പോര്‍ട്ട് ഓ പ്രിന്‍സ്: വടക്കേ അമേരിക്കയിലെ കരീബിയന്‍ രാജ്യമായ ഹെയ്ത്തിയില്‍ അഞ്ചു വൈദികരെയും രണ്ടു കന്യാസ്ത്രീകളെയും തട്ടിക്കൊണ്ടുപോയി. അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തട്ടിക്കൊണ്ടു പോയവരില്‍ ഒരു വൈദികനും കന്യാസ്ത്രീയും ഫ്രാന്‍സില്‍ നിന്നുള്ള മിഷ്ണറിമാരുമാണ്.
ഹെയ്തിയുടെ തലസ്ഥാനമായ പോര്‍ട്ട് ഓ പ്രിന്‍സിന് വടക്കു കിഴക്ക് സ്ഥിതിചെയ്യുന്ന 'ക്രോയിക്സ് ഡെസ്ബൊക്കെറ്റ്' മുനിസിപ്പാലിറ്റിയില്‍ പുതിയ ഇടവക വികാരി ചുമതലയേല്‍ക്കുവാനിരിക്കെയാണ് ഒരു സംഘം വൈദികരെയും കന്യാസ്ത്രീകളെയും തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടു പോയവരെ നേരിടാന്‍ പൊരുതാന്‍ രാഷ്ട്രം നിലകൊള്ളണമെന്ന് ഹെയ്ത്തി റിലീജീയസ് (സിഎച്ച്ആര്‍) അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ ഫാ ഗില്‍ബര്‍ട്ട് പെല്‍ട്രോപ്പ് റോയിട്ടേഴ്‌സിനോട് പറഞ്ഞു.
അതേസമയം തട്ടിക്കൊണ്ടുപോയത് കുപ്രസിദ്ധമായ '400 മാവോസോ' സംഘമാണെന്ന് ഹെയ്തിയന്‍ വാര്‍ത്താ ഏജന്‍സി 'ജുനോ 7' റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഭരണകൂടം ഇക്കാര്യം സ്ഥീരീകരിച്ചിട്ടില്ല. ആയുധധാരികളുടെ സംഘമാണ് ഇവരെ കടത്തിക്കൊണ്ടുപോയതെന്നും 10 ലക്ഷം ഡോളര്‍ മോചനദ്രവ്യം ആവശ്യപ്പെട്ടെന്നും സൂചനകളുണ്ട്. ഫേസ്ബുക്കില്‍ തത്സമയം സംപ്രേഷണം ചെയ്ത വചനപ്രഘോഷണ ശുശ്രൂഷയ്ക്കിടെ ഒരു ഹെയ്തിയന്‍ പാസ്റ്ററെയും മറ്റ് മൂന്ന് പേരെയും തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയി ഒരു മാസം പിന്നിടും മുന്‍പാണ് അടുത്ത സംഭവവും നടന്നിരിക്കുന്നത്.
ഹെയ്തിയിലെ ബിഷപ്പ് എപ്പിസ്‌കോപ്പല്‍ കോണ്‍ഫറന്‍സിന്റെ വൈസ് പ്രസിഡന്റും അന്‍സെ-വയു എറ്റ് മിറാഗോണിന്റെ ബിഷപ്പുമായ ബിഷപ്പ് പിയറി-ആന്‍ഡ്രെ ഡുമാസ് സംഭവത്തെ അപലപിച്ചു. ഈ ക്രൂരമായ പ്രവൃത്തിക്ക് ഇരയായ എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയും ഇവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നുവെന്ന് ബിഷപ്പ് പറഞ്ഞു. മോചനദ്രവ്യം ലക്ഷ്യംവെച്ചു കൊണ്ടുള്ള തട്ടിക്കൊണ്ടുപോകല്‍ സംഭവങ്ങളുടെ എണ്ണം ഹെയ്തിയില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. വൈദികരുടെയും സന്യസ്തരുടെയും മോചനത്തിനായി ദേശീയ തലത്തില്‍ പ്രാര്‍ത്ഥനയും നടക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.