ഗര്‍ഭസ്ഥ ശിശുവുമായി 'മമ്മി'; കണ്ടെത്തല്‍ ലോക ചരിത്രത്തിലാദ്യം

ഗര്‍ഭസ്ഥ ശിശുവുമായി 'മമ്മി'; കണ്ടെത്തല്‍ ലോക ചരിത്രത്തിലാദ്യം

വാര്‍സ: പുരോഹിതന്റെ മമ്മി എന്ന നിഗമനത്തില്‍ പുരാവസ്തു ഗവേഷകര്‍ പരിശോധന നടത്തിയ മമ്മി ഗര്‍ഭിണിയായ സ്ത്രീയുടേതാണെന്ന് കണ്ടെത്തി. ചരിത്രത്തിലാദ്യമായാണ് ഒരു ഗര്‍ഭിണിയുടെ മമ്മി തിരിച്ചറിയുന്നത്.

ഹോര്‍-ഡിഹൂട്ടി എന്ന പുരാതന ഈജിപ്ഷ്യന്‍ പുരോഹിതന്റെ മമ്മിയാണെന്നു കരുതി പോളണ്ടിലെ പുരാവസ്തു ഗവേഷകര്‍ മമ്മി സ്‌കാന്‍ ചെയ്യപ്പോഴാണ് ശരീരത്തിന്റെ അടിവയറ്റില്‍ ഒരു കുഞ്ഞിന്റെ ശരീരഭാഗങ്ങളും കണ്ടെത്തിയത്. കൂടുതല്‍ പരിശോധനയില്‍ ഭ്രൂണം ഇപ്പോഴും അമ്മയുടെ ഉദരത്തില്‍ അവശേഷിക്കുന്നുണ്ടെന്നു വ്യക്തമായി. 


1826ലാണ് ഈ മമ്മി വാര്‍സയിലെത്തുന്നത്. ഒരു പുരോഹിതന്റെ മമ്മിയെന്നാണ് ഇതിന്റെ പുറത്ത് എഴുതിയിരുന്നത്. എന്നാല്‍ മമ്മി പുറത്തെടുത്തപ്പോള്‍ സ്തനവും നീണ്ട മുടിയും കണ്ടെത്തി. തുടര്‍ന്നാണ് വിദഗ്ധ പരിശോധന നടത്താന്‍ തീരുമാനിച്ചത്. കൂടുതല്‍ പരിശോധന നടത്തിയ സംഘം ചെറിയ കുഞ്ഞിക്കൈയും കുഞ്ഞിക്കാലും കണ്ടെത്തി. തുടര്‍ന്ന് ഇത് സ്ത്രീയുടേതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നെന്ന് നരവംശ ശാസ്ത്രജ്ഞനായ മാര്‍സെന ഒസാറെക സില്‍കെ പറഞ്ഞു. 2000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവിച്ചിരുന്നതാകാം ഈ യുവതി എന്നാണ് വിദഗ്ധ സംഘം വിലയിരുത്തുന്നത്.

നിരവധി ചോദ്യങ്ങളിലേക്കാണ് ഈ മമ്മിയുടെ കണ്ടെത്തല്‍ ഗവേഷകരെ കൊണ്ടുചെന്നെത്തിക്കുന്നത്. ആരായിരുന്നു ഈ സ്ത്രീ? ഗര്‍ഭസ്ഥശിശുവുമായി എങ്ങനെയാണ് അവര്‍ മരിച്ചത്? തുടങ്ങിയ ചോദ്യങ്ങള്‍ അവശേഷിക്കുകയാണ്. മിസ്റ്റീരിയസ് ലേഡി എന്ന് പേരിട്ട മമ്മിയെ പോളണ്ടിലെ വാര്‍സ നാഷണല്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്.

അജ്ഞാതമായ കാരണങ്ങളാല്‍, മമ്മിയാക്കുന്ന സമയത്ത് ഭ്രൂണത്തെ അടിവയറ്റില്‍ നിന്ന് നീക്കം ചെയ്തിട്ടില്ലെന്നു ഗവേഷണത്തിനു നേതൃത്വം നല്‍കിയ പോളിഷ് അക്കാദമി ഓഫ് സയന്‍സസിലെ പുരാവസ്തു ഗവേഷകന്‍ വോജ്സിക് എജ്മണ്ട് പറഞ്ഞു. അതുകൊണ്ടുതന്നെ ഈ മമ്മി വിശിഷ്ടമാണ്. ഗര്‍ഭപാത്രത്തില്‍ കുഞ്ഞുമായി ലോകത്ത് ഇതുവരെ തിരിച്ചറിഞ്ഞ ഒരേയൊരു മമ്മിയാണിതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

20നും 30നും ഇടയില്‍ പ്രായമുള്ള സ്ത്രീയുടെ മമ്മിയാണെന്നാണ് നിഗമനം. കുഞ്ഞിന്റെ തലയോട്ടി സംഘം പരിശോധനക്ക് വിധേയമാക്കി. അതില്‍ കുഞ്ഞിന് 26-30 ആഴ്ച പ്രായമുള്ളതാണെന്ന് തിരിച്ചറിഞ്ഞു. സംഘത്തിന്റെ കണ്ടെത്തലുകള്‍ വാര്‍സയിലെ നാഷണല്‍ മ്യൂസിയത്തിലെ ആര്‍കിയോളജിക്കല്‍ സയന്‍സ് ജേണലില്‍ ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മികച്ച രീതിയിലുള്ള എംബാമിങാണ് മൃതദേഹം കേടുകൂടാതെയിരിക്കാന്‍ കാരണം.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.