കോവിഡ്: കോവിഡ് രൂക്ഷമായ ഇന്ത്യയില്‍നിന്ന് ഓസ്ട്രേലിയയില്‍ എത്താനുള്ള എല്ലാ സാധ്യതകളും അടച്ച് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍. ഇന്ത്യയില്‍നിന്ന് ഖത്തര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വഴി ഓസ്ട്രേലിയയിലെത്താനുള്ള പഴുതുകളാണ് പൂര്‍ണമായി അടച്ചതായി പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പ്രഖ്യാപിച്ചത്. ഇതോടെ ഇന്ത്യയിലടക്കം കുടുങ്ങിക്കിടക്കുന്ന ഓസ്ട്രേലിയന്‍ പൗരന്മാരുടെ തിരിച്ചുവരവ് അനിശ്ചിതമായി നീളുമെന്നുറപ്പായി.
ഇന്ത്യയില്‍ കോവിഡ് വ്യാപനം നിയന്ത്രണാതീതമായി കുതിച്ചുയരുന്നതോടെ ഈ ആഴ്ച ആദ്യം ഇന്ത്യയില്‍ നിന്നുള്ള എല്ലാ വിമാനങ്ങള്‍ക്കും ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയിരുന്നു. എങ്കിലും ചില ഓസ്ട്രേലിയന്‍ പൗരന്മാര്‍ ദോഹ വഴിയുള്ള കണക്ഷന്‍ ഫ്‌ളൈറ്റുകളില്‍ നാട്ടിലെത്തിയതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടു.
ഇന്ത്യയില്‍നിന്ന് ദോഹ വഴി യാത്രക്കാര്‍ക്ക് ഓസ്‌ട്രേലിയയില്‍ എത്താന്‍ ഇപ്പോഴും സാധ്യമാണെന്ന് ഖത്തര്‍ എയര്‍വേസ് വ്യക്തമാക്കിയിരുന്നു. ദോഹയില്‍ എത്തുന്നതിന് 48 മണിക്കൂര്‍ മുമ്പ് എടുത്ത കോവിഡ് പരിശോധന നെറ്റഗീവായതിന്റെ രേഖകള്‍ കൈവശമുണ്ടായാല്‍ മതി.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന രണ്ട് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍ ഫെഡറല്‍ സര്‍ക്കാരിന്റെ പ്രത്യേക അനുമതിയോ ഇളവുകളോ ഇല്ലാതെ വ്യാഴാഴ്ച ദോഹ വഴി നാട്ടില്‍ തിരിച്ചെത്തിയിരുന്നു. ഈ വിഷയം ഖത്തറിലെ വിമാനക്കമ്പനികളുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ടെന്നു സ്‌കോട്ട് മോറിസണ്‍ പറഞ്ഞു. അതിനാല്‍ ഇനി ഇന്ത്യയില്‍നിന്ന് ദോഹ വഴിയുള്ള കണക്ഷന്‍ ഫ്‌ളൈറ്റുകള്‍ ഓസ്ട്രേലിയയിലേക്കുണ്ടാവില്ല. സിംഗപ്പൂര്‍, ക്വാലാലംപൂര്‍ എന്നിവിടങ്ങളില്‍നിന്ന് വരാനുള്ള സാധ്യതകളും പൂര്‍ണമായി ഇല്ലാതാക്കിയതായി പ്രധാനമന്ത്രി അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.