സിഡ്‌നി: അഫ്ഗാനിസ്ഥാനില്‍നിന്ന് സെപ്റ്റംബറോടെ ഓസ്ട്രേലിയന്‍ സൈന്യത്തെ പിന്‍വലിക്കുമെന്നു പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. പതിറ്റാണ്ടുകളായി നടക്കുന്ന പോരാട്ടത്തില്‍ 41 ഓസ്ട്രേലിയക്കാര്‍ ഇതുവരെ കൊല്ലപ്പെട്ടതായി അവരുടെ പേരുകള്‍ വായിച്ച് വികാരാധീനനായി പ്രധാനമന്ത്രി പറഞ്ഞു. അഫ്ഗാനില്‍നിന്ന് അമേരിക്കന്‍ സൈന്യത്തെ സെപ്റ്റംബറില്‍ പിന്‍വലിക്കുമെന്നു യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് അവിടെ അവശേഷിക്കുന്ന 80 ഓസ്ട്രേലിയന്‍ സൈനികരെ തിരിച്ചുകൊണ്ടുവരുമെന്നു സ്‌കോട്ട് മോറിസണും പ്രഖ്യാപിച്ചത്.
അഫ്ഗാനിസ്ഥാനും താലിബാനും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ഓസ്ട്രേലിയയുടെ പിന്തുണ തുടരും. സമാധാത്തിനായി ഇരുവരെയും പ്രോത്സാഹിപ്പിക്കും. 39,000 ഓസ്ട്രേലിയക്കാരെ വിന്യസിച്ചതില്‍ 41 പേര്‍ കൊല്ലപ്പെട്ടു. അവരുടെ നഷ്ടം നികത്താനാകാത്തതാണ്. ത്യാഗം വളരെ വലുതും. പതിറ്റാണ്ടുകള്‍ നീണ്ട സേവനത്തിനിടെ നിരവധി പേര്‍ക്കു പരുക്കേറ്റു. ശാരീരികമായും മാനസികമായും മുറിവേറ്റവരുണ്ട്. അവരുടെ മുറിവുകള്‍ ഉണങ്ങാന്‍ നാം പിന്തുണ നല്‍കേണ്ടതുണ്ട്-സ്‌കോട്ട് മോറിസണ്‍ പറഞ്ഞു.
2001 സെപ്റ്റംബര്‍ 11 ന് അമേരിക്കയില്‍ നടന്ന ഭീകരാക്രമണത്തെത്തുടര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ വിന്യസിച്ച യു.എസ് സൈനികരെ പിന്തുണച്ചാണ് ഓസ്ട്രേലിയന്‍ സൈന്യവും എത്തിയത്.
ചില ഓസ്‌ട്രേലിയന്‍ സൈനികര്‍ അഫ്ഗാനിസ്ഥാനില്‍ കുറ്റകൃത്യങ്ങള്‍ ചെയ്‌തെന്ന ആരോപണത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, അക്കാര്യങ്ങള്‍ സംസാരിക്കാന്‍ ഇനിയും സമയമുണ്ടെന്നും ഇന്ന് അതിനുള്ള സമയമില്ലെന്നും മോറിസണ്‍ പറഞ്ഞു. സൈന്യത്തെ പിന്‍വലിച്ചാലും സര്‍ക്കാര്‍ അഫ്ഗാനിസ്ഥാനെ പിന്തുണയ്ക്കുന്നത് തുടരുമെന്ന് മോറിസണ്‍ പറഞ്ഞു. ഇനിയും അവിടുത്തെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും സമാധാനം സ്ഥാപിക്കുകയെന്ന സങ്കീര്‍ണ്ണമായ ദൗത്യത്തില്‍ പങ്കാളിയാവുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.