രാജസ്ഥാന്‍ റോയല്‍സിനെതിരെ പഞ്ചാബ് കിങ്‌സിന് നാല് റണ്‍സ് ജയം

രാജസ്ഥാന്‍ റോയല്‍സിനെതിരെ പഞ്ചാബ് കിങ്‌സിന് നാല് റണ്‍സ് ജയം

മുംബൈ: ഐപിഎല്‍ പതിനാലാം സീസണിലെ നാലാം മത്സരത്തില്‍ രാജസ്ഥാന്‍ പഞ്ചാബിനോട്‌ നാല് റൺസിന്‌ പൊരുതിത്തോറ്റു. ക്യാപ്റ്റനായി സ്ഥാനമേറ്റ ആദ്യ മത്സരത്തില്‍ തന്നെ സഞ്ജു ഉജ്ജ്വല സെഞ്ചുറിയുമായി ടീമിനെ നയിച്ചെങ്കിലും വിജയത്തില്‍ എത്തിക്കാനായില്ല. പഞ്ചാബ് ഉയര്‍ത്തിയ 222 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സ് മാത്രമേ നേടാനായുള്ളൂ. ഇന്നിംഗ്സിലെ അവസാന പന്തില്‍ സഞ്ജു (119) അര്‍ഷ്ദീപിനു വിക്കറ്റ് സമ്മാനിച്ച്‌ മടങ്ങുകയായിരുന്നു.

തിരിച്ചടിയോടെയായിരുന്നു രാജസ്ഥാന്റെ തുടക്കം. ഇന്നിംഗ്സിലെ മൂന്നാം പന്തില്‍ തന്നെ സ്റ്റോക്സ് ഷമിക്ക് വിക്കറ്റ് സമ്മാനിച്ച്‌ മടങ്ങി.വോഹ്റ (12), എന്നാല്‍ നാലാം നമ്പറിൽ എത്തിയ സഞ്ജുവിനൊപ്പം ബട്‌ലര്‍ ചേര്‍ന്നതോടെ സ്കോര്‍ ഉയരാന്‍ തുടങ്ങി. 45 റണ്‍സാണ് ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. ഒടുവില്‍ ബട്‌ലര്‍ (25) ഝൈ റിച്ചാര്‍ഡ്സണിന്റെ ഇരയായി മടങ്ങി.

ഒരു വശത്ത് വിക്കറ്റുകള്‍ നഷ്ടപ്പെടുമ്പോഴും പിടിച്ചു നിന്നു സഞ്ജു. അഞ്ചാം നമ്പറിലെത്തിയ ശിവം ദുബെ (23), ആറാം നമ്പറിലെത്തിയ റിയന്‍ പരഗ് (25) എന്നിവരെ കൂട്ടി സഞ്ജു മുന്നില്‍ നിന്ന് നയിച്ചു. ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ചുറി നേടിയ സഞ്ജു സാംസൺ അവസാന പന്തിൽ പുറത്തായതോടെയാണ് രാജസ്ഥാൻ തോൽവി വഴങ്ങിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുത്തു. ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്റെ കിടിലന്‍ ബാറ്റിങാണ് പഞ്ചാബിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. രാഹുല്‍ 50 പന്തുകള്‍ നേരിട്ട് 91 റണ്‍സെടുത്തു. ഏഴ് ഫോറും അഞ്ച് സിക്‌സും സഹിതമാണ് രാഹുലിന്റെ ഇന്നിങ്‌സ്. 28 പന്തില്‍ 64 റണ്‍സെടുത്ത് ദീപക് ഹൂഡയും 28 പന്തില്‍ 40 റണ്‍സുമായി ക്രിസ് ഗെയ്‌ലും രാഹുലിന് മികച്ച പിന്തുണ നല്‍കി. ഗെയ്ല്‍ നാല് ഫോറും രണ്ട് സിക്‌സും തൂക്കിയപ്പോള്‍ ഹൂഡയാണ് അപകടകാരിയായി മാറിയത്. നാല് ഫോറും ആറ് കൂറ്റന്‍ സിക്‌സുകളുമാണ് ഹൂഡയുടെ ബാറ്റില്‍ നിന്ന് പിറന്നത്. നിക്കോളാസ് പൂരന്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങിയപ്പോള്‍ ഓപണര്‍ മായങ്ക് അഗര്‍വാള്‍ 14 റണ്‍സുമായാണ് മുന്നേറിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.