ഇന്ത്യയ്ക്ക് യു.എസ് കോവിഡ് വാക്‌സിന്‍ നല്‍കാത്തതില്‍ ജോ ബൈഡന്‍ ഭരണകൂടത്തിനു നേരേ വിമര്‍ശനമുയരുന്നു

ഇന്ത്യയ്ക്ക് യു.എസ് കോവിഡ്  വാക്‌സിന്‍ നല്‍കാത്തതില്‍ ജോ ബൈഡന്‍ ഭരണകൂടത്തിനു നേരേ വിമര്‍ശനമുയരുന്നു

വാഷിങ്ടണ്‍: കോവിഡ് രണ്ടാം തരംഗം രൂക്ഷമായ ഇന്ത്യയ്ക്ക് അധികമുള്ള വാക്‌സിന്‍ നല്‍കാത്തതില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളില്‍നിന്നു തന്നെ വിമര്‍ശനം. കോവിഡ് ബാധിതരുടെ എണ്ണം അനിയന്ത്രിതമായി കുതിച്ചുയരുന്ന രാജ്യങ്ങള്‍ക്ക് അസ്ട്രാസെനക്ക വാക്‌സിന്‍ ഡോസുകള്‍ നല്‍കണമെന്ന് ഇന്ത്യന്‍-അമേരിക്കന്‍ കോണ്‍ഗ്രസ്മാന്‍ രാജകൃഷ്ണമൂര്‍ത്തി ബൈഡന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ഇന്ത്യയിലെയും മറ്റു രാജ്യങ്ങളിലെയും ജനങ്ങള്‍ ജീവനു വേണ്ടി കരയുമ്പോള്‍ വാക്‌സിനുകള്‍ വെയര്‍ഹൗസില്‍ സൂക്ഷിക്കുന്നത് അനുവദിക്കാനാവില്ല. ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ അവ ലഭ്യമാക്കേണ്ടതുണ്ട്-അദ്ദേഹം പറഞ്ഞു.

40 ദശലക്ഷം ഡോസ് ആസ്ട്രാസെനക്ക വാക്‌സിന്‍ യുഎസിന്റെ കൈവശമുണ്ട്. ഉപയോഗിക്കാത്ത ഈ ശേഖരത്തില്‍നിന്ന് മെക്‌സിക്കോയ്ക്കും കാനഡയ്ക്കും ഇതിനകം വാക്‌സിന്‍ അനുവദിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ ഈ വൈറസ് പടരുന്നത് തടയാനും പൊതുജനാരോഗ്യത്തെ കരുതിയും സമ്പദ്വ്യവസ്ഥയുടെ സുരക്ഷിതത്വത്തിനും ഈ വാക്‌സിനുകള്‍ അമേരിക്ക ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ, അര്‍ജന്റീന തുടങ്ങി കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ രാജ്യങ്ങളിലേക്ക് ദശലക്ഷക്കണക്കിന് അസ്ട്രാസെനെക്ക വാക്‌സിന്‍ ഡോസുകള്‍ അയയ്ക്കണമെന്ന് താന്‍ ബൈഡന്‍ ഭരണകൂടത്തോട് ശക്തമായി ആവശ്യപ്പെടുകയാണെന്ന് കൃഷ്ണമൂര്‍ത്തി പറഞ്ഞു.

യുഎസിനാവശ്യമായ അളവില്‍ കവിഞ്ഞുള്ള വാക്‌സിന്‍ സംഭരണത്തില്‍നിന്ന് ഇന്ത്യയ്ക്കും മറ്റ് വാക്‌സിന്‍ ആവശ്യമുള്ള രാജ്യങ്ങള്‍ക്കും നല്‍കണമെന്ന് പ്രമുഖ ഡെമോക്രാറ്റംഗം എഡ് മാര്‍ക്കിയും ആവശ്യപ്പെട്ടു.

കഴിഞ്ഞ കുറച്ച് മാസങ്ങള്‍കൊണ്ട് ബൈഡന്‍ ഭരണകൂടം നേടിയെടുത്ത സല്‍പേര് നഷ്ടപ്പെട്ടതായി ബ്രൂക്കിംഗ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ തന്‍വി മദന്‍ ട്വീറ്റില്‍ പറഞ്ഞു. സഹായം വാഗ്ദാനം ചെയ്തുള്ള പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെയും ഇറാനിയന്‍ ധനമന്ത്രിയുടെയും ട്വീറ്റുകള്‍ ഇന്ത്യയിലെ ജനങ്ങള്‍ ഇപ്പോള്‍ കണ്ടിട്ടുണ്ടാവും. ഇതുകൂടാതെ റഷ്യയും ചൈനയും സഹായ വാഗ്ദാനം നല്‍കയിട്ടുണ്ട്. ശത്രുതയുള്ള രാജ്യം പോലും ഇന്ത്യയ്ക്ക് സഹായ വാഗ്ദാനം നല്‍കിയിട്ടും ഇന്ത്യയ്ക്ക് ഏറ്റവും അടുപ്പമുള്ള യുഎസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍നിന്ന് ഇങ്ങനെയൊന്നും കേട്ടില്ല. കഴിഞ്ഞ കുറച്ചുനാളുകള്‍ കൊണ്ട് ബൈഡന്‍ ഭരണകൂടം സ്വന്തമാക്കിയ സല്‍പേര് ഇതിലൂടെ നഷ്ടപ്പെടുകയാണെന്ന് മദന്‍ പറഞ്ഞു.

അസംസ്‌കൃതവസ്തുക്കളും വാക്‌സിനും ഉള്‍പ്പെടെ കോവിഡ് പ്രതിസന്ധി നേരിടാനാവശ്യമായ എല്ലാവിധ സഹായവും ഇന്ത്യയ്ക്ക് അടിയന്തരമായി നല്‍കണമെന്ന് ബൈഡന്‍ ഭരണകൂടത്തിന് മേല്‍ സമ്മര്‍ദമുണ്ടായിരുന്നു. യുഎസ് ചേംബര്‍ ഓഫ് കൊമേഴ്‌സ്, ജനപ്രതിനിധികള്‍, യുഎസ് സമൂഹത്തിലെ പ്രമുഖ ഇന്ത്യന്‍ വംശജര്‍ എന്നിവരുള്‍പ്പെടെ വിവിധ കോണുകളില്‍നിന്ന് ഈ ആവശ്യം ഉയര്‍ന്നിരുന്നു.

അതേസമയം, ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം അനിയന്ത്രിതമായി കുതിച്ചുയരുന്നതില്‍ യു.എസ്. കഴിഞ്ഞ ദിവസം ആശങ്ക പ്രകടിപ്പിരുന്നു. ഇന്ത്യയിലെ ജനങ്ങള്‍ക്ക് നിലവിലെ സാഹചര്യത്തെ അഭിമുഖീകരിക്കാനാവശ്യമായ എല്ലാവിധ പിന്തുണയും സഹായവും നല്‍കാനുള്ള നടപടികള്‍ യുഎസ് സ്വീകരിച്ചതായും ഇതിനായി ഇന്ത്യയിലെ ഭരണാധികാരികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കണ്‍ അറിയിച്ചു.

ഇന്ത്യയിലെ നിലവിലെ സ്ഥിതി വിലയിരുത്തി ആവശ്യമായ സഹായമെത്തിക്കാനായി ഇന്ത്യയിലെ രാഷ്ട്രീയനേതാക്കളും വിദഗ്ധരുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാരംഭിച്ചതായി ബൈഡന്റെ വക്താവായ ജെന്‍ സാക്കി വെള്ളിയാഴ്ച അറിയിച്ചിരുന്നു. ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇന്ത്യയിലേക്കുള്ള വാക്‌സിന്‍ കയറ്റുമതിയോ വാക്‌സിന്‍ നിര്‍മാണത്തിനാവസ്യമായ അസംസ്‌കൃതവസ്തുക്കളുടെ കയറ്റുമതി സംബന്ധിച്ചോ സാക്കി പ്രതികരിച്ചില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.