''ഇവിടെയവശേഷിക്കയില്ലാരുമീ ഞാനും
ഇതു നിനക്കായ് ഞാന്‍ കുറിച്ചീടുന്നു
ഇനിയും മരിക്കാത്ത ഭൂമി
നിന്നാസന്നമൃതിയില്‍ നിനക്കാത്മശാന്തി...'
ഭൂമിയെ കുറിച്ചോര്‍ക്കുമ്പോള്‍ പ്രിയപ്പെട്ട കവി ഒ എന്‍ വി കുറുപ്പ് എഴുതിയ ഭൂമിയ്ക്ക് ഒരു ചരമ ഗീതം എന്ന കവിതയിലെ ഈ വരികള്‍ ഓര്‍ക്കാതിരിക്കാന്‍ ആവില്ല.
ഇന്ന് ഏപ്രില്‍ 22, ലോക ഭൗമ ദിനം. ഭൂമിയെ സംരക്ഷിക്കുക എന്ന ആശയം ജനങ്ങളില്‍ വളര്‍ത്തുന്നതിനായി 1970 ഏപ്രില്‍ 22-ന് അമേരിക്കന്‍ ഐക്യനാടുകളില്‍ തുടക്കം കുറിച്ച ഈ ആശയം, പിന്നീട് ലോകത്തിലെ 193ലധികം രാജ്യങ്ങളില്‍ ആചരിക്കുന്നു. ഭൗമ ദിനത്തിന്റെ അന്‍പത്തൊന്നാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വര്‍ഷത്തില്‍, ലോകത്തിന് മുന്നില്‍ വയ്ക്കുന്ന വലിയ ആശയവും ചിന്തയും ഭൂമിയെ പുനഃസ്ഥാപിക്കുക എന്നതാണ്. അങ്ങനെയൊരു മുദ്രാവാക്യം പ്രസക്തമാകും വിധം ഭൂമി ഒരു സര്‍വനാശത്തിന്റെ വക്കിലെത്തിയതായി ശാസ്ത്രലോകം ഭയപ്പെടുന്നു. കാലാവസ്ഥാ വ്യതിയാനവും അതിലൂടെ മനുഷ്യരാശിക്ക് സംഭവിക്കുന്ന മാറ്റങ്ങളും നാം ഓരോരുത്തരും സസൂക്ഷ്മം നിരീക്ഷിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കി തരുന്നതിനുള്ള അവസരം കൂടിയാണ് ഈ ദിനം നമുക്ക് മുന്നില്‍ വയ്ക്കുന്നത്.
പെട്ടന്നുണ്ടായ ഒരു ചിന്തയില്‍ നിന്നല്ല ഇത്തരം നിര്‍ണ്ണായക ഓര്‍മ്മ ദിനങ്ങള്‍ ഉണ്ടാകുന്നത്; മറിച്ച് അനുഭവങ്ങളിലൂടെയാണ് ഇത്തരം ഓരോ ഓര്‍മ്മപ്പെടുത്തലുകളും ഉടലെടുക്കുന്നത്. 1969-ല്‍ കാലിഫോര്‍ണിയയിലുള്ള സാന്റാ ബാര്‍ബറ എണ്ണ ചോര്‍ച്ചയില്‍ നഷ്ടമായത് ആയിരകണക്കിന് കടല്‍പ്പക്ഷികളെയും, ഡോള്‍ഫിനുകളെയും, സമുദ്ര ജീവികളെയുമാണ്. ഇതേ തുടര്‍ന്ന് ''പരിസ്ഥിതി അവകാശ ദിനം'' നിലവില്‍ വന്നു. തുടര്‍ന്ന് ഈ ഭൂമി മനുഷ്യന് മാത്രം പതിച്ചു കൊടുത്തിട്ടുള്ള ഒരു അവകാശമല്ലെന്നും, മറ്റു ജീവജാലങ്ങള്‍ക്ക് കൂടി സഹവസിക്കാനുള്ള അന്തരീക്ഷവും ശ്രദ്ധയും നാം പുലര്‍ത്തേണ്ടതുണ്ട് എന്ന വിശാല ചിന്തയും 1970 ഏപ്രില്‍ 22-ന് ലോക ഭൗമ ദിനത്തിന് തുടക്കമിടുന്നതിലൂടെ ലോകത്തിനു മുന്നില്‍ തുറന്നു പറയുന്നു.
മലിനമാകുന്ന ജലാശയങ്ങള്‍, മാന്തിയെടുക്കപ്പെടുന്ന മലകള്‍, കുന്നുകള്‍ തുടങ്ങി വെട്ടിക്കീറി ഭൂമിയെ വിവസ്ത്രയാക്കാന്‍ മഴകാടുകള്‍ വരെ വെട്ടിനിരത്തി കെട്ടിടങ്ങള്‍ പൊക്കിക്കെട്ടുന്നു. എല്ലാം പൊള്ളയായ ലാഭത്തിനു വേണ്ടിയെന്നോര്‍ക്കുമ്പോഴാണ് ദുഃഖം. ഭൂമിയ്ക്ക് വേണ്ടി സംസാരിക്കുകയും, ഭൂമിയുടെ അസ്ഥിവാരം വരെ തോണ്ടുന്നതിലും നാം സ്വാര്‍ത്ഥമനസ്സോടെ വ്യാപൃതരാവുന്നു. നമ്മുടെ പുതിയ തലമുറയ്ക്ക് കൈമാറാന്‍ വെട്ടിക്കീറിയ ഭൂമി കഷ്ടം!
കോവിഡ് മഹാമാരി ചരമഗീതം പാടി ആര്‍ത്തലയ്ക്കുന്ന ഈ വേളയിലെങ്കിലും ഭൂമിയെക്കുറിച്ച് ഓര്‍ക്കാന്‍ ഇനിയും മടികാണിക്കരുത്. വര്‍ഷങ്ങളായി നമ്മുടെ ജീവിത രീതികള്‍ ഭൂമിയെ ശ്വാസം മുട്ടിക്കുന്നുണ്ടാകാം, നാം ലളിതമായി അത് കണ്ടില്ലെന്നു നടിച്ചു. ഭൂമി മഹാമാരിയായി മനുഷ്യനെതിരെ തിരിച്ചടിക്കുന്നു. ഭൂമിയും പരിസ്ഥിതിയും സുരക്ഷിതമായെങ്കില്‍ മാത്രമേ അതിലെ ഒരു ജീവനായ മനുഷ്യനും നിലനില്പ്പുള്ളൂ.
കാലാവസ്ഥാമാറ്റം ലോകാവസാനമല്ല എന്ന ശുഭപ്രതീക്ഷ പകരുന്നതാണ് ഭൗമദിനാചരണത്തിന്റെ മുദ്രാവാക്യം. മുഖ്യമായും അത് യുവത്വത്തിലും വിദ്യാഭ്യാസത്തിലും പ്രതീക്ഷയര്‍പ്പിക്കുന്നു. ഗ്രെറ്റ തുന്‍ ബര്‍ഗ്, അലക്‌സാന്‍ഡ്രിയ വിലാസെനര്‍, ലിസിപ്രിയ കന്‍ഗുജം എന്നിവര്‍ നയിക്കുന്ന യുവജന ഉച്ചകോടിയോടെ തുടങ്ങിയ ഭൗമദിന പരിപാടികള്‍ ഭൂമിയ്ക്ക് പുതിയ വെളിച്ചം പകരുമെന്ന് പ്രതീക്ഷിക്കാം. നല്ല നാളേയ്ക്കായി സ്വപ്‌ന ഭൂമിയൊരുക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.