന്ന ഫിഫ എക്സിക്യൂട്ടീവ് യോഗത്തില്‍ സമ്മതിച്ചു.

2027 വരെയാണ് ഇന്‍ഫാന്റിനോയ്ക്ക് ഫിഫ പ്രസിഡന്റ് സ്ഥാനത്ത് കാലാവധിയുള്ളത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള കടുത്ത എതിര്‍പ്പിനെയും ബഹിഷ്‌കരണ ഭീഷണിയെയും തുടര്‍ന്നാണ് ലോകകപ്പിന്റെ ഓഹരികള്‍ വില്‍ക്കാനുള്ള തീരുമാനം ഫിഫ പിന്‍വലിച്ചത്. ലോകകപ്പിലെ ടീമുകളുടെ എണ്ണം 64 ആയി ഉയര്‍ത്താനുള്ള തീരുമാനവും പിന്‍വലിച്ചു.

സ്വകാര്യവല്‍ക്കരണത്തിനൊപ്പം താരങ്ങളുടെ ജോലിഭാരം ചൂണ്ടിക്കാട്ടിയായിരുന്നു എതിര്‍പ്പ്. ലോകകപ്പ് ഉള്‍പ്പെടെയുള്ള ഫിഫ ടൂര്‍ണമെന്റുകള്‍ നടത്തുന്നതിനായി രൂപീകരിക്കുന്ന പുതിയ കമ്പനിയുടെ 20 ശതമാനത്തോളം ഓഹരികള്‍ വിറ്റ് 4.2 ശതകോടി ഡോളര്‍ സമാഹരിക്കാനായിരുന്നു ലോക ഫുട്ബോള്‍ ഭരണസമിതി ലക്ഷ്യമിട്ടിരുന്നത്.

ഇരുപത് ശതകോടി ഡോളര്‍ മൂല്യം കണക്കാക്കിയ ഈ യൂണിറ്റിനായി 'ഫിഫ ഫോര്‍വേഡ് എന്റര്‍പ്രൈസ്' എന്ന പേരില്‍ ഒരു അര്‍ധ സ്വകാര്യ കമ്പനി രൂപീകരിക്കാനായിരുന്നു ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റീനോയുടെ നിര്‍ദ്ദേശം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.