സിഡ്‌നി: ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ച രണ്ടു പേര്‍ മരിച്ചു. മരണം വാക്‌സിന്റെ പാര്‍ശ്വഫലം മൂലമാണോ എന്നറിയാന്‍ തെറപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷന്‍ (ടി.ജി.എ) പരിശോധന തുടരുകയാണ്. അന്‍പതു വയസുള്ള ഒരാള്‍ ടാംവര്‍ത്തിലെ ആശുപത്രിയില്‍ ഏപ്രില്‍ 21-നും എഴുപതു വയസുള്ള മറ്റൊരാള്‍ സിഡ്‌നിയില്‍ വച്ചുമാണ് മരിച്ചത്. ഇരുവരുടെയും മരണം വാക്‌സിന്റെ പാര്‍ശ്വഫലം മൂലമാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.
ടാംവര്‍ത്തില്‍ മരിച്ച വ്യക്തിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് അടുത്ത ബന്ധു പ്രാദേശിക പത്രത്തോട് പറഞ്ഞു. രോഗിക്ക് രക്തം കട്ടപിടിച്ചതായി ആശുപത്രി ജീവനക്കാര്‍ തന്നോടു പറഞ്ഞതായി കുടുംബാംഗം പറഞ്ഞു. ശ്വാസകോശത്തില്‍ രക്തം കട്ടപിടിച്ചാണ് ടാംവര്‍ത്ത് സ്വദേശി മരിച്ചത്.
രണ്ടു രോഗികളുടെ മെഡിക്കല്‍ ചരിത്രം, മരണത്തിനിടയാക്കിയ ഘടകങ്ങള്‍, നല്‍കിയ മരുന്നുകള്‍ എന്നിവ ടി.ജി.എ പരിശോധിക്കും. വാക്‌സിനുമായി ബന്ധിപ്പിക്കാവുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും പരിശോധനാ ഫലങ്ങള്‍ സൂക്ഷ്മമായി അവലോകനം ചെയ്യുകയാണെന്ന് ടി.ജി.എ പറഞ്ഞു.
അതേസമയം, ആസ്ട്രാസെനക വാക്‌സിന്‍ സ്വീകരിച്ചശേഷം ഉണ്ടായ ഈ രണ്ട് മരണങ്ങള്‍ വാക്‌സിന്റെ പാര്‍ശ്വഫലം മൂലമാകാന്‍ സാധ്യതയില്ലെന്ന് ഓസ്ട്രേലിയയിലെ ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷന്‍ മേധാവി പ്രൊഫ. ജോണ്‍ സ്‌കെറിറ്റ് പറഞ്ഞു. നിലവില്‍ കിട്ടിയ പരിശോധനാ ഫലങ്ങള്‍ പ്രതിരോധ കുത്തിവയ്പ്പിന് മരണവുമായി ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ അപര്യാപ്തമാണ്.
ഓസ്‌ട്രേലിയയില്‍ ഓരോ ആഴ്ചയും 3,000 ആളുകള്‍ പലതരം കാരണങ്ങളാല്‍ മരിക്കുന്നുണ്ട്. മരണത്തിന് മുമ്പുള്ള ആഴ്ചകളില്‍ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ വിവിധ തരത്തിലുള്ള നിരവധി മെഡിക്കല്‍ ട്രീറ്റ്‌മെന്റുകള്‍ എടുക്കും. അതുകൊണ്ട്
കോവിഡ് വാക്‌സിന്‍ മരണത്തിന് കാരണമായി എന്നു പറയാനാകില്ല-അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് എന്തെങ്കിലും തരത്തിലുള്ള നിഗമനത്തിലെത്തിച്ചേരുന്നതില്‍നിന്ന് പൊതുജനങ്ങളും മാധ്യമങ്ങളും ജാഗ്രത പാലിക്കണമെന്നും സ്‌കെറിറ്റ് പറഞ്ഞു.
നേരത്തെ 48 വയസുകാരിയായ ഓസ്‌ട്രേലിയന്‍ യുവതി രക്തം കട്ടപിടിച്ച് മരിച്ചത് അസ്ട്രാസെനെക വാക്‌സിനുമായി ബന്ധമുണ്ടെന്ന് ടി.ജി.എ സ്ഥിരീകരിച്ചിരുന്നു. രക്തം കട്ട പിടിച്ച കേസുകളില്‍ ആദ്യത്തെ മരണമായിരുന്നു ഇത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.