ഇന്ത്യയില്‍നിന്നുള്ള എല്ലാ യാത്രാവിമാനങ്ങളെയും വിലക്കാനൊരുങ്ങി ഓസ്‌ട്രേലിയ; തിരിച്ചുവരാന്‍ കാത്തിരിക്കുന്നത് 9000 പേര്‍

ഇന്ത്യയില്‍നിന്നുള്ള എല്ലാ യാത്രാവിമാനങ്ങളെയും വിലക്കാനൊരുങ്ങി ഓസ്‌ട്രേലിയ; തിരിച്ചുവരാന്‍ കാത്തിരിക്കുന്നത് 9000 പേര്‍

സിഡ്‌നി/പെര്‍ത്ത്: ഓസ്ട്രേലിയയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ ഇന്ത്യയില്‍നിന്നുള്ള എല്ലാ വിമാനങ്ങളെയും വിലക്കുമെന്നു സൂചന. ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാന്‍
ഓസ്ട്രേലിയയുടെ ദേശീയ സുരക്ഷാ സമിതി ചൊവ്വാഴ്ച യോഗം ചേരും. നിരവധി മലയാളികള്‍ അടക്കം 9000-ല്‍ അധികം ഓസ്ട്രേലിയന്‍ പൗരന്മാര്‍ തിരിച്ചുവരാന്‍ കാത്തിരിക്കുമ്പോഴാണ് നാളത്തെ ഈ നിര്‍ണായക യോഗം.

അതേസമയം, കോവിഡ് വ്യാപനം അതിരൂക്ഷമായ ഇന്ത്യയ്്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഓക്‌സിജന്‍ അടക്കമുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ അയയ്ക്കുന്നതു സംബന്ധിച്ചും ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ നാളത്തെ യോഗത്തില്‍ തീരുമാനമെടുക്കും.

വിദേശകാര്യ വാണിജ്യ വകുപ്പിന്റെ കണക്കനുസരിച്ച് നിലവില്‍ ഇന്ത്യയില്‍നിന്ന് 9000-ല്‍ അധികം ഓസ്ട്രേലിയന്‍ പൗരന്മാരാണ് തിരിച്ചുവരാന്‍ കാത്തിരിക്കുന്നത്. കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങളുടെ എണ്ണം 30 ശതമാനം വെട്ടിക്കുറച്ചിരുന്നു.

പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ നാട്ടിലെ ചടങ്ങുകള്‍ക്കായി പൗരന്മാരെ രാജ്യം വിടാന്‍ അനുവദിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സമീപനത്തിനെതിരേ സംസ്ഥാന സര്‍ക്കാരുകള്‍ രംഗത്തെത്തി. ഇക്കാര്യത്തില്‍ നയം വ്യക്തമാക്കി പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ പ്രീമിയര്‍ മാര്‍ക്ക് മക്ഗോവനാണ് ആദ്യം രംഗത്തുവന്നത്.
വിദേശത്തുള്ള കുടുംബങ്ങളിലെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോലും ഓസ്ട്രേലിയക്കാരെ രാജ്യം വിടാന്‍ അനുവദിക്കരുതെന്ന് മാര്‍ക്ക് മക്ഗോവന്‍ ആവശ്യപ്പെട്ടു.
പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ സംസ്ഥാനത്ത് മൂന്നു ദിവസത്തെ ലോക്ക്ഡൗണിന് കാരണമായ കോവിഡ് കേസ് ഉണ്ടായത് വിവാഹത്തിനായി ഇന്ത്യയിലേക്ക് പോയി തിരിച്ചുവന്ന ഒരാളില്‍നിന്നാണെന്നു മാര്‍ക്ക് മക്ഗോവന്‍ പറഞ്ഞു.

രാജ്യത്ത് നിലവിലുള്ള യാത്രാ നിരോധനത്തില്‍ വിവാഹത്തിനായി രാജ്യം വിടാന്‍ പ്രത്യേകമായി അനുവദിക്കുന്നില്ലെങ്കിലും നിര്‍ബന്ധിത കാരണത്താല്‍ ഓസ്ട്രേലിയക്കാര്‍ക്ക് മൂന്ന് മാസമോ അതില്‍ കൂടുതലോ പോകാന്‍ ഇളവ് ലഭിക്കും.

വിവാഹത്തിനോ മരണത്തിനോ ഈ രാജ്യം വിട്ട് പോകാന്‍ ആളുകളെ അനുവദിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കായിക മത്സരങ്ങളില്‍ പങ്കെടുക്കാനും വിദ്യാഭ്യാസത്തിനും ശവസംസ്‌കാര ചടങ്ങുകള്‍ക്കും വിവാഹങ്ങള്‍ക്കുമായി ആളുകള്‍ രാജ്യത്തുനിന്നു പുറത്തുപോകുന്നുണ്ട്. ഇപ്പോള്‍ ഇവയൊന്നും അനിവാര്യമല്ല. നിങ്ങള്‍ക്ക് ഇവിടെ പഠിക്കാം, നിങ്ങള്‍ക്ക് ഇവിടെ വിവാഹം കഴിക്കാം. ഈ പേരിലുള്ള അന്തര്‍ദ്ദേശീയ യാത്രകള്‍ നിര്‍ത്തേണ്ടതുണ്ട്-മക്ഗോവന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26