മോഡി സര്‍ക്കാര്‍ മത സ്വാതന്ത്ര്യം ഹനിക്കുന്നു; ഇന്ത്യയെ കരിമ്പട്ടികയില്‍ പെടുത്തണമെന്ന് യുഎസ് കമ്മീഷന്‍

മോഡി സര്‍ക്കാര്‍ മത സ്വാതന്ത്ര്യം ഹനിക്കുന്നു; ഇന്ത്യയെ കരിമ്പട്ടികയില്‍ പെടുത്തണമെന്ന് യുഎസ് കമ്മീഷന്‍

വാഷിംഗ്ടണ്‍: ഇന്ത്യയിലെ മത സ്വാതന്ത്ര്യത്തില്‍ ആശങ്കാ ജനകമായ സാഹചര്യങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ ഇന്ത്യയെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് യുഎസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം. മത സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇന്ത്യന്‍ ഭരണകൂടം നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്ന് നരേന്ദ്ര മോഡി സര്‍ക്കാരിന്റെ പേരെടുത്ത് പറഞ്ഞ് യുഎസ് കമ്മീഷന്‍ വിമര്‍ശിച്ചു.

ഇന്ത്യയെ കൂടാതെ റഷ്യ, വിയറ്റ്നാം, സിറിയ എന്നീ രാജ്യങ്ങളെയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും കമ്മീഷന്‍ പ്രസിഡന്റിനോടും കോണ്‍ഗ്രസിനോടും ശുപാര്‍ശ ചെയ്തു. ആശങ്കയുണ്ടാക്കുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയെ നിലവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഹിന്ദുത്വത്തെയും സമാന നയങ്ങളെയുമാണ് പ്രോത്സാഹിപ്പിക്കുന്നത്. ഇതോടെ മതസ്വാതന്ത്ര്യം ലംഘിക്കപ്പെടുകയാണ്. ആസൂത്രിതമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി നടക്കുന്നുണ്ടെന്ന് കമ്മീഷന്‍ അഭിപ്രായപ്പെടുന്നു. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലുണ്ടായ കലാപവും കമ്മീഷന്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

എന്നാല്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിനോട് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. കമ്മീഷന്‍ നേരത്തെയും സമാന നിരീക്ഷങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ അതെല്ലാം തള്ളിക്കളയുകയായിരുന്നു.
ചൈന, എറിത്രിയ, ഇറാന്‍, മ്യാന്‍മര്‍, വടക്കന്‍ കൊറിയ, പാകിസ്ഥാന്‍, സൗദി അറേബ്യ, താജിക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്താന്‍ എന്നീ രാജ്യങ്ങളെയാണ് കമ്മീഷന്‍ കരിമ്പട്ടികയില്‍ പെടുത്തിയിരിക്കുന്നത്. സാമ്പത്തിക ഉപരോധമടക്കമുള്ള നടപടികള്‍ ഈ രാജ്യങ്ങള്‍ക്ക് മേല്‍ ചുമത്തണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെടുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.