അലസാന്ദ്ര ഗല്ലോനി റോയിട്ടേഴ്‌സിന്റെ ആദ്യ വനിത എഡിറ്റര്‍ ഇന്‍ ചീഫ്

അലസാന്ദ്ര ഗല്ലോനി റോയിട്ടേഴ്‌സിന്റെ ആദ്യ വനിത എഡിറ്റര്‍ ഇന്‍ ചീഫ്

ലണ്ടന്‍: റോയിട്ടേഴ്‌സിന്റെ പുതിയ എഡിറ്റര്‍ ഇന്‍ ചീഫ് ആയി അലസാന്ദ്ര ഗല്ലോനിയെ നിയമിച്ചു. റോയിട്ടേഴ്സിന്റെ 170 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത ഈ സ്ഥാനത്തേക്ക് എത്തുന്നതെന്ന് ട്വിറ്ററിലൂടെ കമ്പനി അറിയിച്ചു. ഒരു പതിറ്റാണ്ടായി റോയിട്ടേഴ്സിനെ നയിച്ചതിനു ശേഷം സ്റ്റീഫന്‍ ജെ അഡ്ലര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഗല്ലോനിയുടെ നിയമനം.

റോമില്‍ നിന്നുള്ള ഗല്ലോനിക്ക് റോയിട്ടേഴ്സില്‍ ബിസിനസ്, രാഷ്ട്രീയം എന്നിവ സംബന്ധിച്ച വാര്‍ത്തകള്‍ കവര്‍ ചെയ്തതില്‍ വലിയ അനുഭവപരിചയമുണ്ട്. എഡിറ്റര്‍ ഇന്‍ ചീഫ് ആകുന്നതിനു മുമ്പ് അവര്‍ റോയിട്ടേഴ്സിന്റെ ഗ്ലോബല്‍ മാനേജിങ് എഡിറ്റര്‍ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു. 'പ്രതിഭാധനരും സ്വയം സമര്‍പ്പിതരും ഏറെ പ്രചോദിപ്പിക്കുന്നവരുമായ മാധ്യമപ്രവര്‍ത്തകര്‍ ഭാഗമായിട്ടുള്ള ഒരു ലോകോത്തര ന്യൂസ് റൂമിനെ നയിക്കാന്‍ അവസരം ലഭിച്ചത് ഒരു ബഹുമതിയായി കരുതുന്നു', ഗല്ലോനി പ്രസ്താവനയിലൂടെ പ്രതികരിച്ചു. ലോകമെമ്പാടും 200 സ്ഥലങ്ങളിലായി 2500 മാധ്യമപ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്ന റോയിട്ടേഴ്‌സ് ലോകത്തെ ഏറ്റവും വലിയ വാര്‍ത്താ ഏജന്‍സികളില്‍ ഒന്നാണ്.

റോയിട്ടേഴ്സില്‍ ഇറ്റാലിയന്‍ വാര്‍ത്താ റിപ്പോര്‍ട്ടര്‍ ആയാണ് ഗല്ലോനി തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. പിന്നീട് 13 വര്‍ഷക്കാലം അവര്‍ വാള്‍സ്ട്രീറ്റ് ജേര്‍ണലില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്ന് 2013-ലാണ് വീണ്ടും റോയിട്ടേഴ്സിലേക്ക് അതിന്റെ ദക്ഷിണ യൂറോപ്യന്‍ ബ്യൂറോയുടെ എഡിറ്ററായി തിരികെയെത്തുന്നത്. 'ഒരു മികച്ച എഡിറ്ററും മികച്ച സഹപ്രവര്‍ത്തകയുമായിരുന്ന വ്യക്തിക്ക് ഈ ബാറ്റണ്‍ കൈമാറാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്' - വിരമിക്കുന്ന എഡിറ്റര്‍ ഇന്‍ ചീഫ് സ്റ്റീഫന്‍ ജെ അഡ്ലര്‍ ട്വിറ്ററില്‍ കുറിച്ചു.

തങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താക്കളുമായി മികച്ച ബന്ധം നിലനിര്‍ത്തുക, റോയിട്ടേഴ്സിന്റെ ഡിജിറ്റല്‍, ഇവന്റ് ബിസിനസുകള്‍ വളര്‍ത്തുക എന്നീ സുപ്രധാനമായ ഉത്തരവാദിത്തങ്ങളാകും പുതിയ എഡിറ്റര്‍ ഇന്‍ ചീഫ് എന്ന നിലയില്‍ ഗല്ലോനിയെ കാത്തിരിക്കുന്നത്. നാല് ഭാഷകള്‍ സംസാരിക്കാന്‍ കഴിയുന്ന ഗല്ലോനിക്ക് 2020ല്‍ ജെറാള്‍ഡ് ലോബ്ഫൗണ്ടേഷന്റെ മിനാര്‍ഡ് എഡിറ്റര്‍ അവാര്‍ഡ്, ഓവര്‍സീസ് പ്രസ് ക്ലബ് അവാര്‍ഡ്, യു കെ ബിസിനസ് ജേര്‍ണലിസ്റ്റ് ഓഫ് ദി ഇയര്‍ അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 'വാര്‍ത്തയുടെ ഭാവിയെക്കുറിച്ച് ഗല്ലോനിക്ക് ശ്രദ്ധേയമായ കാഴ്ചപ്പാടുണ്ട്' - എന്നാണ് റോയിട്ടേഴ്സിന്റെ പ്രസിഡന്റ് മൈക്കല്‍ ഫ്രീഡന്‍ബര്‍ഗ് ഒരു പ്രസ്താവനയിലൂടെ പറഞ്ഞത്.

ആഗോളതലത്തില്‍ വിപുലമായ അന്വേഷണങ്ങള്‍ക്ക് ഒടുവിലാണ് ഗല്ലോനിയെ ഈ സ്ഥാനത്തേക്ക് നിയമിക്കാന്‍ തീരുമാനിക്കുന്നതെന്നും റോയിട്ടേഴ്സില്‍ എട്ട് വര്‍ഷത്തെ അനുഭവസമ്പത്തുള്ള ഗല്ലോനി ലണ്ടനിലെ ഓഫീസില്‍ ഇരുന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഏപ്രില്‍ 19-ന് തിങ്കളാഴ്ചയാകും അവര്‍ ഔദ്യോഗികമായി ചുമതലയേല്‍ക്കുക. ബ്രിട്ടീഷ് വാര്‍ത്താവിതരണ ഏജന്‍സിയായ റോയിട്ടേഴ്‌സ് തോംസണ്‍ റോയിട്ടേഴ്‌സ് കോര്‍പ്പറേഷന്റെ ഭാഗമായുള്ള സ്ഥാപനമാണ്. മറ്റു വാര്‍ത്താ ഏജന്‍സികളായ ദി അസോസിയേറ്റഡ് പ്രസ്, ബ്ലൂംബെര്‍ഗ് ന്യൂസ് തുടങ്ങിയവയാണ് പ്രധാന എതിരാളികള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.