ഹൈദരാബാദിനെ 13 റണ്‍സിന് തോൽപ്പിച്ച് മുംബൈ ഇന്ത്യന്‍സ്

ഹൈദരാബാദിനെ 13 റണ്‍സിന് തോൽപ്പിച്ച് മുംബൈ ഇന്ത്യന്‍സ്

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ രണ്ടാം ജയം. 13 റണ്‍സിനാണ് ഹൈദരാബാദിനെ മുംബൈ തോല്‍പ്പിച്ചത്. സീസണിലെ ഹൈദരാബാദിന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയായിരുന്നു ഇത്.

ഒരു ഐപിഎല്‍ സീസണിലെ ആദ്യ മൂന്ന് മത്സരത്തിലും ഹൈദരാബാദ് തോല്‍ക്കുന്നത് ഇതാദ്യമായാണ്. ഹൈദരാബാദിനെതിരായ പ്രകടനത്തിലൂടെ ക്യാപ്റ്റനെന്ന നിലയില്‍ 4000 ടി20 റണ്‍സ് രോഹിത് പൂര്‍ത്തിയാക്കി. വിരാട് കോലി, എംഎസ് ധോണി, ഗൗതം ഗംഭീര്‍ എന്നിവര്‍ക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ഇന്ത്യന്‍ താരമാണ് രോഹിത്. ഹൈദരാബാദിനെതിരേ 25 പന്തില്‍ 32 റണ്‍സാണ് രോഹിത് നേടിയത്.

ഹൈദരാബാദിനെതിരേ 2 സിക്‌സറാണ് രോഹിത് നേടിയത്. ഇതോടെ ഐപിഎല്ലില്‍ കൂടുതല്‍ സിക്‌സര്‍ നേടുന്ന ഇന്ത്യന്‍ താരങ്ങളില്‍ എംഎസ് ധോണിയുടെ (216) റെക്കോഡ് രോഹിത് തകര്‍ത്തു. 217 സിക്‌സാണ് നിലവില്‍ രോഹിതിന്റെ പേരിലുള്ളത്.

മുംബൈ ഇന്ത്യന്‍സിന്റെ കീറോണ്‍ പൊള്ളാര്‍ഡ് 92 ക്യാച്ചുകള്‍ പൂര്‍ത്തിയാക്കി. ഇതോടെ ഒരു ഐപിഎല്‍ ടീമിനൊപ്പം കൂടുതല്‍ ക്യാച്ചെന്ന റെക്കോഡില്‍ സിഎസ്‌കെയുടെ സുരേഷ് റെയ്‌നയെ (91) മറികടക്കാന്‍ പൊള്ളാര്‍ഡിനായി. പൊള്ളാര്‍ഡ് മുംബൈക്കുവേണ്ടി മാത്രമാണ് ഐപിഎല്‍ കളിച്ചത്. കൂടാതെ ഹൈദരാബാദിനെതിരേ മൂന്ന് സിക്‌സുകള്‍ നേടിയതോടെ 200 സിക്‌സുകളെന്ന നാഴികക്കല്ലും പൊള്ളാര്‍ഡ് പിന്നിട്ടു. ക്രിസ് ഗെയ്ല്‍,എബി ഡിവില്ലിയേഴ്‌സ് എന്നിവരാണ് ഐപിഎല്ലില്‍ 200 സിക്‌സര്‍ ക്ലബ്ബിലുള്ള മറ്റ് വിദേശ താരങ്ങള്‍.

മുംബൈ ഇന്ത്യന്‍സ് ഓപ്പണറും വിക്കറ്റ് കീപ്പറുമായ ക്വിന്റന്‍ ഡീകോക്ക് 2000 റണ്‍സ് പൂര്‍ത്തിയാക്കി. ഹൈദരാബാദിനെതിരേ 40 റണ്‍സാണ് അദ്ദേഹം നേടിയത്. എബിഡി,ഡുപ്ലെസിസ്,കാലിസ്,ഡുമിനി എന്നിവരാണ് ഇതിന് മുൻപ് ഈ നേട്ടം സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍. 22 പന്തില്‍ 43 റണ്‍സുമായി ജോണി ബെയര്‍സ്‌റ്റോ കളം നിറഞ്ഞ് കളിച്ചെങ്കിലും ഹിറ്റ് വിക്കറ്റായാണ് പുറത്തായത്. ടൂര്‍ണമെന്റ് ചരിത്രത്തില്‍ ഇത് 13ാം തവണയാണ് ഒരു ബാറ്റ്‌സ്മാന്‍ ഹിറ്റ് വിക്കറ്റാവുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.