വാഷിങ്ടണ്‍: വിമര്‍ശനങ്ങള്‍ക്കൊടുവില്‍ കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യക്ക് പിന്തുണയുമായി അമേരിക്കയെത്തി. കൊവിഷീല്‍ഡ് വാക്‌സീന്‍ നിര്‍മിക്കാനാവശ്യമായ അംസസ്‌കൃത വസ്തുക്കള്‍ എത്രയും വേഗം ഇന്ത്യയിലേക്ക് അയക്കുമെന്ന് യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ പ്രസ്താവനയില്‍ അറിയിച്ചു. ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് അമേരിക്ക പ്രസ്താവന പുറത്തിറക്കിയത്. ഇക്കാര്യം വ്യക്തമാക്കി യു.എസ്. പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും ട്വീറ്റ് ചെയ്തു.
മഹാമാരിയുടെ ആദ്യകാലത്ത് ഞങ്ങളുടെ ആശുപത്രികള്‍ ബുദ്ധിമുട്ടിലായപ്പോള്‍ ഇന്ത്യ അമേരിക്കയ്ക്ക് സഹായം എത്തിച്ചിരുന്നു. അതുപോലെ ഇന്ത്യക്ക് ആവശ്യമുള്ള സമയത്ത് സഹായം നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്-ജോ ബൈഡന്‍ ട്വീറ്റില്‍ വ്യക്തമാക്കി. കോവിഡ് പ്രതിരോധിക്കാന്‍ ഇന്ത്യക്കൊപ്പം അമേരിക്കയും യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് കമലാ ഹാരിസ് പറഞ്ഞു. ഇന്ത്യയിലെ ജനങ്ങള്‍ക്കു വേണ്ടി പ്രാര്‍ഥിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ കോവിഡ് രണ്ടാംതരംഗം രൂക്ഷമായതിനു പിന്നാലെ ഇതാദ്യമായാണ് അമേരിക്കയുടെ ഉന്നത രാഷ്ട്രീയ നേതൃത്വം വിഷയത്തില്‍ പ്രതികരണം നടത്തുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയെ സഹായിക്കാന്‍ വൈകുന്നതില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഉന്നത നേതാക്കളില്‍നിന്നടക്കം ബൈഡനും കമലയ്ക്കും വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു.
പിപിഇ കിറ്റുകള്‍ റാപിഡ് കൊവിഡ് ടെസ്റ്റ് ഉപകരണങ്ങള്‍, വെന്റിലേറ്റേഴ്‌സ് എന്നിവയും ഇന്ത്യക്ക് ലഭ്യമാക്കും. ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാനും നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും ജേക്ക് സള്ളിവന്‍ പങ്കുവച്ച പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. യു.എസ് എംബസി, ഇന്ത്യന്‍ ആരോഗ്യ മന്ത്രാലയം, എപിഡമിക്ക് ഇന്റലിജന്‍സ് സെര്‍വീസ് സ്റ്റാഫ് എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, യുഎസ് എയിഡ് എന്നിവയില്‍ നിന്നായി വിദഗ്ധ സംഘത്തെ വിന്യസിച്ചതായും പ്രസ്താവനയില്‍ പറയുന്നു. ബൈഡന്‍ സര്‍ക്കാരിന്റെ ഈ നീക്കത്തിന് ഇന്ത്യന്‍-അമേരിക്കന്‍ സമൂഹത്തിന്റെ ഭാഗത്തുനിന്ന് അഭിനനന്ദനം ലഭിച്ചിരുന്നു.
ഏഴ് പതിറ്റാണ്ടായി ഇന്ത്യയും അമേരിക്കയും തമ്മില്‍ നിലനില്‍ക്കുന്ന ആരോഗ്യരംഗത്തെ പരസ്പര സഹകരണം തുടരുമെന്നും ഇന്ത്യക്ക് ആവശ്യമായ എല്ലാം സഹായങ്ങളും നല്‍കാന്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി സദാ ബന്ധം പുലര്‍ത്താന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചതായും പ്രസ്താവന വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.