'മമ്മിക്കും ഡാഡിക്കും പകരം പേരന്റ്, ഭാര്യ-ഭര്‍ത്താവിനു പകരം പാര്‍ട്ണര്‍'; എല്‍.ജി.ബി.ടി.ക്യൂ.ഐ. സമൂഹത്തെ പിന്തുണയ്ക്കാന്‍ വിചിത്ര നിര്‍ദേശവുമായി ഓസ്‌ട്രേലിയന്‍ സ്‌കൂള്‍ അധികാരികള്‍

'മമ്മിക്കും ഡാഡിക്കും പകരം പേരന്റ്, ഭാര്യ-ഭര്‍ത്താവിനു പകരം പാര്‍ട്ണര്‍';  എല്‍.ജി.ബി.ടി.ക്യൂ.ഐ. സമൂഹത്തെ  പിന്തുണയ്ക്കാന്‍ വിചിത്ര നിര്‍ദേശവുമായി  ഓസ്‌ട്രേലിയന്‍ സ്‌കൂള്‍ അധികാരികള്‍

മെല്‍ബണ്‍: ട്രാന്‍സ്ജെന്‍ഡറുകളും സ്വവര്‍ഗാനുരാഗികകളും ഉള്‍പ്പെടുന്ന എല്‍.ജി.ബി.ടി.ക്യൂ.ഐ സമൂഹത്തിലെ കുട്ടികളോടുള്ള വിവേചനം അവസാനിപ്പിക്കാന്‍ 'മമ്മി, ഡാഡി, ഹസ്ബന്‍ഡ്, വൈഫ്' (അമ്മ, അച്ഛന്‍, ഭര്‍ത്താവ്, ഭാര്യ) തുടങ്ങിയ ലിംഗഭേദമുള്ള വാക്കുകള്‍ ഒഴിവാക്കാനുള്ള പ്രചാരണവുമായി ഓസ്‌ട്രേലിയന്‍ സ്‌കൂള്‍ അധികാരികള്‍. നോര്‍ത്ത് വെസ്റ്റേണ്‍ മെല്‍ബണ്‍ പ്രൈമറി ഹെല്‍ത്ത് നെറ്റ് വര്‍ക്കിന്റെ (എന്‍.ഡബ്ല്യു.എം.പി.എച്ച്.എന്‍) നേതൃത്വത്തില്‍ വിക്‌ടോറിയ സംസ്ഥാനത്തെ സ്‌കൂളുകളിലും ജോലി സ്ഥലങ്ങളിലും കായിക ഗ്രൂപ്പുകളിലുമാണ് കാമ്പെയിന്‍ ആരംഭിക്കുക. എല്‍.ജി.ബി.ടി.ക്യു.ഐ സമൂഹത്തിലെ ചെറുപ്പക്കാരുടെ ഒറ്റപ്പെടലും ആത്മഹത്യാ നിരക്കും തടയുന്നതിനുള്ള ഭാഗമായാണ് 'സ്പീക്കിംഗ്അപ്‌സ്പീക്ക്‌സ് വോള്യംസ്' കാമ്പെയിന്‍ ആരംഭിക്കുന്നത്.

അതേസമയം എല്‍.ജി.ബി.ടി.ക്യൂ.ഐ സമൂഹത്തെ പിന്തുണയ്ക്കാനെന്ന പേരില്‍ കുടുംബ ബന്ധങ്ങളുടെ മൂല്യങ്ങള്‍ തകര്‍ക്കുന്ന ഇത്തരം വിചിത്ര പരിഷ്‌കാരങ്ങള്‍ക്കെതിരേ വിമര്‍ശനവും ഉയരുന്നുണ്ട്. ബഹുമാനാര്‍ത്ഥം വിളിക്കുന്ന അമ്മ, അച്ഛന്‍ തുടങ്ങിയ പദങ്ങള്‍ ഉപയോഗിക്കുന്നതില്‍നിന്ന് കുട്ടികളെ പിന്തിരിപ്പിക്കുന്നതിലൂടെ മാതാപിതാക്കളുടെ സ്ഥാനം തിരിച്ചറിയുന്നതില്‍ അവര്‍ പിന്നോട്ടു പോകുമെന്ന് ക്രൈസ്തവര്‍ അടക്കമുള്ളവര്‍ ആശങ്കപ്പെടുന്നു.

വ്യക്തികളുടെ ലിംഗപരമായ വ്യത്യാസം പ്രതിഫിലിപ്പിക്കാത്ത ഭാഷയും അടയാളങ്ങളും ഉപയോഗിക്കുന്ന യുണിസെക്‌സ് ബാത്ത്‌റൂമുകളും ലിംഗഭേദമില്ലാത്ത കായിക ടീമുകളും റെയിന്‍ബോ ഫ്‌ളാഗുകളും കൊണ്ടുവരാനും നീക്കമുണ്ട്. ഡാഡി, മമ്മി എന്നിവയ്ക്കു പകരം പേരന്റ് (രക്ഷിതാക്കള്‍, സംരക്ഷകന്‍) എന്ന വാക്കോ ഭര്‍ത്താവ്, ഭാര്യ, കാമുകി, കാമുകന്‍ പദങ്ങള്‍ക്കു പകരം പങ്കാളിയെന്നോ (പാര്‍ട്ണര്‍) ഉപയോഗിക്കാന്‍ എന്‍.ഡബ്ല്യു.എം.പി.എച്ച്.എന്‍ നിര്‍ദേശിക്കുന്നു. ഭാഷയില്‍ അവരെക്കൂടി ഉള്‍ക്കൊള്ളിക്കുമ്പോള്‍ ഇത്തരം ആളുകള്‍ക്ക് ഒറ്റപ്പെടലോ അനാദരവോ അനുഭവപ്പെടില്ല. സംഭാഷണത്തില്‍ തെറ്റു പറ്റിയാല്‍ ക്ഷമ ചോദിച്ച് തുടരണം. എല്‍.ജി.ബി.ടി.ക്യൂ.ഐ കുട്ടികളെ പിന്തുണയ്ക്കാന്‍ ഈ കാമ്പെയ്ന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുമെന്ന് നെറ്റ് വര്‍ക്ക്  സിഇഒ ക്രിസ് കാര്‍ട്ടര്‍ പറഞ്ഞു.

എന്നാല്‍ ഇത്തരം പദങ്ങള്‍ ഉപയോഗിക്കാന്‍ കുട്ടികളെയും പ്രോത്സാഹിക്കണമെന്ന വാദത്തോടു യോജിക്കാനാകില്ലെന്ന് ഒരു വിഭാഗം ആളുകള്‍ പറയുന്നു. കുടുംബത്തിന്റെ അടിത്തറ അച്ചടക്കവും മാതാപിതാക്കളോടുള്ള സ്‌നേഹവും ബഹുമാനവുമാണ്. എല്ലാം ലഘുവായി കാണുന്ന പുതുതലമുറയുടെ സമീപനം സര്‍ക്കാരും സ്വീകരിക്കുന്നത് ആശങ്കാജനകമാണ്. ഇതാദ്യമല്ല ക്രൈസ്തവര്‍ അടക്കമുള്ളവരുടെ എതിര്‍പ്പ് അവഗണിച്ച് വിക്‌ടോറിയന്‍ സര്‍ക്കാര്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. ധാര്‍മികവും മതപരവുമായ എതിര്‍പ്പുകളെ അവഗണിച്ച് ദയാവധം നിയമവിധേയമാക്കിയത് അടുത്തിടെയാണ്.

ലിംഗഭേദമില്ലാത്ത വാക്കുകള്‍ കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുകയല്ല ഈ പ്രചാരണത്തിന്റെ ലക്ഷ്യമെന്നു ക്രിസ് കാര്‍ട്ടര്‍ പറയുന്നു. മറിച്ച് വിവേചനവും ഒറ്റപ്പെടലും എല്‍.ജി.ബി.ടി.ക്യൂ.ഐ വ്യക്തികളിലും കുട്ടികളിലും ഉണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെ അഭിസംബോധന ചെയ്യുകയാണ് ഈ കാമ്പയിന്റെ ലക്ഷ്യം. അവരോട് സംസാരിക്കാനും അവരെ പിന്തുണയ്ക്കാനും ആളുകളെ പ്രോത്സാഹിപ്പിക്കും. എല്‍.ജി.ബി.ടി.ക്യൂ.ഐ സമൂഹത്തെ പരസ്യമായി പിന്തുണയ്ക്കുന്നത് വലിയ മാറ്റത്തിന് പ്രചോദനമാകുമെന്നും ക്രിസ് കാര്‍ട്ടര്‍ കൂട്ടിച്ചേര്‍ത്തു.
എല്‍.ജി.ബി.ടി.ക്യൂ.ഐ സമൂഹത്തെ ചേര്‍ത്തുനിര്‍ണമെന്ന ആഹ്വാനത്തെ പിന്തുണയ്ക്കുമ്പോഴും ഇത്തരം ആശയങ്ങള്‍ യുവതലമുറയില്‍ അടിച്ചേല്‍പിക്കുന്നതിനെ ആശങ്കയോടെ കാണുന്നവരുമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.