കോവിഡ്: ഇന്ത്യന്‍ യാത്രക്കാരെ വിലക്കി ബ്രിട്ടന്‍

 കോവിഡ്: ഇന്ത്യന്‍ യാത്രക്കാരെ വിലക്കി ബ്രിട്ടന്‍

ലണ്ടന്‍: കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയില്‍നിന്നുള്ള യാത്രക്കാരെ വെള്ളിയാഴ്ച്ച മുതല്‍ വിലക്കി ബ്രിട്ടന്‍. പത്ത് ദിവസത്തിനിടെ ഇന്ത്യ സന്ദര്‍ശിച്ച യു.കെ, ഐറിഷ് പൗരന്മാരല്ലാത്ത ആര്‍ക്കും ബ്രിട്ടനില്‍ പ്രവേശിക്കാന്‍ അനുമതി ഉണ്ടാവില്ല. പാക്കിസ്ഥാനും ബംഗ്ലാദേശും ഉള്‍പ്പെടുന്ന റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍നിന്ന് മടങ്ങിയെത്തുന്ന യുകെ പൗരന്മാര്‍ സര്‍ക്കാര്‍ അംഗീകാരമുള്ള ഹോട്ടലില്‍ 10 ദിവസം താമസിക്കണമെന്ന നിബന്ധനയുമുണ്ട്.

മുന്‍കരുതല്‍ എന്ന നിലയില്‍ ഇന്ത്യയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം എടുത്തതായി ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് അറിയിച്ചു. യു.കെയില്‍ കണ്ടെത്തിയ 103 കേസുകള്‍ ഇന്ത്യന്‍ വകഭേദമാണെന്ന് കണ്ടെത്തിയതായി ഹാന്‍കോക്ക് പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയിട്ടുണ്ട്.

അടുത്തയാഴ്ച അഞ്ചുദിവസമായിരുന്നു ബോറിസ് ജോണ്‍സണ്‍ ഇന്ത്യ സന്ദര്‍ശനം തീരുമാനിച്ചിരുന്നത്. ബ്രിട്ടനിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റിപ്പബ്ലിക് ദിനത്തില്‍ നിശ്ചയിച്ചിരുന്ന ഇന്ത്യ സന്ദര്‍ശനം ഏപ്രിലിലേക്കു മാറ്റുകയായിരുന്നു. ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് വീണ്ടും സന്ദര്‍ശനം മാറ്റിവെച്ചത്. ഈ മാസം അവസാനം പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബോറിസ് ജോണ്‍സണും ഫോണിലൂടെ സംസാരിക്കുമെന്നും ഭാവി പങ്കാളിത്തമുള്ള പദ്ധതികള്‍ അതുവഴി അംഗീകരിക്കുമെന്നും ബ്രിട്ടന്‍ പ്രസ്താവനയില്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.